Connect with us

Uae

ഇന്ന് അന്താരാഷ്ട്ര സമാധാന ദിനം; സഹവര്‍ത്തിത്വത്തിന്റെ ആഗോള മാതൃകയായി യു എ ഇ

ലോകമെമ്പാടും സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേട്ടങ്ങളുടെ സമ്പന്നമായ ചരിത്രമാണ് യു എ ഇക്കുള്ളത്.

Published

|

Last Updated

ദുബൈ | ഇന്ന് അന്താരാഷ്ട്ര സമാധാന ദിനം. ആഗോള സമാധാനത്തിനും സഹിഷ്ണുതയ്ക്കും പ്രതിബദ്ധതയുടെ സുപ്രധാന ആഗോള കേന്ദ്രമെന്ന നിലയില്‍ യു എ ഇ ഈ ദിനാചരണത്തില്‍ ഏറെ പ്രാധാന്യം നേടുന്നു. ലോകമെമ്പാടും സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേട്ടങ്ങളുടെ സമ്പന്നമായ ചരിത്രമാണ് യു എ ഇക്കുള്ളത്. ആഗോള സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിനും മനുഷ്യരുടെ പുരോഗതിക്കും ക്ഷേമത്തിനും പ്രയോജനപ്പെടുന്ന വികസനത്തിന്റെ എല്ലാ വശങ്ങളും പരിപോഷിപ്പിക്കുന്നതിനും വേണ്ടി ഈ രാജ്യം പ്രതിജ്ഞ ചെയ്തിട്ടുണ്ട്. അതിന്റെ ശ്രമങ്ങള്‍ അതുല്യവുമാണ്. വ്യത്യസ്ത പശ്ചാത്തലങ്ങളിലും സംസ്‌കാരങ്ങളിലുമുള്ള ജനങ്ങള്‍ക്കിടയില്‍ സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും ആഗോള മാതൃകയായി യു എ ഇ ഉയര്‍ന്നുവന്നിട്ടുണ്ട്.

യു എന്‍ ജനറല്‍ അസംബ്ലിയുടെ പ്രഖ്യാപനമനുസരിച്ചാണ് സെപ്തംബര്‍ 21 അന്താരാഷ്ട്ര സമാധാന ദിനമായി ആചരിക്കുന്നത്. അഹിംസയിലൂടെയും വെടിനിര്‍ത്തലിലൂടെയും സമാധാനത്തിന്റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സമര്‍പ്പിക്കപ്പെട്ട ദിനമാണിത്. ‘സമാധാനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍: ആഗോള ലക്ഷ്യങ്ങള്‍ക്കായുള്ള ഞങ്ങളുടെ അഭിലാഷം’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

സമാധാനം പരിപോഷിപ്പിക്കുന്നതിനുള്ള കൂട്ടായ ഉത്തരവാദിത്തത്തെ അംഗീകരിച്ചു കൊണ്ട് വിവിധ സമാധാന പരിപാലന സംരംഭങ്ങളിലും പ്രവര്‍ത്തനങ്ങളിലും യുണൈറ്റഡ് അറബ് എമിറേറ്റ്സിന് വിപുലമായ പ്രവര്‍ത്തന ചരിത്രമാണുള്ളത്.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി, രാജ്യം നിരവധി അന്താരാഷ്ട്ര സമാധാന പരിപാലന ശ്രമങ്ങളില്‍ സജീവ പങ്കുവഹിച്ചിട്ടുണ്ട്. ബാധിത സമൂഹങ്ങളിലെ ഭീകരമായ ആഘാതങ്ങള്‍ ലഘൂകരിക്കുക എന്നത് യു എ ഇ പ്രാധാന്യത്തോടെ ഏറ്റെടുക്കുന്ന പ്രവര്‍ത്തനമാണ്. കലഹവും പ്രക്ഷുബ്ധതയും നേരിടുന്ന പ്രദേശങ്ങളിലെ മനുഷ്യ ജീവനുകള്‍ക്ക് സഹായമാകാന്‍ ആശ്വാസത്തിന്റെ പാലം തീര്‍ത്ത രാജ്യമാണ് യു എ ഇ. അത് അനുദിനം തുടരുകയും ചെയ്യുന്നു.

ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി യു എ ഇ ശക്തമായ നയതന്ത്രബന്ധം വളര്‍ത്തിയെടുത്തിട്ടുണ്ട്. പരസ്പര ബഹുമാനം, സംഭാഷണത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും സംഘര്‍ഷ പരിഹാരത്തിനുള്ള പ്രതിബദ്ധത, നീതിക്ക് വേണ്ടിയുള്ള അചഞ്ചലമായ പിന്തുണ, അന്താരാഷ്ട്ര സ്ഥിരതയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമര്‍പ്പണം എന്നീ തത്വങ്ങളിലാണ് ഈ ബന്ധങ്ങള്‍ രാജ്യം
സ്ഥാപിച്ചിരിക്കുന്നത്.

യു എ ഇയുടെ മണ്ണ് 200-ലധികം വ്യത്യസ്ത ദേശീയതകളില്‍ നിന്നുള്ള നിവാസികളുടെ ഭവനമാണ് എന്നത് തന്നെ ഈ രാജ്യത്തിന്റെ സഹിഷ്ണുതയുടെ നിദര്‍ശനമാണ്. യു എ ഇ 190-ലധികം രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിച്ചു. 110-ലധികം വിദേശ എംബസികളും 73 കോണ്‍സുലേറ്റുകളും പ്രവര്‍ത്തിക്കുന്നു.

2019-ല്‍ സ്ഥാപിതമായ സായിദ് അവാര്‍ഡ്, ലോകമെമ്പാടുമുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിന് വേണ്ടി പോരാടുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന ഒരു അഭിമാനകരമായ സംരംഭമാണ്. യു എ ഇയുടെ സ്ഥാപക പിതാവും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും അര്‍പ്പണബോധമുള്ള വക്താവുമായ പരേതനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പേരിലുള്ള ഈ അവാര്‍ഡ് ഒരു മില്യണ്‍ യു എസ് ഡോളറിന്റെ സാമ്പത്തിക മൂല്യമുള്ളതാണ്. കത്തോലിക്കാ സഭയുടെ തലവനായ വിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ, അല്‍-അസ്ഹറിന്റെ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍ തയീബ്, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവര്‍ ഈ അവാര്‍ഡ് നേടിയവരില്‍ പെടും.

2011 ല്‍ സ്ഥാപിതമായ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വേള്‍ഡ് പീസ് അവാര്‍ഡ് വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങള്‍ക്കിടയിലുള്ള പരിഷ്‌കൃത ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സമാധാന പരിപാലനത്തില്‍ മുന്‍കൈയുടെയും മികവിന്റെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ്.

സ്നേഹത്തിനും സാഹോദര്യത്തിനും വേണ്ടി വാദിക്കുകയും വിഭജനവും തീവ്രവാദവുമായ ആശയങ്ങള്‍ക്കെതിരെ പോരാടുകയും ഐക്യത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശം പ്രകാശിപ്പിക്കുകയും ചെയ്യുന്ന, ഭൂമിയിലെ ഒരു തുരുത്തായി യു എ ഇ മുന്നേറുകയാണ്. സ്ഥാപക പിതാവ് ശൈഖ് സായിദ് കാണിച്ച വഴിയില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന ഭരണ നേതൃത്വം മികച്ച ആഗോള സമാധാന അംബാസര്‍ഡര്‍മാരുമാണ്.

 

Latest