Connect with us

Kerala

ലീഗ്- ഇ കെ വിഭാഗം ഭിന്നത; നേരിട്ടിറങ്ങി നേതാക്കള്‍

പി എം എ സലാമിന്റെ അധിക്ഷേപത്തെ ജിഫ്രി തങ്ങള്‍ വിമര്‍ശിച്ചതിന് പിന്നാലെ, ഇ കെ വിഭാഗം പോഷക സംഘടനാ നേതാക്കള്‍ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി സ്വാദിഖലി ശിഹാബ് തങ്ങള്‍ രംഗത്തെത്തി.

Published

|

Last Updated

കോഴിക്കോട് | അണികളും രണ്ടാം നിര നേതാക്കളും മാത്രം ഇടപെട്ടിരുന്ന ലീഗ് – ഇ കെ വിഭാഗം ഭിന്നതയില്‍ പരസ്യമായി രംഗത്തിറങ്ങി ഇരു പക്ഷത്തെയും ഉന്നത നേതൃത്വവും. തനിക്കെതിരെ മുനവെച്ചുള്ള പി എം എ സലാമിന്റെ അധിക്ഷേപത്തെ ജിഫ്രി തങ്ങള്‍ വിമര്‍ശിച്ചതിന് പിന്നാലെ, ഇ കെ വിഭാഗം പോഷക സംഘടനാ നേതാക്കള്‍ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി സ്വാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെ രംഗത്തെത്തി.

അനുരഞ്ജന നീക്കങ്ങള്‍ നടക്കുന്നുവെന്ന പ്രതീതി പ്രചരിച്ചിരിക്കെയാണ് തട്ടം വിവാദത്തില്‍ ജിഫ്രി തങ്ങള്‍ക്കെതിരെ പി എം എ സലാമിന്റെ പ്രതികരണമുണ്ടാകുന്നത്. ഇതാണ് ഇപ്പോള്‍ മുതിര്‍ന്ന നേതാക്കളുടെ പരസ്യമായ പ്രതികരണത്തിലേക്ക് നയിച്ചത്. ലീഗ് സംസ്ഥാന പ്രസിഡന്റിന് നല്‍കുന്ന പതിവില്‍ നിന്ന് വ്യത്യസ്തമായി പി എം എ സലാമിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള പോഷക സംഘടനാ നേതാക്കളുടെ കത്ത് കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയതും ശ്രദ്ധിക്കപ്പെട്ടു.

ഇതിന് പിന്നാലെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പി എം എ സലാം കണ്ടം ചാടി വന്ന ആളാണെന്നും പ്രസ്താവന ജിഫ്രി തങ്ങള്‍ക്കെതിരെയാണെന്ന് അന്നം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകുന്നതാണെന്നുമാണ് മുക്കം ഉമര്‍ ഫൈസി കഴിഞ്ഞ ദിവസം തുറന്നടിച്ചത്. സലാമിനെ മാറ്റുന്നതാണ് ലീഗിന് നല്ലതെന്നും ഉമര്‍ ഫൈസി വ്യക്തമാക്കിയിരുന്നു.

എന്നാല്‍, സലാമിന്റെ പരാമര്‍ശം വഴിതിരിച്ചുവിടുകയാണെന്നും അദ്ദേഹം ആരെയും പ്രത്യേകം ഉദ്ദേശിച്ചു പറഞ്ഞതല്ലെന്നും സ്വാദിഖലി തങ്ങള്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് സലാമിനെതിരെ നല്‍കിയ കത്ത് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്കുള്ള കത്ത് ഞങ്ങള്‍ക്ക് തരേണ്ടതുണ്ടെന്നും അത് മാധ്യമങ്ങള്‍ക്ക് നല്‍കുകയല്ല വേണ്ടതെന്നും ഞങ്ങള്‍ക്ക് വേറെ പണിയുണ്ടെന്നും സ്വാദിഖലി തങ്ങള്‍ തുറന്നടിച്ചു.

സി ഐ സിയുമായുള്ള ഇ കെ വിഭാഗത്തിന്റെ തര്‍ക്കമാണിപ്പോള്‍ രൂപമാറ്റം സംഭവിച്ച് മുസ്ലിം ലീഗും ഇ കെ വിഭാഗവുമായുള്ള അഭിപ്രായ ഭിന്നതയില്‍ എത്തിനില്‍ക്കുന്നത്. ഇതുവരെ ഇരുപക്ഷത്തേയും ഉന്നത നേതാക്കള്‍ പരോക്ഷമായ പരാമര്‍ശങ്ങളിലൂടെയും സൂചനകളിലൂടെയുമാണ് നിലപാട് വ്യക്തമാക്കിയിരുന്നത്.