Connect with us

love jihad

ലൗ ജിഹാദ്: ജോര്‍ജ് എം തോമസിന് പിശകുപറ്റിയെന്ന് സി പി എം

കോടഞ്ചേരിയിലേത് മിശ്രവിവാഹം: ഷെജിനെതിരെ ഒരു നടപടിയും എടുക്കില്ല

Published

|

Last Updated

കോഴിക്കോട് | ലൗ ജിഹാദ് എന്ന് പറയുന്നത് ആര്‍ എസ് എസും സംഘ്പരിവാറും രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ആക്രമിക്കാന്‍ കൊണ്ടുവരുന്ന വസ്തുതാവിരുദ്ധാമായ ആരോപണങ്ങളാണെന്ന് സി പി എം. കോടഞ്ചേരിയിലെ മിശ്രിവിവാഹം സംബന്ധിച്ച് പാര്‍ട്ടി നേതാവ് ജോര്‍ജ് എം തോമസ് നടത്തിയ പരാമര്‍ശത്തില്‍ പിശക് പറ്റിയിട്ടുണ്ടെന്നും സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലൗജിഹാദ് എന്നത് അടിസ്ഥാന രഹിതമാണ്. പറഞ്ഞത് തെറ്റായെന്ന് ജോര്‍ജ് എം തോമസിന് ബോധ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ജോര്‍ജ് എം തോമസിന്റേത് നാക്ക്പിശകായി കണ്ടാല്‍ മതി. ആ അധ്യായം അവസാനിച്ചെന്നും മോഹനന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്ക് വിവാഹം ചെയ്യാനും ഒരമിച്ച് ജീവിക്കാനുമുള്ള എല്ലാ പരിരക്ഷയും രാജ്യത്തുണ്ട്. ഇതിനെ പിന്തുണക്കുന്നതാണ് പുരോഗമന പ്രസ്ഥാനത്തിന്റെ നിലപാട്. കോടഞ്ചേരിയിലെ മിശ്രവിവാഹത്തില്‍ അസ്വഭാവികമായി ഒന്നുമില്ല. വിവാഹം കഴിച്ച ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് ഷെജിനോട് പാര്‍ട്ടി വിശദീകരണം ചോദിക്കില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ട ആവശ്യവുമില്ല. ഷെജിനും ജ്യോത്സനക്കും പാര്‍ട്ടി എല്ലാവിധ സംരക്ഷണവും പിന്തുണയും നല്‍കും.

എന്നാല്‍ കോടഞ്ചേരിയിലെ മിശ്രവിവാഹം മറയാക്കി വര്‍ഗീയത പടര്‍ത്താനും പാര്‍ട്ടിക്കെതിരായ നീക്കത്തിനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇതിനെ സി പി എം പ്രതിരോധിക്കും. ഇതിന്റെ ഭാഗമായാണ് ഇന്ന് കോടഞ്ചേരിയില്‍ വിശദീകരണ യോഗം ചേരുന്നതെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു.