Connect with us

From the print

കേരനാട്ടിൽ നാളികേരത്തിന് കിതപ്പ്

ലോക നാളികേരദിനം ഇന്ന്

Published

|

Last Updated

പാലക്കാട് | കേരങ്ങളുടെ നാടെന്ന വിശേഷണമുണ്ടെങ്കിലും നാളികേര ഉത്പാദനത്തിൽ കേരളത്തിന്റെ മേൽക്കൈ നഷ്ടമാകുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ സ്ഥലത്ത് നാളികേരം കൃഷിചെയ്യുന്നത് കേരളത്തിലാണെങ്കിലും ആകെ ഉത്പാദനത്തിൽ തമിഴ്നാടും ഹെക്ടറിലെ വിളവിൽ ആന്ധ്രാപ്രദേശും ഏറെ മുന്നിലാണ്. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ 2024-25ലെ കണക്കുകൾ കേരളത്തിന്റെ നാളികേര കൃഷിയിലെ ഉത്പാദനക്ഷമതാ പ്രതിസന്ധി വ്യക്തമാക്കുന്നു.

കേരളത്തിൽ 7.66 ലക്ഷം ഹെക്ടറിലാണ് നാളികേര കൃഷി. 2024-25ൽ 38.61 ലക്ഷം ടൺ ഉത്പാദിപ്പിച്ചു. ഹെക്ടറിലെ ശരാശരി വിളവ് 5,044 കിലോഗ്രാം. മുൻവർഷം 38 ലക്ഷം ടൺ ഉത്പാദിപ്പിച്ചപ്പോൾ ഹെക്ടറിലെ വിളവ് 4,962 കിലോഗ്രാമായിരുന്നു. കേരളത്തേക്കാൾ 2.6 ലക്ഷം ഹെക്ടറോളം കുറവ് കൃഷിയുള്ള തമിഴ്നാട് 5.06 ലക്ഷം ഹെക്ടറിൽനിന്ന് 43.02 ലക്ഷം ടൺ ഉത്പാദിപ്പിച്ചു. ഹെക്ടറിലെ വിളവ് 8,510 കിലോഗ്രാം. 1.08 ലക്ഷം ഹെക്ടറിൽനിന്ന് 11.94 ലക്ഷം ടൺ ഉത്പാദിപ്പിച്ച ആന്ധ്രാപ്രദേശാണ് ഉത്പാദനക്ഷമതയിൽ മുന്നിൽ. ഹെക്ടറിന് 11,010 കിലോഗ്രാം. 6.01 ലക്ഷം ഹെക്ടറിൽനിന്ന് 35.58 ലക്ഷം ടൺ ഉത്പാദിപ്പിച്ച കർണാടകയാണ് ആകെ ഉത്പാദനത്തിൽ മൂന്നാമത്.

പഴകിയ തെങ്ങുകൾ, രോഗബാധ, കാലാവസ്ഥാ വ്യതിയാനം, വളപ്രയോഗത്തിലെയും ജലസേചനത്തിലെയും അപര്യാപ്തത, തൊഴിലാളിക്ഷാമം എന്നിവയാണ് കേരളത്തിലെ കുറഞ്ഞ ഉത്പാദനക്ഷമതക്ക് പ്രധാന കാരണങ്ങളെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഉത്പാദനശേഷിയുള്ള ഇനങ്ങൾ വ്യാപിപ്പിക്കുകയും പഴയ തെങ്ങുകൾ മാറ്റി പുതിയവ നടുകയും ശാസ്ത്രീയ പരിചരണവും ജലസേചനവും ഉറപ്പാക്കുകയും വേണം.
രാജ്യത്ത് നാളികേരത്തിന്റെയും നാളികേരാധിഷ്ഠിത ഉത്പന്നങ്ങളുടെയും കയറ്റുമതി ഉയരുമ്പോഴാണ് സംസ്ഥാനത്തിന്റെ ഉത്പാദനക്ഷമതാ വിടവ് ശ്രദ്ധേയമാകുന്നത്. 2025-26ൽ കയറ്റുമതി 7,038.35 കോടി രൂപയിലെത്തി. മുൻവർഷം ഇത് 4,349.03 കോടി രൂപയായിരുന്നു. മൂല്യവർധിത ഉത്പന്നങ്ങൾക്ക് രാജ്യാന്തര വിപണിയിൽ ആവശ്യകത ഉയരുന്നതിനാൽ അസംസ്‌കൃത നാളികേരത്തിന്റെ ഉത്പാദനക്ഷമത ഉയർത്തുന്നതിനൊപ്പം മൂല്യവർധിത ഉത്പന്നങ്ങളുടെ ശൃംഖലയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നാണ് കാര്‍ഷിക വിദഗ്ധരുടെ അഭിപ്രായം.

Content Highlights: Kerala leads in coconut cultivation area at 7.66 lakh hectares but lags behind Tamil Nadu and Andhra Pradesh in yield and total output. Old trees, pest attacks, and labor shortages drive down productivity. Meanwhile, India’s coconut product exports surged to over 7,038 crore rupees.

Latest