Malappuram
പതിനായിരങ്ങളുടെ ആത്മീയ വേദി; മഅ്ദിന്‍ ഹിജ്‌റ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച സ്വലാത്ത് നഗറില്‍
വിശ്വാസികള്‍ ഏറെ പ്രാധാന്യം കല്‍പിക്കുന്ന വെള്ളിയാഴ്ചയും മുഹര്‍റം പത്തും ഒരുമിച്ചുവരുന്നുവെന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്.
മലപ്പുറം | ഇസ്‌ലാമിക ചരിത്രത്തിലെ പവിത്രമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുഹര്‍റം മാസത്തിലെ പുണ്യ വേളകളെ ധന്യമാക്കുന്നതിന് മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഹിജ്‌റ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച (ജൂണ്‍ 26) രാവിലെ എട്ട് മുതല്‍ സ്വലാത്ത് നഗറില്‍ നടക്കും. വിശ്വാസികള്‍ ഏറെ പ്രാധാന്യം കല്‍പിക്കുന്ന വെള്ളിയാഴ്ചയും മുഹര്‍റം പത്തും ഒരുമിച്ചുവരുന്നുവെന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്.
പ്രഥമ പ്രവാചകന്‍ ആദം നബി തൊട്ട് മുഹമ്മദ് നബി (സ്വ) വരെയുള്ള പ്രവാചകന്മാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ ഒരുപാട് അനുഗ്രഹങ്ങള്‍ ലഭിച്ച മാസമായ മുഹര്‍റത്തിലെ ഓരോ ചരിത്ര നിമിഷങ്ങളേയും സ്മരിക്കുന്നതായിരിക്കും പരിപാടികള്‍. ഹിജ്‌റ വര്‍ഷാരംഭം കൂടിയായ മുഹര്‍റം ഒന്ന് മുതല്‍ മഅ്ദിന്‍ കാമ്പസില്‍ നടന്നു വരുന്ന വിവിധ പരിപാടികളുടെ സമാപനവും വെള്ളിയാഴ്ച നടക്കും. ഫസ്റ്റ് ഓഫ് മുഹര്‍റം, സ്റ്റുഡന്‍സ് അസംബ്ലി, ഹിജ്റ സെമിനാര്‍, ഗോളശാസ്ത്ര ശില്‍പശാല, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, ക്വിസ് മത്സരങ്ങള്‍, മെസ്സേജ് ഡിസ്പ്ലേ വിതരണം തുടങ്ങി വിവിധ പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്നത്.
മുഹര്‍റം ദുഃഖത്തിന്റെയും വേദനയുടെയും അവസരമായി അവതരിപ്പിക്കുന്നത് ഇസ്‌ലാമിക ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണ്. അല്ലാഹുവിന്റെ നിരവധി അനുഗ്രഹങ്ങള്‍ മനുഷ്യര്‍ക്ക് പെയ്തിറങ്ങിയ ഈ വേളകളെ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടും അവനിലേക്ക് കൂടുതല്‍ അടുത്തു കൊണ്ടുമാണ് ചെലവഴിക്കേണ്ടത്. അതിനുള്ള അവസരമാണ് മുഹര്‍റം ആചരണത്തിലൂടെ മഅ്ദിന്‍ അക്കാദമി ഒരുക്കുന്നത്.
ഹിജ്‌റ സമ്മേളനത്തിന്റെ ഭാഗമായി ജൂണ്‍ 25 (വ്യാഴം) വനിതകള്‍ക്കായി രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരുമണി വരെ ഹോം സയന്‍സ് ക്ലാസും പ്രാര്‍ഥനാ മജ്ലിസും നടക്കും. മഹ്‌ളറത്തുല്‍ ബദ്‌രിയ്യക്ക് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച (മുഹര്‍റം 10) രാവിലെ എട്ടിന് പ്രധാന പരിപാടികള്‍ക്ക് തുടക്കമാകും. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ആയിരം ഇഖ്ലാസ് പാരായണം, മുഹര്‍റം പത്തിലെ പ്രത്യേകമായ ദിക്റുകള്‍, പ്രാര്‍ഥനകള്‍, ഹിജ്‌റയുടെ ചരിത്ര സന്ദേശ പ്രഭാഷണം, സമൂഹ നോമ്പുതുറ എന്നീ ആത്മീയ ചടങ്ങുകളാണ് നടക്കുക. പ്രാര്‍ഥനകള്‍ക്കും മജ്ലിസുകള്‍ക്കും സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതരും സംബന്ധിക്കും. അരലക്ഷം പേര്‍ക്കുള്ള നോമ്പുതുറയൊരുക്കും. ഇമാം ഹുസൈന്‍ (റ), സയ്യിദ് ഖാസിം വലിയുല്ലാഹി കവരത്തി ആണ്ട് നേര്‍ച്ചയും നടക്കും. പരിപാടിയില്‍ സംബന്ധിക്കുന്നതിന് വിദൂര സ്ഥലങ്ങളില്‍ നിന്നും മറ്റും വരുന്നവര്‍ക്ക് അത്താഴ, താമസ സൗകര്യവുമൊരുക്കും.
