Kerala
അന്തര്‍ സംസ്ഥാന വാഹന മോഷണക്കേസുകളിലെ പ്രതിയെ 22 വര്‍ഷത്തിന് ശേഷം കേരള പോലീസ് ഹരിയാനയില്‍ വെച്ച് പിടികൂടി
2004-ല്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണക്കേസുകളിലെ മുഖ്യ പ്രതിയാണിയാള്‍
കണ്ണൂര്‍ | കേരളത്തിലും വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതിയായി 22 വര്‍ഷമായി മുങ്ങിനടന്നയാളെ പോലീസ് പിടികൂടി. ഹരിയാന പല്‍വാല്‍ ഘോഡി വില്ലേജിലെ ബല്‍ദേവ് സിംഗിനെയാണ് (60) ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയില്‍ യമുനാനദിക്കരികിലുള്ള ടപ്പല്‍ എന്ന സ്ഥലത്തെ ഒളിത്താവളത്തില്‍ വെച്ച് കണ്ണൂര്‍ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്
2004-ല്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണക്കേസുകളിലെ മുഖ്യ പ്രതിയാണിയാള്‍. കണ്ണൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒരു എല്‍ പി വാറണ്ട് ഉള്‍പ്പെടെ ഒമ്പതോളം വാറണ്ടുകള്‍ ഇയാള്‍ക്കെതിരെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ദീര്‍ഘകാലമായി നിലവിലുണ്ട്. കഴിഞ്ഞ 22 വര്‍ഷമായി ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഉള്‍ഗ്രാമങ്ങളില്‍ പേര് മാറ്റി ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.പിടികൂടിയ പ്രതിയെ ക്രൈംബ്രാഞ്ച് സംഘം കണ്ണൂരില്‍ എത്തിച്ച് വൈദ്യപരിശോധനകള്‍ക്ക് ശേഷം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി റിമാന്‍ഡ് ചെയ്തു. പ്രതിക്ക് മറ്റ് അന്തര്‍സംസ്ഥാന മോഷണസംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് അറിയാന്‍ വരുംദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ വ്യക്തമാക്കി







