Kozhikode
മര്‍കസ് പരിസരവാസികള്‍ ഇനി ഇംഗ്ലീഷ് സംസാരിക്കും
സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയായി മര്‍കസ് കോളജ് പരിസരവാസികള്‍ക്കായി ഇംഗ്ലീഷ് ഭാഷാ പരിശീലനം തുടങ്ങി.
കുന്ദമംഗലം | മര്‍കസ് കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഇംഗ്ലീഷ് ഡിപാര്‍ട്ട്‌മെന്റും ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സെല്ലും സംയുക്തമായി പരിസരവാസികള്‍ക്കായി ഇംഗ്ലീഷ് ഭാഷാ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും ഓറിയന്റേഷന്‍ പ്രോഗ്രാമും സംഘടിപ്പിച്ചു. സമൂഹത്തില്‍ ഇംഗ്ലീഷ് ആശയവിനിമയ കഴിവ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. 20 ദിവസം നീണ്ടുനില്‍ക്കുന്ന പ്രഥമ കോഴ്സ് പരിശീലന ക്ലാസുകള്‍ രണ്ടു ദിവസത്തിനകം തുടങ്ങും.
തിരഞ്ഞെടുത്ത പരിസരവാസികളാണ് കോഴ്സില്‍ അംഗമായിട്ടുള്ളത്. വളരെ പ്രതീക്ഷയോട് കൂടിയാണ് കോഴ്സിനെ പരിസരവാസികള്‍ ഏറ്റെടുത്തത്. കമ്മ്യൂണിറ്റി ലൈബ്രറി ആരംഭിച്ചതിനു പിന്നാലെയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. സാമൂഹിക മണ്ഡലങ്ങളില്‍ മര്‍കസിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
ചടങ്ങില്‍ ഇംഗ്ലീഷ് ഡിപാര്‍ട്ട്‌മെന്റ് മേധാവി പി പ്രിയത അധ്യക്ഷത വഹിച്ചു. മര്‍കസ് അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ ഉനൈസ് മുഹമ്മദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വള്ളിയാട് മുഹമ്മദലി സഖാഫി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. രാഘവന്‍ ആശംസകള്‍ അര്‍പ്പിച്ചു.
അസിസ്റ്റന്റ് പ്രൊഫസര്‍ നൂര്‍ജഹാന്‍ സ്വാഗതവും യാസീന്‍ റാഫത്തലി നന്ദിയും പറഞ്ഞു. ഓറിയന്റേഷന്‍ സെഷനില്‍ മുഹമ്മദ് ഫാബി നിസാം, മുഹമ്മദ് ഫാത്തിമ നിസാം എന്നിവര്‍ ഇംഗ്ലീഷ് പഠനത്തിലെ സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ച് പങ്കാളികള്‍ക്ക് പ്രചോദനമായി. സമൂഹവുമായി ചേര്‍ന്നുനില്‍ക്കുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളുടെ ഉത്തരവാദിത്തബോധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കോളജ് അധികൃതര്‍.

