Connect with us

Editorial

മേയര്‍-ബസ് ഡ്രൈവര്‍ തര്‍ക്കവും പോലീസ് നടപടിയും

ബസിനുള്ളിലും മുന്നിലും പിന്നിലും ക്യാമറകളുണ്ട്. ആരാണ് കുഴപ്പക്കാര്‍? ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ ഈ ക്യാമറകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കാര്‍ യാത്രക്കാര്‍ മേയറും എം എല്‍ എയുമായതിനാല്‍ ക്യാമറകള്‍ പരിശോധിച്ച് വസ്തുതകള്‍ കണ്ടെത്താനോ കണ്ടെത്തിയാല്‍ തന്നെ റിപോര്‍ട്ട് പുറത്തുവിടാനോ സാധ്യത കുറവാണ്.

Published

|

Last Updated

തിരുവനന്തപുരത്ത് ശനിയാഴ്ച രാത്രി മേയര്‍ ആര്യാ രാജേന്ദ്രനും കെ എസ് ആര്‍ ടി സി ഡ്രൈവറും തമ്മിലുണ്ടായ വാക്‌പോരിലും തര്‍ക്കത്തിലും പോലീസ് നടപടി ഏകപക്ഷീയമാണെന്ന് പരാതി ഉയര്‍ന്നിരിക്കുന്നു. മേയറുടെ കാറിന് സൈഡ് കൊടുത്തില്ലെന്നും മോശമായി പെരുമാറിയെന്നുമുള്ള പരാതിയില്‍ കെ എസ് ആര്‍ ടി സി തമ്പാനൂര്‍ ഡിവിഷനിലെ ഡ്രൈവര്‍ യദുവിനെതിരെ കേസെടുത്ത കന്റോന്‍മെന്റ് പോലീസ്, മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പറ്റാത്ത വിധം സീബ്രാ ലൈനിനു മുകളില്‍ കാറ് കുറുകെയിട്ട് ഗതാഗത നിയമം കാറ്റില്‍ പറത്തിയ മേയര്‍ക്കെതിരെ കേസെടുക്കാതെ ഒഴിഞ്ഞു മാറുന്നു. കാര്‍ ബസിനു കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കിയതാണ്. സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബശീറിനെ കാറിടിച്ചു കൊന്ന സംഭവത്തില്‍ പ്രതി ഐ എ എസ് ഉദ്യോഗസ്ഥനാണെന്നറിഞ്ഞതോടെ കേസ് അട്ടിമറിച്ച പാരമ്പര്യമുള്ളവരാണല്ലോ തിരുവനന്തപുരം പോലീസ്.

പ്ലാമൂട് പി എം ജി റോഡില്‍ രാത്രി 10.30നാണ് സംഭവം. യാത്രക്കാരെ ഇറക്കാനായി ബസ് നിര്‍ത്തിയപ്പോള്‍, മേയര്‍ സഞ്ചരിച്ച കാര്‍ ബസിനു മുമ്പില്‍ കുറുകെയിട്ട് യാത്ര തടസ്സപ്പെടുത്തുകയായിരുന്നു. പട്ടത്ത് നിന്ന് പാളയം വരെ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ കാറിന് സൈഡ് തന്നില്ലെന്നും അസഭ്യമായ രീതിയില്‍ ലൈംഗിക ചുവയോട് കൂടി ആംഗ്യം കാണിച്ചെന്നും അത് ചോദ്യം ചെയ്യാനാണ് ബസിന്റെ മുമ്പില്‍ തടസ്സം സൃഷ്ടിച്ചതെന്നുമാണ് മേയറുടെ വിശദീകരണം. കാറില്‍ മേയര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എ ബസില്‍ കയറി തന്നെ ഭീഷണിപ്പെടുത്തിയതായും യാത്രക്കാരെ ഇറക്കി വിടാന്‍ ശ്രമിച്ചതായും ഡ്രൈവര്‍ പറയുന്നു. മാത്രമല്ല ബസിന്റെ ഇടതു വശത്തു കൂടെ നിയമവിരുദ്ധമായ രീതിയിലാണ് മേയര്‍ ഓവര്‍ടേക്കിംഗിന് ശ്രമിച്ചത്. മേയറും ഡ്രൈവറും തമ്മിലുണ്ടായ പ്രശ്‌നത്തിനു പിന്നാലെ സ്ഥലത്തെത്തിയ കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു തയ്യാറാക്കിയ റിപോര്‍ട്ടില്‍, മേയര്‍ ഗതാഗത നിയമം ലംഘിച്ചതായും കാര്‍ വിലങ്ങിട്ട് കെ എസ് ആര്‍ ടി സിയുടെ യാത്ര തടഞ്ഞതായും സ്ഥിരീകരിക്കുന്നുണ്ട്. സി സി ടി വി ക്യാമറകളും ഇക്കാര്യം ശരിവെക്കുന്നു.

ഗതാഗത മന്ത്രിയുടെ നിര്‍ദേശാനുസാരം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലും ഡ്രൈവര്‍ക്കെതിരായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് അറിയുന്നത്. പാളയം സാഫല്യം കോംപ്ലക്‌സിനു മുന്നിലെ റെഡ് സിഗ്നലിലാണ് കാര്‍ നിര്‍ത്തി ബസ് ഡ്രൈവറുമായി സംസാരിച്ചതെന്നായിരുന്നു മേയര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഇത് പച്ചക്കള്ളമാണെന്ന് കാണിക്കുന്നു ക്യാമറ ദൃശ്യവും അന്വേഷണ റിപോര്‍ട്ടും.

