Kannur
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി കെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

കണ്ണൂർ | മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ചന്ദ്രിക കണ്ണൂർ യൂനിറ്റ് ഗവേണിംഗ് ബോഡി ചെയർമാനുമായ വി കെ അബ്ദുൽഖാദർ മൗലവി (79) അന്തരിച്ചു. ജുമുഅ നിസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. 1960 കളിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച മൗലവി ലീഗ് അലവിൽ ശാഖാ പ്രസിഡന്റായിരുന്നു.
അവിഭക്ത കണ്ണൂർ ജില്ലാ എം എസ് എഫ് വൈസ് പ്രസിഡന്റ്, യൂത്ത് ലീഗ് കണ്ണൂർ താലൂക്ക് പ്രസിഡന്റ്, ചിറക്കൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ്, കണ്ണൂർ മണ്ഡലം പ്രസിഡന്റ്, കണ്ണൂർ താലൂക്ക് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, 1975 മുതൽ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, കണ്ണൂർ ജില്ലാ സെക്രട്ടറി, ജനറൽ സെക്രട്ടറി, പ്രസിഡന്റ്, കണ്ണൂർ ദീനുൽ ഇസ്‌ലാം സഭ വൈസ് പ്രസിഡന്റ്, സി ഡി എം എ വൈസ് പ്രസിഡന്റ്, കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് വൈസ് പ്രസിഡന്റ്എന്നീ സ്ഥാനങ്ങൾ വഹിച്ചു.
കണ്ണൂർ സ്പിന്നിംഗ് മിൽ, കയർഫെഡ് എന്നിവയുടെ ഡയറക്ടറും ഹാൻവീവിന്റെയും ടെക്‌സ്റ്റൈൽ കോർപറേഷന്റെയും ചെയർമാനുമായിരുന്നു. കണ്ണൂർ ജില്ലാ കൗൺസിൽ, ജില്ലാ പഞ്ചായത്ത് അംഗമായി മാടായി ഡിവിഷനെ രണ്ട് തവണ പ്രതിനിധാനം ചെയ്തു.
1942 ജൂലൈ 15ന് മുഹമ്മദിന്റെയും മറിയത്തിന്റെയും മകനായാണ് ജനനം. 1970 മുതൽ 27 വർഷക്കാലം അഴീക്കൽ കിഫായത്തുൽ ഇസ്‌ലാം മദ്‌റസ സ്‌കൂളിൽ അറബി അധ്യാപകനായിരുന്നു. ഭാര്യ: സുലൈഖ. മകൾ: റയീസ. മരുമകൻ: എസ് എ പി ഇസ്മാഈൽ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് സിറ്റി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.