Kerala
കെ എം ബഷീര്‍ കൊലപാതകം: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാര്‍ സര്‍ക്കാര്‍ തീരുമാനം
അഡ്വ. എ സന്തോഷ് കുമാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാകും
തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. സന്തോഷ് കുമാറിനെയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.
കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും വിചാരണ കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് കെ എം ബഷീറിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 11 ന് പരിഗണിച്ച ഹരജി സര്‍ക്കാറിന്റെ നിലപാടറിയാനായി ഈ മാസം 18 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ് ഹൈക്കോടതി. 18ന് ഹരജി പരിഗണിക്കുമ്പോള്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു കൊണ്ടുള്ള സര്‍ക്കാറിന്റെ നിലപാട് ഹൈക്കോടതിയെ അറിയിക്കും. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ബഷീറിന്റെ ഭാര്യയുടെ ആവശ്യം പരിഗണിക്കുമെന്ന് ആഭ്യന്തര വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. ഒന്നാം പ്രതി ശ്രീറാമിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ളയാണ് ഹാജരാകുന്നത്. നേരത്തെ ജില്ലാ സെഷന്‍സ് അഡീഷനല്‍ കോടതി ഒന്നില്‍ നടന്നിരുന്ന കേസ് രാമന്‍ പിള്ളയുടെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള തടസ്സഹര്‍ജിയില്‍ താഴത്തെ നിലയിലെ നാലാം കോടതിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കേസ് വിചാരണ ആരംഭിച്ച് രണ്ടാഴ്ചയായിട്ടും രാമന്‍ പിള്ള നേരിട്ട് കോടതിയില്‍ ഹാജരായിട്ടില്ല. ഓണ്‍ലൈനായാണ് സാക്ഷികളെ വിസ്തരിക്കുന്നത്. ഇതിനിടെയാണ് കോടതി മാറ്റം പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണെന്ന് ചൂണ്ടിക്കാട്ടി ബഷീറിന്റെ ഭാര്യ ജസീല ഹൈക്കോടതിയെ സമീപിച്ചത്. ഒപ്പം സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കമമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പോലീസും പറഞ്ഞിരുന്നു.
എന്നാല്‍, ദൃക്സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പോലീസിന്റെയും നീക്കം പൊളിയുകയായിരുന്നു.കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം ശ്രീറാം വെങ്കിട്ടരാമനെതിരെ രഹസ്യമൊഴി നല്‍കിയ വഫ ഫിറോസിനെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.


