ഫീച്ചർ
ഈ മനുഷ്യന്റെ ജീവിതം വായനയുടെ രക്ഷക്ക്
മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട 2500 ലേറെ പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം ഇവിടെയുണ്ട്. സാഹിത്യം, ശാസ്ത്രം, സാങ്കേതികവിദ്യ, മതഗ്രന്ഥങ്ങൾ, പുരാണങ്ങൾ, ജീവ ചരിത്രം, ആത്മകഥ, തത്ത്വചിന്ത കുട്ടികളുടെ കൃതികൾ, യാത്രാവിവരണം, പഴയ പത്രങ്ങൾ എന്നിവയുടെ വൻ ശേഖരം ഈ ലൈബ്രറിയിലുണ്ട്. കൂടാതെ 1832 മുതലുള്ള അപൂർവ കൈയെഴുത്ത് പ്രതികളും ഒന്നിലധികം ഭാഷകളിലായി അയ്യായിരത്തിലേറെ നിഘണ്ടുക്കളും അഞ്ച് ലക്ഷത്തോളം അപൂർവ വിദേശ ഗ്രന്ഥങ്ങളും ഈ ലൈബ്രറിയുടെ മറ്റൊരു പ്രത്യേകതയാണ്.
കർണാടക മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിനടുത്തുള്ള ഹരലഹള്ളി ഗ്രാമം ഇന്നറിയപ്പെടുന്നത് അങ്കെ ഗൗഡ എന്ന മനുഷ്യന്റെ അറിവിനോടുള്ള സമർപ്പണത്തിന്റെ പെരുമയിലാണ്. തന്റെ സമ്പാദ്യത്തിന്റെ സിംഹഭാഗവും അദ്ദേഹം ചെലവഴിച്ചത് പുസ്തകങ്ങൾക്കായിരുന്നു. ഒരുകാലത്ത് ആരാലും അറിയപ്പെടാതിരുന്ന ഈ ഗ്രാമം വായനക്കാരുടെയും ഗവേഷകരുടെയും ലക്ഷ്യസ്ഥാനമായി മാറിയിരിക്കയാണ്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറിയുടെ ഉടമ ആരെന്ന ചോദ്യത്തിനുള്ള മറുപടി അങ്കെ ഗൗഡ എന്നാണ്. ഇദ്ദേഹം അറിയപ്പെടുന്നത് ബുക്ക് മാൻ എന്ന പേരിലാണ്. 2026ലെ പത്മശ്രീ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ബുക്ക്മാനെ തേടിയെത്തുകയുണ്ടായി. ഈ വർഷത്തെ പത്മശ്രീ അവാർഡിനു ആങ്കെ ഗൗഡയെ തിരഞ്ഞെടുത്തത് സാഹിത്യ പൈതൃകം സംരക്ഷിച്ചതിനും സാക്ഷരതയും വായനയും പ്രോത്സാഹിപ്പിച്ചതിനുമാണ്. ബസ് കണ്ടക്ടറിൽ നിന്ന് പത്മശ്രീ അവാർഡ് ജേതാവിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രക്ക് ഏറെ തിളക്കമുണ്ട്. അങ്കെ ഗൗഡയുടെ ലൈബ്രറിയിലുള്ളത് 22 ഇന്ത്യൻ ഭാഷകളിലും എട്ട് വിദേശ ഭാഷകളിലുമായി 20 ലക്ഷത്തിലധികം പുസ്തകങ്ങളാണ്.
മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട 2500 ലേറെ പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം ഇവിടെയുണ്ട്. സാഹിത്യം, ശാസ്ത്രം, സാങ്കേതികവിദ്യ, മതഗ്രന്ഥങ്ങൾ, പുരാണങ്ങൾ, ജീവ ചരിത്രം, ആത്മകഥ, തത്ത്വചിന്ത കുട്ടികളുടെ കൃതികൾ, യാത്രാവിവരണം, പഴയ പത്രങ്ങൾ എന്നിവയുടെ വൻ ശേഖരം ഈ ലൈബ്രറിയിലുണ്ട്. കൂടാതെ 1832 മുതലുള്ള അപൂർവ കൈയെഴുത്ത് പ്രതികളും ഒന്നിലധികം ഭാഷകളിലായി അയ്യായിരത്തിലേറെ നിഘണ്ടുക്കളും അഞ്ച് ലക്ഷത്തോളം അപൂർവ വിദേശ ഗ്രന്ഥങ്ങളും ഈ ലൈബ്രറിയുടെ മറ്റൊരു പ്രത്യേകതയാണ്.
