തെളിയോളം
കൂടെ ആളില്ലെങ്കിൽ നിങ്ങൾ മുന്നിലാകുന്നതെങ്ങനെ?
നേതൃത്വം എന്നത് നിങ്ങൾ മുന്നിൽ നടക്കുമ്പോൾ എല്ലാവരും പിന്നാലെ വരുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. നിങ്ങൾ ഇല്ലാത്തപ്പോഴും അവർ ശരിയായ ദിശയിൽ മുന്നോട്ട് പോകുന്നുവെങ്കിൽ, അവിടെയാണ് നേതൃത്വത്തിന്റെ യഥാർഥ വിജയം. കാരണം, എല്ലാവരും നിങ്ങളെ പിന്തുടരുന്നതാണ് നേതൃത്വം എന്നതിലുപരി, ഓരോരുത്തരിലും ഒരു നേതാവിനെ കണ്ടെത്താൻ സഹായിക്കുന്നതാണ് യഥാർഥ നേതൃത്വം.
കൂട്ടത്തിൽ ഒരാൾ മുന്നിൽ നടക്കുന്നു എന്നതുകൊണ്ട് അയാൾ നേതാവാകണമെന്നില്ല. ചിലപ്പോൾ അയാൾക്ക് വഴിയറിയാത്തതുകൊണ്ടായിരിക്കും മുന്നിൽ നടക്കുന്നത്! നമ്മൾ പലപ്പോഴും നേതാക്കളെ വിജയത്തിന്റെ ഫോട്ടോയെടുപ്പിലും പരാജയത്തിന്റെ കണക്കെടുപ്പിലുമാണ് അന്വേഷിക്കുന്നത്. വിജയം വന്നാൽ പൂക്കളും പൊന്നാടയും; പരാജയം വന്നാൽ ചോദ്യങ്ങളും! എന്നാൽ നേതൃത്വം ഒരാളുടെ മാത്രം പ്രകടനമല്ല; നേതാവും കൂടെയുള്ളവരും ചേർന്ന് സൃഷ്ടിക്കുന്ന അനുഭവമാണ്.
വള്ളംകളിയിൽ കൊമ്പത്ത് നിന്ന് തുണി വീശുന്നവൻ നേതാവായിരിക്കാം, പക്ഷേ, മറ്റുള്ളവർ തുഴയുമ്പോഴാണ് വള്ളം മുന്നോട്ട് പോകുന്നത്. ഫുട്ബോൾ ക്യാപ്റ്റൻ “തീ പാറിക്കെടാ!” എന്ന് വിളിച്ചുകൊണ്ടിരിക്കുമ്പോൾ കളിക്കാർ ഷൂസിന്റെ ലെയ്‌സ് കെട്ടുകയാണെങ്കിൽ അതു നേതൃത്വം അല്ല, ശബ്ദപരിശീലനമാണ്! അതുകൊണ്ട് ഔദ്യോഗിക സ്ഥാനത്തേക്കാൾ ചിലപ്പോൾ അറിവും കഴിവുമാണ് നേതൃത്വത്തെ നിർണയിക്കുന്നത്. ഓഫീസിലെ മാനേജർ സോഫ്റ്റ്‌വെയർ എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് ജൂനിയറോട് ചോദിക്കുകയും അയാൾ രണ്ട് മിനുട്ടിൽ പ്രശ്നം പരിഹരിക്കുകയും ചെയ്താൽ, ആ നിമിഷത്തെ നേതാവ് ആരാണെന്ന് മനസ്സിലാകും! നേതാവ് വഴി അറിയുകയും നടക്കുകയും മാത്രമല്ല, മറ്റുള്ളവർക്ക് ആ വഴിയിലൂടെ നടക്കാനുള്ള മനസ്സ് ഉണ്ടാക്കുകയും വേണം.
നേതാവിനെ മാത്രം കേന്ദ്രീകരിച്ച് ടീമിനെ മറക്കുന്നതും വലിയ തെറ്റാണ്. ക്യാപ്റ്റനെ മാത്രം അഭിനന്ദിച്ച് മറ്റു കളിക്കാരെ മറന്നാൽ ഫുട്ബോൾ ടീം എത്രകാലം വിജയിക്കും? ഷെഫിനെ മാത്രം പ്രശംസിച്ച് അടുക്കളയിലെ ടീമിനെ മറന്നാൽ റെസ്റ്റോറന്റ് എത്രകാലം നന്നായി നടക്കും? ഒരു ഓർക്കസ്ട്രയിലെ സംഗീതജ്ഞർ ഉപകരണങ്ങളുമായി തയ്യാറല്ലെങ്കിൽ സംവിധായകൻ എത്ര മികച്ചവനായാലും പുറത്തുവരുന്നത് സംഗീതമല്ല, കൂട്ടബഹളമായിരിക്കും! മികച്ച നേതാവിന് കഴിവുള്ള ടീമില്ലെങ്കിൽ അത് ഒരു ശതമാനം ബാറ്ററിയുള്ള ഏറ്റവും പുതിയ മൊബൈൽ ഫോൺ പോലെയാണ് – ഫീച്ചറുകൾ ധാരാളം, പക്ഷേ അധികം വൈകാതെ ഓഫ്! നല്ല അനുയായി “യെസ് സർ” പറയുന്നയാൾ മാത്രമല്ല; ചിന്തിക്കുകയും ചോദിക്കുകയും നിർദേശിക്കുകയും ഉത്തരവാദിത്വം ഏറ്റെടുക്കുകയും ആവശ്യമുള്ളപ്പോൾ നേതൃത്വം നൽകുകയും ചെയ്യുന്നയാളാണ്.
