Connect with us

mamukkoya

മാമുക്കോയയുടെ ഖബറടക്കം അല്പസമയത്തിനകം

രാവിലെ പത്തിന് കണ്ണംപറമ്പ് ഖബർസ്ഥാനിലാണ് ഖബറടക്കം.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോടന്‍ തനിമകൊണ്ട് വെള്ളിത്തിരയില്‍ ചിരിവിടര്‍ത്തിയ മാമുക്കോയയുടെ ഖബറടക്കം ഇന്ന്. ഇന്ന് രാവിലെ പത്തിന് കണ്ണംപറമ്പ് ഖബർസ്ഥാനിലാണ് ഖബറടക്കം. ഇന്നലെ വൈകിട്ട് മൂന്ന് മുതൽ രാത്രി പത്ത് വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. തുടർന്ന് മൃതദേഹം അരക്കിണറിലെ വീട്ടിലെത്തിച്ചു.

ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയായിരുന്നു. ഉച്ചക്ക് 1.5 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ബന്ധുക്കളെല്ലാം ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാന്‍ കാരണം. മലപ്പുറം കാളിക്കാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങിനിടയായിരുന്നു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കല്ലായിപ്പുഴയുടെ ഓരങ്ങളിലെ തടിവ്യാപാര മേഖലയില്‍ നിന്നു നാടകത്തിന്റെ കൈപിടിച്ചു വെള്ളിത്തിരയില്‍ എത്തിയ അദ്ദേഹം കോഴിക്കോടിന്റെ ഭാഷയും ശൈലിയും കൊണ്ടു വെള്ളിത്തിരയില്‍ അനിവാര്യ ഘടകമായിത്തീര്‍ന്നു. തനിമ മുറ്റിനില്‍ക്കുന്ന ഹാസ്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കോഴിക്കോടന്‍ സംഭാഷണശൈലിയുടെ സമര്‍ത്ഥമായ പ്രയോഗത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946-ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലായിരുന്നു ജനനം. കോഴിക്കോട് എം എം ഹൈസ്‌കൂളില്‍ പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ നാടകത്തിലഭിനയിക്കുമായിരുന്നു. നാടകവും കല്ലായിലെ മരമളക്കല്‍ ജോലിയും അദ്ദേഹം ഒരുമിച്ചുകൊണ്ടുപോയി.

നാടകാചാര്യന്‍ കെ ടി മുഹമ്മദ്, വാസു പ്രദീപ്, ബി മുഹമ്മദ് (കവിമാഷ്), എ കെ പുതിയങ്ങാടി, കെ ടി കുഞ്ഞു, ചെമ്മങ്ങാട് റഹ്മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.1979 ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയില്‍ എത്തിയത്. പിന്നീട് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തില്‍ അദ്ദേഹം ചെയ്യ്ത അറബി മുന്‍ഷിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്. 1982-ല്‍ എസ് കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ വേഷം ലഭിച്ചു. പിന്നീട് മലയാള സിനിമയില്‍ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍. പെരുമഴക്കാലം എന്ന സിനിമയിലെ അഭിനയത്തിനു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.

 

---- facebook comment plugin here -----

Latest