Malappuram
മഅ്ദിന്‍ ഹിജ്‌റ കോണ്‍ഫറന്‍സ് നാളെ സ്വലാത്ത് നഗറില്‍
മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ജുമുഅ നിസ്‌കാരത്തിന് വിപുലമായ ക്രമീകരണങ്ങള്‍
മലപ്പുറം | ഇസ്ലാമിക ചരിത്രത്തിലെ പവിത്രമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുഹറം (muharram) മാസത്തിലെ പുണ്യ വേളകളെ ധന്യമാക്കുന്നതിന് മഅദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഹിജ്‌റ കോണ്‍ഫറന്‍സ് (hijra conference) നാളെ വെള്ളിയാഴ്ച രാവിലെ 8 മുതല്‍ സ്വലാത്ത് നഗറില്‍ നടക്കും. വിശ്വാസികള്‍ ഏറെ പ്രാധാന്യം കല്‍പിക്കുന്ന വെള്ളിയാഴ്ചയും മുഹറം പത്തും ഒരുമിച്ചുവരുന്നതിനാല്‍ ആയിരക്കണക്കിന് പേര്‍ സ്വലാത്ത് നഗറിലെത്തും.
പ്രഥമ പ്രവാചകന്‍ ആദം നബി തൊട്ട് മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ ഒരുപാട് അനുഗ്രഹങ്ങള്‍ ലഭിച്ച മാസമായ മുഹറത്തിലെ ഓരോ ചരിത്ര നിമിഷങ്ങളേയും സ്മരിക്കുന്നതായിരിക്കും പരിപാടികള്‍.
രാവിലെ 8ന് സമസ്ത സെന്റിനറിയുടെ ഭാഗമായുള്ള പതാക ഉയര്‍ത്തലോടെ പ്രധാന പരിപാടികള്‍ക്ക് തുടക്കമാകും. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ആയിരം ഇഖ്ലാസ് പാരായണം, മുഹറം പത്തിലെ പ്രത്യേകമായ ദിക്റുകള്‍, പ്രാര്‍ഥനകള്‍, ഹിജ്‌റയുടെ ചരിത്ര സന്ദേശ പ്രഭാഷണം, സമൂഹ നോമ്പുതുറ എന്നീ ആത്മീയ ചടങ്ങുകളാണ് നടക്കുക. പ്രാര്‍ഥനകള്‍ക്കും മജ്ലിസുകള്‍ക്കും സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.
പ്രമുഖ സാദാത്തുക്കളും പണ്ഡിതരും സംബന്ധിക്കും. അരലക്ഷം പേര്‍ക്കുള്ള നോമ്പുതുറയൊരുക്കും. ഇമാം ഹുസൈന്‍ (റ), സയ്യിദ് ഖാസിം വലിയുല്ലാഹി കവരത്തി ആണ്ട് നേര്‍ച്ചയും പരിപാടിയില്‍ നടക്കും. പരിപാടിയില്‍ സംബന്ധിക്കുന്നതിന് വിദൂര സ്ഥലങ്ങളില്‍ നിന്നും മറ്റും വരുന്നവര്‍ക്ക് അത്താഴ, താമസ സൗകര്യവുമൊരുക്കും.
ഈ മാസത്തിന്റെയും ദിവസങ്ങളുടെയും പുണ്യം നേടാനെത്തുന്ന വിശ്വാസികളുടെ മുന്‍വര്‍ഷങ്ങളിലെ ബാഹുല്യം മനസ്സിലാക്കി ഈ വര്‍ഷം കൂടുതല്‍ സൗകര്യങ്ങളാണ് മഅ്ദിന്‍ കാമ്പസില്‍ സജ്ജീകരിച്ചിരിക്കുന്നത്. മുഹറം പത്തും വെള്ളിയാഴ്ചയും ആയതിനാല്‍ മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ജുമുഅ നിസ്‌കാരത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഗാന്റ് മസ്ജിദിലെ സൗകര്യങ്ങള്‍ക്ക് പുറമെ വിശാലമായ പന്തല്‍, ഓഡിറ്റോറിയം സൗകര്യങ്ങളും പരിപാടി തത്സമയം വീക്ഷിക്കുന്നതിനുള്ള സ്‌ക്രീന്‍ സംവിധാനങ്ങളും ഒരുക്കും. പരിപാടിയില്‍ സംബന്ധിക്കുന്നതിന് സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളുണ്ടാകും. വിവിധ റൂട്ടുകളില്‍ സൗജന്യ ബസ് സൗകര്യവും ഏര്‍പ്പെടുത്തും. വിവരങ്ങള്‍ക്ക്: 9072310111, 9072310222
Content Highlights:
Ma’din Academy will host the historic Hijra Conference on Friday at Swalath Nagar in Malappuram. The event coincides with the holy day of Muharram 10 and features special prayers, spiritual discourses, and a massive community Iftar. Sayyid Ibrahimul Khaleel Al Bukhari and other scholars will lead the gatherings.





