Connect with us

Kerala

ഏകീകൃത സിവില്‍ കോഡ്: വഹാബിന്റെ പരാമര്‍ശം പോസിറ്റീവായി കണ്ടാല്‍ മതി; ഭാവിയില്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കണം: പി കെ കുഞ്ഞാലിക്കുട്ടി

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ജനാധിപത്യ പാര്‍ട്ടികള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കണം

Published

|

Last Updated

തിരുവനന്തപുരം |  ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരായ പി വി വഹാബ് എം പിയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. വിഷയത്തില്‍ ജാഗ്രത വേണമെന്ന നിലയില്‍ പോസിറ്റീവായി അതിനെ കണ്ടാല്‍ മതിയെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പ്രസംഗമധ്യേ വിഷയത്തിന്റെ ഗൗരവമാണ് വഹാബ് സൂചിപ്പിച്ചത്. അതിനെ പെരുപ്പിച്ച് കാണിക്കേണ്ടതില്ല. ഏകീകൃത സിവില്‍ കോഡ് ഏറെ ഗൗരവമുള്ള വിഷയമാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ജനാധിപത്യ പാര്‍ട്ടികള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കണം. സഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ അവരുടെ മെമ്പറുണ്ടായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ വിശദീകരിച്ചിട്ടുണ്ട്. ഭാവിയില്‍ എല്ലാരും ശ്രദ്ധിക്കേണ്ട വിഷയമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എക സിവില്‍ കോഡിലെ സ്വകാര്യ ബില്ലവതരണത്തില്‍ കോണ്‍ഗ്രസ്സിനെതിരെ ശക്തമായ വിമര്‍ശമാണ് പി വി അബ്ദുള്‍ വഹാബ് എം പി ഉന്നയിച്ചത്. ദേശീയ തലത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ നേതൃസ്ഥാനത്ത് ഇപ്പോള്‍ കോണ്‍ഗ്രസ് ഇല്ലെന്നും പ്രതിപക്ഷ നിരയില്‍ ഇപ്പോള്‍ ദേശീയ തലത്തില്‍ ഒരുമ ഇല്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എകസിവില്‍ കോഡിലെ സ്വകാര്യ ബില്ലവതരണ സമയത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യ സഭയില്‍ ഇല്ലാതിരുന്നത് വലിയ വീഴ്ചയാണെന്നും താന്‍ അത് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും പി വി അബ്ദുള്‍ വഹാബ് വ്യക്തമാക്കി.

 

Latest