Connect with us

Kerala

ബസുകളുടെ നിയമലംഘനം; ഉദ്യോഗസ്ഥരും ഉത്തരവാദികളാകുമെന്ന് മന്ത്രി

വാഹനങ്ങളുടെ അനധികൃത രൂപമാറ്റത്തിനുള്ള പിഴ 10,000 രൂപയാക്കി വര്‍ധിപ്പിച്ചു.

Published

|

Last Updated

തിരുവനന്തപുരം | ബസുകളുടെ നിയമലംഘനം കര്‍ശനമായി നേരിടാന്‍ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. ബസുകള്‍ നിയമലംഘനം നടത്തിയാല്‍ ഉദ്യോഗസ്ഥരും ഉത്തരവാദികളാകും. വാഹനങ്ങളുടെ അനധികൃത രൂപമാറ്റത്തിനുള്ള പിഴ 10,000 രൂപയാക്കി വര്‍ധിപ്പിച്ചു. നിലവില്‍ ഇത് 5000 രൂപയാണ്. രൂപമാറ്റം നടത്തുന്ന വര്‍ക്ക്ഷോപ്പുകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും.

വാഹനങ്ങളിലെ വേഗപ്പൂട്ടുകളില്‍ കൃത്രിമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സംസ്ഥാന വ്യാപകമായി നിലവില്‍ നടക്കുന്ന പരിശോധന തുടരും. സംസ്ഥാനത്തെ 86 ആര്‍ ടി ഒ ഓഫീസുകളുടെയും പരിധിയിലെ ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ ചുമതല ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.

ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്യും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ എക്സൈസ് വകുപ്പുമായി ചേര്‍ന്ന് പരിശോധന നടത്തും. ഏകീകൃത കളര്‍കോഡ് ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. ജി പി എസ് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. നവംബര്‍ ഒന്ന് മുതല്‍ മറ്റ് സംസ്ഥാന രജിസ്ട്രേഷന്‍ വാഹനങ്ങളും കേരളത്തില്‍ നികതിയടക്കണം. എല്ലാ ആഴ്ചകളിലും അവലോകനം നടത്തും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വാഹന പരിശോധന നടത്തും.

വടക്കാഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്‍ വരുത്തിയത് ഗുരുതര വീഴ്ചയാണെന്നും മന്ത്രി പറഞ്ഞു. ബസിന്റെ സ്പീഡ് ഗവേണര്‍ എടുത്തുമാറ്റിയിരുന്നു എന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. അനധികൃതമായി വാഹനത്തില്‍ മാറ്റം വരുത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കും.

 

---- facebook comment plugin here -----

Latest