Kannur
മട്ടന്നൂർ ഷുഹൈബ് വധക്കേസ്: വിചാരണയ്ക്കുള്ള ഇടക്കാല സ്റ്റേ ഹൈക്കോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടി
നേരത്തെ ഹൈക്കോടതി അനുവദിച്ചിരുന്ന വിചാരണ സ്റ്റേയുടെ കാലാവധി ഇന്നുവരെയായിരുന്നു.
കൊച്ചി | മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ വിചാരണ നടപടികൾക്കുള്ള ഇടക്കാല സ്റ്റേ ഹൈക്കോടതി നീട്ടി. നാളെ തലശ്ശേരി സെഷൻസ് കോടതിയിൽ അടുത്ത ഘട്ട വിചാരണ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. കേസിലെ പ്രതികൾ വിചാരണ കോടതി മാറ്റണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. നേരത്തെ ഹൈക്കോടതി അനുവദിച്ചിരുന്ന വിചാരണ സ്റ്റേയുടെ കാലാവധി ഇന്നുവരെയായിരുന്നു.
ഈ ഹർജി ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ, കേസുമായി ബന്ധപ്പെട്ട മറ്റൊരു ഹർജി കൂടി ഹൈക്കോടതിയിലെ വേറൊരു ബെഞ്ചിന്റെ മുന്നിലുണ്ടെന്ന കാര്യം സർക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്ന് രണ്ട് ഹർജികളും ഒരുമിച്ച് പരിഗണിക്കാമെന്ന് വ്യക്തമാക്കിയ കോടതി, കേസ് ചീഫ് ജസ്റ്റിസിന്റെ മുന്നിലേക്ക് ലിസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു.

മറ്റൊരു ദിവസം മാത്രമേ ഇനി ഈ കേസ് കോടതിയുടെ മുന്നിലേക്ക് എത്തുകയുള്ളൂ എന്നതിനാൽ, മുൻപുണ്ടായിരുന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടുകയായിരുന്നു. കോടതിയുടെ ഈ പുതിയ ഉത്തരവോടെ നാളെ (ജൂൺ 16) മുതൽ ജൂലൈ രണ്ട് വരെ തീരുമാനിച്ചിരുന്ന കേസിലെ അടുത്ത ഘട്ട വിചാരണ നടപടികൾ മുടങ്ങും. അതേസമയം, പ്രതികളുടെ കോടതി മാറ്റത്തെ ചോദ്യം ചെയ്തുകൊണ്ട് ഷുഹൈബിന്റെ പിതാവ് ഹൈക്കോടതിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ കോടതി അംഗീകരിച്ചിട്ടുണ്ട്.
Content Highlights:
The Kerala High Court has extended the interim stay on the Mattannur Shuhaib murder case trial for another week. Consequently, the next phase of the trial scheduled at Thalassery Sessions Court from tomorrow until July 2 will be disrupted. The court has allowed Shuhaib’s father’s plea to join the case.



