Connect with us

National

ഭൂമി തര്‍ക്കം: യുപിയില്‍ 3 പേരെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കൊലപാതകത്തില്‍ പ്രകോപിതരായ ചിലര്‍ പ്രതിയുടെ ഉള്‍പ്പെടെ നിരവധി വീടുകളും കടകളും അഗ്‌നിക്കിരയാക്കി.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്നു. കൊലപാതകത്തില്‍ പ്രകോപിതരായ ചിലര്‍ സമീപത്തെ വീടുകളും കടകളും കത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. ഹോരിലാല്‍, മകള്‍ ബ്രിജ്കാലി, മരുമകന്‍ ശിവശരണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുമ്പോള്‍ ചിലര്‍ വീട്ടില്‍ കയറി ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു.  ഗ്രാമവാസിയായ സുഭാഷുമായി ഹോരിലാലിന് ഭൂമി തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കൊലപാതകത്തില്‍ പ്രകോപിതരായ ചിലര്‍ പ്രതിയുടെ ഉള്‍പ്പെടെ നിരവധി വീടുകളും കടകളും അഗ്‌നിക്കിരയാക്കി. ആറോളം വീടുകള്‍ക്ക് തീയിട്ടുവെന്നാണ് വിവരം. സംഭവമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും എത്തി തീ നിയന്ത്രണ വിധേയമാക്കി. മൃതദേഹം ഏറ്റെടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ എതിര്‍ത്തു. പ്രതികളെ പിടികൂടുന്നത് വരെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ നിലപാടെടുത്തു.

പ്രതികളായ നാലുപേരുടെ പേര് വിവരങ്ങള്‍ ലഭിച്ചതായി പോലീസ് വ്യക്തമാക്കി. ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചുവരികയാണ്. സംഭവസ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

 

 

 

Latest