International
ഇന്തോനേഷ്യയിൽ വീണ്ടും ശക്തമായ ഭൂകമ്പം; ഉത്തര സുമാത്രയിൽ റിച്ചർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി
മേഖലയിൽ നേരത്തെ ഉണ്ടായ ശക്തമായ ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ പ്രകമ്പനം ഉണ്ടായിരിക്കുന്നത്.
ജക്കാർത്ത | ഇന്തോനേഷ്യയിലെ ഉത്തര സുമാത്രയിൽ വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിച്ചർ സ്കെയിലിൽ 6.8 തീവ്രത (6.8 Magnitude Earthquake) രേഖപ്പെടുത്തിയ ഭൂകമ്പമാണ് ശനിയാഴ്ച ഉണ്ടായത്. ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഭൂമിക്കടിയിൽ 175 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും ജി എഫ് സെഡ് വ്യക്തമാക്കി.
മേഖലയിൽ നേരത്തെ ഉണ്ടായ ശക്തമായ ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ പ്രകമ്പനം ഉണ്ടായിരിക്കുന്നത്. ആഗസ്റ്റ് 15 ന് പുലർച്ചെ ഇന്തോനേഷ്യയിലെ ഫ്ലോറസ് തീരത്ത് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ഇതിൽ രണ്ടുപേർ മരിക്കുകയും കെട്ടിടങ്ങൾക്ക് വലിയതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പുലർച്ചെ 3.28 ന് ഉണ്ടായ ഈ ചലനത്തെ തുടർന്ന് ഈസ്റ്റ് നുസ തെംഗാരയുടെ ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരുന്നു.
ശക്തമായ ഭൂചലനത്തെ തുടർന്ന് മണ്ണിടിച്ചിൽ, വൈദ്യുത തടസ്സം, വാർത്താവിനിമയ തടസ്സങ്ങൾ എന്നിവ അനുഭവപ്പെട്ടു. കെട്ടിക്കിടക്കുന്ന അവശിഷ്ടങ്ങൾ കാരണം റോഡുകൾ തടസ്സപ്പെട്ടത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിട്ടുണ്ട്. കെട്ടിടങ്ങൾ തകർന്നു വീഴുന്നതിന്റെയും പൊടിപടലങ്ങൾ ഉയരുന്നതിന്റെയും ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ദുരന്തത്തിൽ കുറഞ്ഞത് 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഏകദേശം 2,000 നിവാസികളെ താത്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി ഇന്തോനേഷ്യയിലെ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് ഏജൻസി അറിയിച്ചു. മണ്ണിടിച്ചിലിൽ പെട്ട രണ്ട് ഗ്രാമീണർക്കായി തെരച്ചിൽ തുടരുകയാണ്.
Content Highlights
A 6.8-magnitude earthquake struck northern Sumatra, Indonesia, shortly after a deadly 7.7-magnitude quake in the region. The tremors caused structural damage, landslides, and power outages, injuring at least 13 people and displacing nearly 2,000 residents. Authorities confirmed there is no tsunami threat from the latest quake as rescue operations continue.