ഈ മാസത്തിന്റെയും ദിവസങ്ങളുടെയും പുണ്യം നേടാനെത്തുന്ന വിശ്വാസികളുടെ മുന്‍വര്‍ഷങ്ങളിലെ ബാഹുല്യം മനസ്സിലാക്കി ഈ വര്‍ഷം കൂടുതല്‍ സൗകര്യങ്ങളാണ് മഅ്ദിന്‍ കാമ്പസില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഗ്രാന്റ് മസ്ജിദിലെ സൗകര്യങ്ങള്‍ക്ക് പുറമെ വിശാലമായ പന്തല്‍, ഓഡിറ്റോറിയം സൗകര്യങ്ങളും പരിപാടി തത്സമയം വീക്ഷിക്കുന്നതിനുള്ള സ്‌ക്രീന്‍ സംവിധാനങ്ങളും ഒരുക്കും. പരിപാടിയില്‍ സംബന്ധിക്കുന്നതിന് സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളുണ്ടാകും. വിവിധ റൂട്ടുകളില്‍ സൗജന്യ ബസ് സൗകര്യവും ഏര്‍പ്പെടുത്തും. വിവരങ്ങള്‍ക്ക്: 9072310111, 9072310222.
മഅ്ദിന്‍ അക്കാദമി മുപ്പതാം വാര്‍ഷികോപഹാരം; തങ്ങള്‍ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കായുള്ള ‘ദാറുല്‍ ബതൂല്‍’ സമര്‍പ്പണം ശനിയാഴ്ച
മലപ്പുറം: തങ്ങള്‍ കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനായുള്ള മഅ്ദിന്‍ ദാറുല്‍ ബതൂല്‍ സമര്‍പ്പണം ശനിയാഴ്ച (ജൂണ്‍ 27) രാവിലെ ആറിന് നടക്കും. നൂറുകണക്കിന് സാദാത്തുക്കളുടെ നേതൃത്വത്തില്‍ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമര്‍പ്പണം നടത്തും.
മഅദിന്‍ എജ്യൂപാര്‍ക്കിലെ ദാറുല്‍ ബതൂല്‍ വിദ്യാഭ്യാസ സമുച്ഛയത്തില്‍ എട്ടാം ക്ലാസ് മുതല്‍ പി ജി തലം വരെ ഹോസ്റ്റല്‍ സൗകര്യത്തോടെ സൗജന്യ പഠനത്തിന് അവസരമൊരുക്കും. ശരീഅ സ്‌ക്വയര്‍, സയ്യിദ് എജ്യുക്കേഷണല്‍ അഡ്വാന്‍സ്മെന്റ് മിഷന്‍, ഹെറിറ്റേജ് ആന്‍ഡ് ഖബീല റിസേര്‍ച്ച് ഫൗണ്ടേഷന്‍, സാദാത്ത് ഫാമിലി സര്‍ക്യൂട്ട്, മൊബൈല്‍ കൗണ്‍സിലിംഗ്, ഹയര്‍ സ്റ്റഡീസ് ബ്രിഡ്ജ് സ്‌കൂള്‍ തുടങ്ങിയ പത്തിന വിദ്യാഭ്യാസ പദ്ധതികള്‍ സ്ഥാപനത്തിലുണ്ടാവും.
മലപ്പുറം, മഞ്ചേരി പരിസര പ്രദേശങ്ങളിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ യൂണിവേഴ്‌സിറ്റികളിലും പി എച്ച് ഡി, പി ജി, ഡിഗ്രി, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ പ്രവേശനം ലഭിക്കുന്ന തങ്ങള്‍ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ താമസ-ഭക്ഷണ സൗകര്യങ്ങളും ക്യാമ്പസില്‍ ഒരുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍
1. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി
(ചെയര്‍മാന്‍, സ്വാഗതസംഘം)
2. സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി
(വര്‍ക്കിംഗ് ചെയര്‍മാന്‍, സ്വാഗതസംഘം)
3. ദുല്‍ഫുഖാര്‍ അലി സഖാഫി
(മാനേജര്‍, മഅ്ദിന്‍ അക്കാദമി)
4. ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍
(ജനറല്‍ കണ്‍വീനര്‍, സ്വാഗത സംഘം)
5. മുഹമ്മദ് ശാഫി ഫാളിലി
(വര്‍ക്കിംഗ് കണ്‍വീനര്‍, സ്വാഗതസംഘം)



