Connect with us

Kerala

ബാലഗോകുലം പരിപാടിയില്‍ മേയര്‍ പങ്കെടുത്തത് തെറ്റ്; അതൃപ്തി പ്രകടിപ്പിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്

വിഷയത്തില്‍ ഉചിതമായ നടപടിയെടുക്കാന്‍ ജില്ലാ ഘടകത്തെ പാര്‍ട്ടി ചുമതലപ്പെടുത്തി.

Published

|

Last Updated

തിരുവനന്തപുരം | ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്റെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. വിഷയത്തില്‍ ഉചിതമായ നടപടിയെടുക്കാന്‍ ജില്ലാ ഘടകത്തെ പാര്‍ട്ടി ചുമതലപ്പെടുത്തി. ആര്‍ എസ് എസ് സംഘടനയായ ബാലഗോകുലത്തിന്റെ മേയറുടെ നടപടി തെറ്റായിപ്പോയെന്നും പാര്‍ട്ടി സമീപനത്തിനും നിലപാടിനും വിരുദ്ധമായ കാര്യമാണ് മേയര്‍ ചെയ്തതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

നേരത്തെ, ബീന ഫിലിപ്പിനെ തള്ളി സി പി എം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. ഒരു നിലക്കും ഇത് അംഗീകരിക്കില്ല. സി പി എമ്മിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് മേയറുടെ നടപടി. ഇതിനെ പാര്‍ട്ടി പരസ്യമായി തള്ളുന്നുവെന്നും മോഹനന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത മേയര്‍ ബീന ഫിലിപ്പ് കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നും വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഇത് വലിയ വാര്‍ത്തയാകുകയും വിവാദങ്ങള്‍ ഉയരുകയും ചെയ്തതോടെ അവര്‍ വിശദീകരണം നടത്തിയിരുന്നു. ബാലഗോകുലം സംഘ്പരിവാര്‍ സംഘടനയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് മേയര്‍ പറഞ്ഞത്. അമ്മമാരുടെ കൂട്ടായ്മയെന്ന രീതിയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് പറഞ്ഞ മേയര്‍ പരിപാടിക്ക് പോകരുതെന്ന് പാര്‍ട്ടി കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞതെന്നും വിവാദമുണ്ടായതില്‍ ഏറെ ദുഖമുണ്ടെന്നും മേയര്‍ വിശദീകരിച്ചിരുന്നു.

---- facebook comment plugin here -----

Latest