മാത്രമല്ല സംഭവം നടക്കുമ്പോള്‍ മറ്റു വാഹനങ്ങള്‍ അതുവഴി കടന്നു പോകുന്ന സി സി ടി വി ദൃശ്യങ്ങളുണ്ട്. റെഡ് സിഗ്നല്‍ സമയത്താണ് കാര്‍ നിര്‍ത്തിയതെന്ന മേയറുടെ വാദത്തെ ഇത് നിരാകരിക്കുന്നു. സംഭവ സമയത്ത് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന മേയറുടെ ആരോപണവും മെഡിക്കല്‍ പരിശോധനയില്‍ പൊളിഞ്ഞു. പരിശോധനയില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണ് അപകടകരമായ രീതിയില്‍ മറ്റൊരു വാഹനത്തെ പിന്തുടരുന്നതും തടയുന്നതും ഇടത് വശത്തു കൂടെയുള്ള ഓവര്‍ടേക്കിംഗും. നടുറോഡില്‍ കെ എസ് ആര്‍ ടി സി ബസ് തടഞ്ഞതിന് ജാമ്യമില്ലാ കുറ്റത്തിന് കേസെടുക്കാന്‍ വകുപ്പുണ്ട.് സീബ്രാ ലൈനിലേക്ക് കയറ്റി വാഹനം പാര്‍ക്ക് ചെയ്യുന്നതും ബസ് ഡ്രൈവറുടെ കൃത്യനിര്‍വഹണം തടയുന്നതും ബസ് മുടക്കി സാമ്പത്തിക നഷ്ടം വരുത്തുന്നതും കുറ്റകരമാണ്. ഈ പറഞ്ഞ നിയമ ലംഘനങ്ങളെല്ലാം നടത്തിയിട്ടും മേയര്‍ സുരക്ഷിത!

ഡ്രൈവര്‍ അസഭ്യമായ രീതിയില്‍ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്യാനാണ് ബസ് തടഞ്ഞിട്ടതെന്ന മേയറുടെ വാദവും നിയമപരമായി അംഗീകരിക്കാനാകില്ല. ലൈംഗികാതിക്രമം നടന്നാല്‍ വാഹനം തടഞ്ഞ് പ്രതിയെ ചോദ്യം ചെയ്യാന്‍ ജനപ്രതിനിധികള്‍ക്ക് അധികാരമില്ല. ആദ്യം പോലീസിനെ വിവരമറിയിക്കുകയാണ് ലൈംഗികാതിക്രമ കേസുകളില്‍ ചെയ്യേണ്ടത്. പ്രതി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ മാത്രമേ തടയാന്‍ ശ്രമിക്കാവൂ എന്നാണ് നിയമം. വിവരം പോലീസിനെ അറിയിക്കാതെ മേയര്‍ സ്വയം വാഹനം തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തത് അധികാര ദുര്‍വിനിയോഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രശ്‌നത്തില്‍ കെ എസ് ആര്‍ ടി സി അധികൃതര്‍ സ്വീകരിച്ച നിലപാടും വിമര്‍ശന വിധേയമായിട്ടുണ്ട്. കെ എസ്ആര്‍ ടി സി ബസിനെതിരെ കൈയേറ്റമോ യാത്ര തടസ്സപ്പെടുത്തലോ സംഭവിച്ചാല്‍ സാധാരണഗതിയില്‍ കോര്‍പറേഷന്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയും കുറ്റവാളികള്‍ക്കെതിരെ നിയമ നടപടിയിലേക്ക് നീങ്ങുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍ ഈ പ്രശ്‌നത്തില്‍ പ്രതികള്‍ മേയറും എം എല്‍ എയുമാണെന്നറിഞ്ഞതോടെ പോലീസില്‍ പരാതി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു കെ എസ് ആര്‍ ടി സി.

മാത്രമല്ല, മേയറെ പിന്തുണച്ചും ഡ്രൈവറെ കുറ്റപ്പെടുത്തിയും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തു വന്നതോടെ ഡ്രൈവറെ പഴിചാരി കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലുമാണ് കെ എസ് ആര്‍ ടി സിയെന്നാണ് വിവരം. ഡ്രൈവറോട് ഇനി ജോലിക്ക് വരേണ്ടെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട് അധികൃതര്‍. ഈ സംഭവത്തില്‍ ജീവനക്കാരനോട് സ്ഥാപനം ചെയ്തത് കടുത്ത അനീതിയാണ്. ബസിനുള്ളിലെ നിരീക്ഷണ ക്യാമറ പരിശോധിച്ച ശേഷമെങ്കിലും മതിയായിരുന്നു ഡ്രൈവര്‍ക്കെതിരായ നടപടി.

മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം അടുത്തിടെ ക്യാമറ ഘടിപ്പിച്ച ബസുകളിലൊന്നാണ് വിവാദത്തിലകപ്പെട്ടത്. ബസിനുള്ളിലും മുന്നിലും പിന്നിലും ക്യാമറകളുണ്ട്. ആരാണ് കുഴപ്പക്കാര്‍? ബസിലെ യാത്രക്കാരെ ഇറക്കിവിട്ടതാര്? ബസും മേയറുടെ കാറും എത്ര നേരം ഒരുമിച്ചോടി? ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ ഈ ക്യാമറകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കാര്‍ യാത്രക്കാര്‍ മേയറും എം എല്‍ എയുമായതിനാല്‍ ക്യാമറകള്‍ പരിശോധിച്ച് വസ്തുതകള്‍ കണ്ടെത്താനോ കണ്ടെത്തിയാല്‍ തന്നെ റിപോര്‍ട്ട് പുറത്തുവിടാനോ സാധ്യത കുറവാണ്.

---- facebook comment plugin here -----

Latest