Connect with us

National

നീറ്റ്: കോട്ടയില്‍ ഒരു വിദ്യാര്‍ത്ഥിനി കൂടി ജീവനൊടുക്കി

രാജസ്ഥാനിലെ കോട്ട നഗരത്തില്‍ ഈ വര്‍ഷം ആത്മഹത്യ ചെയ്യുന്ന 24ാമത്തെ നീറ്റ് കോച്ചിങ് വിദ്യാര്‍ത്ഥിനിയാണ് പ്രിയ സിങ്.

Published

|

Last Updated

കോട്ട| നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരിശീലന സ്ഥാപനത്തില്‍ പഠിക്കുകയായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തിങ്കളാഴ്ച ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രിയ സിങ് (16) മുറിയില്‍ വെച്ച് കീടനാശിനി കുടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയിലെ വിഗ്യാന്‍ നഗറില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു പ്രിയ സിങ്.

തിങ്കളാഴ്ച ഉച്ചയോടെ മുറിയില്‍ വെച്ച് കീടനാശിനി കുടിച്ച് അവശയായ വിദ്യാര്‍ത്ഥിനി ഛര്‍ദിക്കാന്‍ തുടങ്ങി. മറ്റ് വിദ്യാര്‍ത്ഥികളാണ് വിവരമറിഞ്ഞ് പ്രിയയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

രാജസ്ഥാനിലെ കോട്ട നഗരത്തില്‍ ഈ വര്‍ഷം ആത്മഹത്യ ചെയ്യുന്ന 24ാമത്തെ നീറ്റ് കോച്ചിങ് വിദ്യാര്‍ത്ഥിനിയാണ് പ്രിയ സിങ്. ഈ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ നീറ്റ് ആത്മഹത്യയാണിത്. ഓഗസ്റ്റ് മാസത്തില്‍ ആറ് വിദ്യാര്‍ത്ഥികളാണ് കോട്ടയില്‍ ആത്മഹത്യ ചെയ്തത്. പ്രിയ സിങിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് ഡി.എസ്.പി ധരംവീര്‍ സിങ് പറഞ്ഞു. ആത്മഹത്യാ കുറിപ്പുകളൊന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കോട്ടയിലെ നിരന്തരമുള്ള വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ സര്‍ക്കാറിന് വലിയ സമ്മര്‍ദമാണ് തീര്‍ക്കുന്നത്. ആത്മഹത്യാ പ്രവണത ഇല്ലാതാക്കാനുള്ള നിര്‍ദേശങ്ങള്‍ നഗരത്തിലെ കോച്ചിങ് സെന്ററുകള്‍ക്കും ഹോസ്റ്റലുകള്‍ക്കും പേയിങ് ഗസ്റ്റ് അക്കൊമഡേഷനുകള്‍ക്കും നല്‍കാനും കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

 

 

 

Latest