സർക്കാറിന്റെയോ മറ്റ് ഏജൻസികളുടെയോ സഹായമില്ലാതെയായിരുന്നു തുടക്കം. കർണാടക സർക്കാറിന്റെ 2014 ലെ രാജ്യോത്സവ് അവാർഡ് , 2016ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്, 2011ൽ ആൽവാസ് നുഡി സിരി അവാർഡ്, 2009ൽ കന്നഡ ബുക്ക് അതോറിറ്റിയുടെ ജി പി രാജരത്നം സാഹിത്യ പരിചാരിക അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ ഗൗഡക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവു കൂടുതൽ പുസ്തക ശേഖരമുള്ള വ്യക്തി എന്ന നിലക്ക് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ പേരുള്ളത് അമേരിക്കയിലെ ഇന്ത്യാനയിൽ നിന്നുള്ള ജോൺ ക്യൂ ബെൻഹാമിന്റെതാണ്. എന്നാൽ തന്റെ കൈവശമുള്ള പുസ്തകങ്ങളുടെ എണ്ണം വ്യക്തമായി എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കാത്തതിനാൽ ഗൗഡ ലോക പുരസ്കാരത്തിനായി ശ്രമിച്ചിരുന്നില്ല. ബൃഹത്തായ ഈ ലൈബ്രറിയുടെ പിന്നിലുള്ളത് ഒരു മനുഷ്യന്റെ അഭിനിവേശവും ത്യാഗവും സ്ഥിരോത്സാഹവും മാത്രമാണ്. ഹരലഹള്ളി ഗ്രാമത്തിലെ ഈ ലൈബ്രറി അങ്കെഗൗഡ ബുക്ക് ഹൗസ് എന്നും അറിയപ്പെടുന്നു. ഇവിടെ അംഗത്വ ഫീസോ മറ്റു ചെലവുകളോ ഇല്ല. ഇവിടെ കടന്നുവരുന്ന ആർക്കും സൗജന്യമായി പുസ്തകം ഉപയോഗപ്പെടുത്താം. ക്യുരിയേറ്ററും ലൈബ്രറിയേനും ഗൗഡ തന്നെ.
ഓരോ പുസ്തകവും എവിടെയാണെന്ന് ഗൗഡക്ക് ഗ്രാഹ്യമാണ്. അലമാരകളിൽ സ്ഥലമില്ലാത്തതിനാൽ പുസ്തകങ്ങൾ തറനിറയെ അട്ടിവെച്ചിരിക്കുകയാണ്.
കർഷകനായ മാരിഗൗഡയുടെയും നിങ്കമ്മയുടെയും രണ്ടാമത്തെ മകനായി 1951ൽ മാണ്ഡ്യ ജില്ലയിലെ ചിനകുർളി ഗ്രാമത്തിൽ ജനിച്ച അങ്കെ ഗൗഡക്ക് പുസ്തകങ്ങളോട് താത്പര്യം തുടങ്ങിയത് സ്കൂൾ പഠനകാലത്താണ്. തന്റെ അധ്യാപകന്റെ ഉപദേശം ഗൗഡയിലെ വായനാശീലം വളർത്തി. ഇന്ത്യൻ ദേശീയ സമര സേനാനികളെയും ആത്മീയ നേതാക്കളെയും കുറിച്ചുള്ള വയനയിൽ നിന്നായിരുന്നു തുടക്കം. തുടർന്ന് കിട്ടുന്നതെന്തും വായിക്കുക എന്നത് ഗൗഡയുടെ ശീലമായി. ഗ്രാമത്തിലെ വിദ്യാർഥികളെ ഉദ്ദേശിച്ചു തന്റെ കൊച്ചു വീട്ടിൽ ലൈബ്രറി ആരംഭിച്ചു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി , 20ാം വയസ്സിൽ ബസ് കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ച ഗൗഡ ഒഴിവ് സമയങ്ങൾ വായനക്കായി നീക്കിവെച്ചു. കണ്ടക്ടർ ജോലിയിൽ നിന്ന് ലഭിച്ച തുച്ചമായ ശമ്പളത്തിൽ നിന്ന് ഒരു തുക പുസ്തകങ്ങൾക്കായി മാറ്റിവെച്ചു. ഇതിനിടെ പഴയ അധ്യാപകനെ ബസ് യാത്രക്കിടയിൽ കണ്ടുമുട്ടി.
