michael jordan
മൈക്കിൾ ജോർദാന്റെ ഷൂസ് വിറ്റുപോയത് 11 കോടിക്ക് !!
സൗത്ത് ബീസ് ഗ്രൂപ്പാണ് ലേലത്തിന് ചുക്കാൻ പിടിച്ചത്. 1984-85 സീസണിലാണ് ജോർദാൻ ഈ ഷൂസ് ഉപയോഗിച്ചത്
ന്യൂയോർക്ക് | ബാസ്കറ്റ്ബോൾ ഇതിഹാസം മൈക്കിൾ ജോർദാന്റെ നൈക്കി ഷൂസ് ലേലത്തിൽ വിറ്റുപോയത് റെക്കോർഡ് തുകക്ക്. ലാസ് വേഗസിൽ നടന്ന ലേലത്തിൽ 1.5 മില്യൺ യു എസ് ഡോളർ (ഏകദേശം 11 കോടി രൂപ)ക്കാണ് എൻ ബി ലീഗിലെ എക്കാലത്തെയും മികച്ച താരമായ ജോർദാന്റെ വെളുപ്പും ചുവപ്പും നിറമുള്ള ഷൂസ് വിറ്റുപോയത്. സൗത്ത് ബീസ് ഗ്രൂപ്പാണ് ലേലത്തിന് ചുക്കാൻ പിടിച്ചത്. 1984-85 സീസണിലാണ് ജോർദാൻ ഈ ഷൂസ് ഉപയോഗിച്ചത്.
ഇതിൽ ജോർദാന്റെ ഒപ്പും പതിപ്പിച്ചിട്ടുണ്ട്. ബാസ്കറ്റ്ബോൾ രംഗത്തുനിന്ന് വിരമിച്ചിട്ട് വർഷം ഏറെ കഴിഞ്ഞിട്ടും ജോർദാന്റെ താരമൂല്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നാണ് ഇൗ ലേലത്തിൽ നിന്നും മനസ്സിലായതെന്ന് സൗത്ത് ബീസ് ഗ്രൂപ്പ് പ്രതികരിച്ചു. അമേരിക്കൻ താരമായ ജോർദാൻ 1984 മുതൽ 1998 വരെ ഷിക്കാഗോ ബുൾസിന് വേണ്ടിയാണ് കളിച്ചത്. ശേഷം വാഷിംഗ്്ടൺ വിസാർഡ്സിനായും കളിച്ചു. എൻ ബി എയിൽ ഏറ്റവുമധികം റെക്കോർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ജോർദാൻ നിലവിൽ ബിസിനസ്സ് രംഗത്ത് സജീവമായി തുടരുന്നുണ്ട്.