Kerala
തെന്മല അഭയ കേന്ദ്രത്തിലെ പീഡനം: ഹൈക്കോടതി സ്വമേധയാ ഇടപെട്ടു, സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി
ഉത്തരവാദപ്പെട്ട സർക്കാർ സംവിധാനങ്ങൾ ഈ വിഷയത്തിൽ നിസ്സംഗത പാലിക്കുകയാണെന്ന് ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി.
കൊച്ചി| തെന്മല അഭയകേന്ദ്രത്തില്‍ വായോധികമാര്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ ഇടപെട്ടു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന വൃദ്ധസദനത്തിലെ പീഡനം ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവാദപ്പെട്ട സർക്കാർ സംവിധാനങ്ങൾ ഈ വിഷയത്തിൽ നിസ്സംഗത പാലിക്കുകയാണെന്ന് ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി.
തെന്മല സംഭവത്തിലും പത്തനംതിട്ടയിലെ വൃദ്ധസദനത്തില്‍ 17കാരന് മര്‍ദ്ദനമേറ്റ സംഭവത്തിലും സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് തെന്മല വെള്ളിമലയിലെ അനധികൃത അഭയകേന്ദ്രത്തില്‍ വായോധികമാര്‍ പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. സംഭവത്തിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ബ്രഹ്മദാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാൾ ഇപ്പോൾ റിമാൻഡിൽ കഴിയുകയുമാണ്.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുന്‍കൂട്ടി തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് കോടതി ചോദിച്ചു. വയോധികര്‍, രോഗികള്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കുന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഉണ്ടാകാമെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തില്‍ 17കാരന് മര്‍ദ്ദനമേറ്റ സംഭവത്തിലും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
Content Highlights:
The Kerala High Court registered a suo motu case over the abuse of elderly women at an illegal shelter home in Thenmala. A division bench led by Justice Devan Ramachandran criticized government negligence and demanded a detailed report. The court also sought a report on the Pathanamthitta care home assault case.