അധ്യാപകന്റെ ഉപദേശപ്രകാരം ഈവനിംഗ് കോളജിൽ ചേർന്നു കന്നഡ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് മാണ്ഡ്യയിലെ സഹകരണ പഞ്ചസാര ഫാക്ടറിയിൽ ടൈം കീപ്പറായി ജോലിയിൽ ചേർന്നു. അവിടെ മൂന്ന് പതിറ്റാണ്ട് ജോലി ചെയ്തു. അപ്പോഴും പുസ്തകങ്ങളോടുള്ള ഭ്രമം ഗൗഡയുടെ മനസ്സിൽ നിറകുടമായി നിലകൊണ്ടു. ശബളത്തിൽ നിന്നു എൺപത് ശതമാനവും പുസ്തകങ്ങൾക്കായി നീക്കിവെച്ചു. ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച ആനുകൂല്യങ്ങളും കുടുബസ്വത്തായ മൈസൂരിലെ വീട് വിറ്റു ലഭിച്ച തുകയും ഗൗഡ ലൈബ്രറിക്കായി നീക്കിവെച്ചു. പശുക്കളെ വളർത്തിയും പാൽ വിറ്റും ഇൻഷ്വറൻസ് ഏജന്റായി ജോലി ചെയ്തും അദ്ദേഹം ലൈബ്രറി വിപുലീകരിച്ചു. ഭാര്യ വിജയലക്ഷ്മിയും മകൻ സാഗറും നൽകിയ പിന്തുണ ഗൗഡക്കു കരുത്തായി. ലൈബ്രറി ഒരു ദിവസം പോലും അടക്കാറില്ല. ഗൗഡയും കുടുംബവും താമസിക്കുന്നത് ലൈബ്രറിയുടെ ഒരു മൂലയിലാണ്. അതുകൊണ്ട്തന്നെ ലൈബ്രറിയുടെ പ്രവർത്തനത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ല.
ആദ്യകാലങ്ങളിൽ പുസ്തകങ്ങൾ സൂക്ഷിച്ചിരുന്നത് ഇരുമ്പ് പെട്ടികളിലായിരുന്നു. പിന്നീട് പുസ്തകങ്ങൾക്കായി ഷെൽഫുകൾ കണ്ടെത്തി. പക്ഷേ, ദിവസങ്ങളും ആഴ്ചകളും വർഷങ്ങളും പിന്നിടുന്നതിനനുസരിച്ചു പുസ്തക ശേഖരവും കൂടിക്കൊണ്ടിരുന്നു. ശമ്പളത്തിന്റെ സിംഹഭാഗവും പുസ്തകങ്ങൾക്കായി മാറ്റിവെച്ചതിനാൽ സ്ഥലവിപുലീകരണം ചോദ്യചിഹ്നമായി . ആ സമയത്ത് പാണ്ഡവപുരയിൽ ക്ഷേത്രം നിർമാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഹരിഖോഡെ എന്ന ധനാഢ്യന്റെ സഹായത്താൽ ആയിരുന്നു ക്ഷേത്ര നിർമാണം. ആങ്കെ ഗൗഡയുടെ സുഹൃത്തുക്കൾ ഹരി ഖോഡെയെ വിവരം ധരിപ്പിച്ചു. അദ്ദേഹം 15,800 ചതുരശ്ര അടി വലുപ്പമുള്ള കെട്ടിടം പണിത് നൽകി. പുസ്തകങ്ങളുടെ വീട് എന്നർഥം വരുന്ന “പുസ്തക മാനെ’ എന്ന പേരിട്ട ലൈബ്രറി അവിടെയാണ് പ്രവർത്തിക്കുന്നത്. പിന്നീട് അന്നത്തെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ സഹായത്താൽ ലൈബ്രറി കെട്ടിടം വിപുലീകരിച്ചു. പുസ്തകങ്ങളുടെ വർധനവനുസരിച്ച് സ്ഥലപരിമിതി ഭീഷണിയായി തുടരുകയാണ്.
രാഹുൽ ഗാന്ധിയുൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കളും എം എൽ എമാരും സാഹിത്യകാരന്മാരും ഗൗഡയുടെ ലൈബ്രറി സന്ദർശിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരുമുൾപ്പെടെയുള്ളവരുടെ ആശ്രയമാണ് ഗൗഡയുടെ ലൈബ്രറി. സൂര്യനു കീഴിലുള്ള ഏത് വിഷയത്തെ കുറിച്ചും റഫറൻസിനുള്ള പുസ്തകങ്ങൾ ഇവിടെ ലഭിക്കും. പുതിയ തലമുറ കൃത്രിമബുദ്ധിയോട് അതിവേഗം അടുക്കുമ്പോൾ, പരമ്പരാഗതമായ ലൈബ്രറികൾ അടച്ചുപൂട്ടപ്പെടുമെന്ന ഭീതി വളരുകയാണ്. പുസ്തകശാലകൾ നിലനിൽക്കാൻ പാടുപെടുന്നു, വായന ശീലവും പുസ്തകങ്ങളുമായി ദീർഘനേരം ചെലവഴിക്കുന്നവരുടെ എണ്ണവും കുറഞ്ഞു വരികയാണ്. പതിനഞ്ചോ ഇരുപതോ സെക്കൻഡ് വീതമുള്ള വീഡിയോയുൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ നാം അറിവിന്റെ ലോകത്തെ പരിമിതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് അങ്കെഗൗഡയുടെ പ്രസക്തി. വായനശീലം കടങ്കഥയായി മാറിക്കൊണ്ടിരിക്കുന്ന ഒരുകാലത്ത് അങ്കെ ഗൗഡയെപ്പോലുള്ളവർ നിശബ്ദമായി ചെയ്യുന്നത് വായനയുടെ ആത്മാവിനെ സംരക്ഷിക്കുക എന്ന ദൗത്യമാണ്.





