Connect with us

International

ആപ്പിള്‍ സിഇഒയ്ക്ക് ഈ വര്‍ഷം ബോണസടക്കം ലഭിച്ചത് 733.19 കോടി രൂപ

ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം യുഎസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന എട്ടാമത്തെ സിഇഒ ആണ് ടിം കുക്ക്.

Published

|

Last Updated

ന്യൂഡല്‍ഹി| ലോകത്ത് ആദ്യമായി 3 ട്രില്ല്യന്‍ ഡോളര്‍ വിപണി മൂല്യമുള്ള കമ്പനിയായി വന്‍ നേട്ടം കൈവരിച്ച ടെക് ഭീമനാണ് ആപ്പിള്‍. ആപ്പിളിന്റെ ചീഫ് എക്സിക്ക്യൂട്ടീവ് ഓഫിസര്‍ ടിം കുക്കിന് ഈ വര്‍ഷം ബോണസടക്കം കമ്പനി നല്‍കിയ തുക ഏകദേശം 733.19 കോടി രൂപയാണ്. കൂടാതെ കുക്കിനു സുരാക്ഷാ ഭീഷണിയുണ്ടെന്ന കാരണത്താല്‍, ഇനി സ്വന്തം ആവശ്യത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കും സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്താല്‍ മതിയെന്നാണ് കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ആവശ്യപ്പെട്ടിരുന്നത്. ഇതോടൊപ്പം, കുക്കിന്റെ സുരക്ഷയ്ക്കായി ജീവനക്കാരെ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സുരക്ഷ, സ്വകാര്യ വിമാനങ്ങള്‍ തുടങ്ങിയവയും കമ്പനി കുക്കിന് നല്‍കിയ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ മൊത്തം ശമ്പളം 2020-ലെ പ്രതിഫലമായ 1.4 കോടി ഡോളറിനേക്കാള്‍ കൂടുതലാണെന്നും ആപ്പിളിന്റെ എസ്ഇസി ഫയലിങ് വെളിപ്പെടുത്തുന്നു. 2011ലാണ് ടിം കുക്ക് ആപ്പിളിന്റെ സിഇഒ ആയി ചുമതലയേറ്റത്. ഏകദേശം 10 വര്‍ഷത്തോളമായി കുക്ക് കമ്പനിയെ നയിക്കുന്നു. ആപ്പിളിന്റെ എസ്ഇസി ഫയലിങ് പ്രകാരം കുക്കിന്റെ അടിസ്ഥാന ശമ്പളം 30 ലക്ഷം ഡോളറാണ്. ഇതിനു പുറമെ കമ്പനിയുടെ സാമ്പത്തിക, പാരിസ്ഥിതിക സുസ്ഥിരത ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയതിന് 1200 കോടി ഡോളറും നല്‍കിയിട്ടുണ്ട്.

82.35 ദശലക്ഷം ഡോളറിന്റെ ഓഹരികളും കുക്ക് സ്വന്തമാക്കിയിട്ടുണ്ട്. 2021-ല്‍ ആപ്പിള്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചതായി ഫയലിങ്ങില്‍ പരാമര്‍ശിക്കുന്നു. ലോക്ക്ഡൗണും കൊവിഡും ഉല്‍പന്നങ്ങളുടെ വില്‍പനയെ ബാധിച്ചിട്ടില്ല. കൃത്യമായി പറഞ്ഞാല്‍, ആപ്പിള്‍ 33 ശതമാനം വരുമാന വളര്‍ച്ചയും വില്‍പനയിലൂടെ 36,500 കോടി ഡോളര്‍ വരുമാനവും സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-ലെ ആപ്പിളിന്റെ പ്രകടനവും അതേ വര്‍ഷം ആപ്പിളിന്റെ വളര്‍ച്ചയ്ക്ക് കുക്ക് സംഭാവന നല്‍കിയതും പരിഗണിച്ചാണ് സിഇഒയുടെ ഓഹരി വിഹിതം നല്‍കുന്നത് നിശ്ചയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014-ല്‍, ആപ്പിള്‍ സിഇഒയ്ക്ക് ആകെ 14.8 ദശലക്ഷം ഡോളറാണ് ലഭിച്ചിരുന്നത്. അതില്‍ ആ സമയത്ത് ഓഹരികള്‍ ഉള്‍പ്പെട്ടിരുന്നില്ല. ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം യുഎസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന എട്ടാമത്തെ സിഇഒ ആണ് ടിം കുക്ക്.

 

Latest