Connect with us

Kerala

പിവി അന്‍വര്‍ അപമാനിച്ചത് രക്തസാക്ഷി രാജീവ് ഗാന്ധിയെ; കെ.സി വേണുഗോപാല്‍

അന്‍വറിനെ സിപിഎം കയറൂരി വീട്ടിരിക്കുകയാണോയെന്നും വേണുഗോപാല്‍ ചോദിച്ചു

Published

|

Last Updated

തിരുവനന്തപുരം|വയനാട് എംപി രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്ന അന്‍വറിന്റെ പ്രസ്താവന ഗാന്ധി കുടുംബത്തെ അപമാനിക്കുന്നതാണെന്നും രക്തസാക്ഷിയായ രാജീവ് ഗാന്ധിയെയാണ് അന്‍വര്‍ അപമാനിച്ചതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ഇത്ര മ്ലേച്ചമായി സംസാരിക്കാന്‍ ഒരു എംഎല്‍എക്ക് എങ്ങനെ കഴിയുന്നു. രാഹുലിനെ നിന്ദിക്കുന്നത് തുടങ്ങിവച്ചത് പിണറായി വിജയനാണെന്നും അന്‍വറിനെ സിപിഎം കയറൂരി വീട്ടിരിക്കുകയാണോയെന്നും വേണുഗോപാല്‍ ചോദിച്ചു

രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നും ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുലെന്നുമാണ് പി വി അന്‍വറിന്റെ പരാമര്‍ശം. പേരിനൊപ്പമുള്ള ഗാഡി എന്ന പേര് ഒഴിവാക്കി രാഹുല്‍ എന്ന് മാത്രമേ വിളിക്കുകയുള്ളു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ജയില്‍ അടക്കാത്തതെന്താണെന്നാണ് രാഹുല്‍ ചോദിച്ചത്. നെഹ്റു കുടുംബത്തില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ?
രാഹുലിന്റഎ ഡി എന്‍ എ പരിശോധിക്കണമെന്ന അഭിപ്രായമാണെനിക്കുളളത്. രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണെന്നും പി വി. അന്‍വര്‍ എം.എല്‍.എ പറഞ്ഞിരുന്നു.

അതേസമയം രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പിവി അന്‍വറിനെതിരെ കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നെഹ്‌റു കുടുംബത്തെയും രാഹുല്‍ഗാന്ധിയെയും മോശമായ ഭാഷയില്‍ അപമാനിച്ച അന്‍വറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്ന് ഹസ്സന്‍ ആവശ്യപ്പെട്ടു. പിവി അന്‍വര്‍ ഗോഡ്‌സെയുടെ പുതിയ അവതാരമാണെന്നും ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ വെടിയുണ്ടകളെക്കാള്‍ മാരകമാണ് അന്‍വറിന്റെ വാക്കുകള്‍ എന്നും എംഎം ഹസ്സന്‍ പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ ഒരിക്കലും നാവില്‍ നിന്ന് വീഴാന്‍ പാടില്ലാത്ത പരാമര്‍ശമാണ് അന്‍വര്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അന്‍വര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.