Connect with us

sabarinathan arrested

യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥന്‍ അറസ്റ്റില്‍

മുന്‍കൂര്‍ ജാമ്യഹരജി പരിഗണിച്ചപ്പോള്‍ അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ പ്ലീഡര്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു: ശംഖ്മുഖത്ത് യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്‍ അറസ്റ്റില്‍. ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ പ്ലീഡറാണ് അറസ്റ്റ് ചെയ്ത വിവരം കോടതിയെ അറിയിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ സമയം കോടതി ചോദിച്ചു. ഇത് ഹാജരാക്കാന്‍ കുറച്ച് സമയവും കോടതി അനുവദിച്ചു. കേസ് അല്‍പ്പസമയത്തിനകം വീണ്ടും കോടതി പരിഗണിക്കും.

രാവിലെ 10.30നാണ് ശംഖ്മുഖം എ സി പിക്ക് മുമ്പാകെ ശബരീനാഥന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിനിടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്നാണ് വിവരം. 11 മണിക്കാണ് ശബരീനാഥിന്റെ ജാമ്യഹരജി പരിഗണിച്ചിരുന്നത്. എന്നാല്‍ 10.50ന് ശബരീനാഥിനെ അറസ്റ്റ് ചെയ്തതായി പ്രോസിക്്യൂഷന്‍ കോടതിയില്‍ പറയുകയായിരുന്നെന്നാണ് വിവരം.

വിമാനത്തില്‍ പ്രതിഷേധിക്കാനുള്ള ആഹ്വാനം യൂത്ത് കോണ്‍ഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചത് ശബരീനാഥനാണെന്നതിനുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നു. ചോദ്യം ചെയ്യലില്‍ ഇത് ശബരീനാഥന്‍ അംഗീകരിച്ചതായാണ് വിവരം. യൂത്ത്കോണ്‍ഗ്രസിന്റെ കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം ഉള്ള ഗ്രൂപ്പിലായിരുന്നു ആസൂത്രണം. ഈ ഗ്രൂപ്പില്‍ വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരിനാഥനെന്ന് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലടക്കമുള്ളവരെ വരും ദിവസങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച യുവ ചിന്തന്‍ ശിബിരത്തില്‍ വനിത നേതാവിന്റെ പരാതി പുറത്തായതിന് പിന്നാലെയാണ് ശബരീനാഥിന്റെ പേരിലുള്ള വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും പ്രചരിക്കുന്നത്. യൂത്ത്കോണ്‍ഗ്രസിലെ വിഭാഗീയതയെ തുടര്‍ന്നാണ് വാട്ട്സാപ്പ് ചാറ്റ് പുറത്തായത്. ഇതില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുമുണ്ട്.

അതിനിടെ ശബരീനാഥിനെ പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ശംഖ്മുഖം പോലീസ് സ്‌റ്റേഷന് മുന്നില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്. ശംഖ്മുഖം റോഡ് ഉപരോധിച്ച് പ്രതിഷേധിക്കാനാണ് യൂത്ത്‌കോണ്‍ഗ്രസ് തീരുമാനം

 

 

Latest