“എല്ലാവരും എന്റെ വാക്ക് കേൾക്കണം” എന്ന നേതാവിനേക്കാൾ “നിങ്ങൾക്കും ചിന്തിക്കാം, തീരുമാനിക്കാം, മുന്നോട്ട് വരാം” എന്ന് പറയുന്ന നേതാവാണ് ടീമിനെ വളർത്തുന്നത്. നേതാവിന്റെ ഏറ്റവും വലിയ വിജയം താൻ ഇല്ലാത്തപ്പോഴും ടീം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നതാണ്. “എന്നെ കൂടാതെ ഇവിടെ ഒന്നും നടക്കില്ല” എന്നത് അഭിമാനവാക്യമല്ല; ടീമിന്റെ വളർച്ചക്ക് ഒരു മുന്നറിയിപ്പാണ്. അധികാരം കൈവശം വെക്കുന്നതല്ല നേതൃത്വത്തിന്റെ മഹത്വം; ഉത്തരവാദിത്വം പങ്കുവെക്കുന്നതാണ്.
അതിനുമപ്പുറം നേതൃത്വത്തിന്റെ അടിത്തറ ബന്ധവും വിശ്വാസവുമാണ്. ചുമരിൽ വലിയ അക്ഷരത്തിൽ “വിഷൻ” എഴുതിയതുകൊണ്ട് മാത്രം ടീം ഒന്നാകില്ല; വിശ്വാസമില്ലെങ്കിൽ അത് വിലകൂടിയ വാൾപേപ്പർ മാത്രം! നല്ല നേതാവ് “നിനക്ക് എന്താണ് ചെയ്യാനുള്ളത്?” എന്ന് ചോദിക്കുന്നതിനൊപ്പം “അത് നന്നായി ചെയ്യാൻ എന്നിൽ നിന്ന് നിനക്ക് എന്താണ് ആവശ്യം?” എന്നും ചോദിക്കും. കാരണം, ആളുകൾ ജോലിക്കൊപ്പം അവരുടെ സ്വപ്നങ്ങളും ആശങ്കകളും പ്രശ്നങ്ങളും ക്ഷീണവും കൂടി കൊണ്ടുവരുന്നവരാണ്. എല്ലാം പരിഹരിക്കേണ്ടതില്ല; പക്ഷേ അവയെ കാണാതിരിക്കരുത്. ഒരാളുടെ കഴിവ് തിരിച്ചറിയുക, ഭയം മനസ്സിലാക്കുക, അവസരം നൽകുക, “ഇത് നിനക്ക് ചെയ്യാൻ കഴിയും” എന്ന് പറയുക – ചിലപ്പോൾ ഇതാണ് വലിയ നേതൃത്വം.
നേതാവ് എല്ലാവരും ചുറ്റിക്കറങ്ങേണ്ട സൂര്യനാകേണ്ടതില്ല; ഓരോരുത്തർക്കും സ്വന്തം പ്രകാശം കണ്ടെത്താൻ സഹായിക്കുന്ന ഒരാളാകണം. ഒടുവിൽ, നേതൃത്വം എന്നത് നിങ്ങൾ മുന്നിൽ നടക്കുമ്പോൾ എല്ലാവരും പിന്നാലെ വരുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. നിങ്ങൾ ഇല്ലാത്തപ്പോഴും അവർ ശരിയായ ദിശയിൽ മുന്നോട്ട് പോകുന്നുവെങ്കിൽ, അവിടെയാണ് നേതൃത്വത്തിന്റെ യഥാർഥ വിജയം. കാരണം, എല്ലാവരും നിങ്ങളെ പിന്തുടരുന്നതാണ് നേതൃത്വം എന്നതിലുപരി, ഓരോരുത്തരിലും ഒരു നേതാവിനെ കണ്ടെത്താൻ സഹായിക്കുന്നതാണ് യഥാർഥ നേതൃത്വം.
Content Highlights:
True leadership lies in empowering team members and building mutual trust rather than asserting authority. Effective leaders create an environment where individuals can think, decide, and grow independently. Long-term success is achieved when a team thrives even in the absence of its leader.

