Connect with us

ATTAPADI MADHU MURDER CASE

മധു വധക്കേസിൽ ഇന്ന് വിധി പറഞ്ഞേക്കും

11 മാസത്തെ സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.

Published

|

Last Updated

പാലക്കാട് | അട്ടപ്പാടി മധു വധക്കേസ് വിധി പറയാൻ മണ്ണാർക്കാട് എസ് സി- എസ് ടി കോടതി ഇന്ന് പരിഗണിക്കും. 11 മാസത്തെ സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.

കൂറുമാറ്റം

നിരവധി തകിടം മറിച്ചിലുകൾക്കാണ് കേസ് സാക്ഷ്യം വഹിച്ചത്. പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണാ കോടതി റദ്ദാക്കിയ അസാധാരണ നടപടിയുണ്ടായി. കൂറുമാറിയ സാക്ഷി കക്കി മൂപ്പൻ പിന്നീട് കുറ്റബോധത്താൽ മൊഴി മാറ്റുന്നതും കണ്ടു. സാക്ഷികളെ സ്വാധീനിക്കരുതെന്ന ഹൈക്കോടതി ജാമ്യ വ്യവസ്ഥ 12 പ്രതികൾ ലംഘിച്ചതായി പ്രോസിക്യൂഷന് ശാസ്ത്രീയമായി തെളിയിക്കാനായി. വിചാരണാ കോടതി ജാമ്യം റദ്ദാക്കിയ ഒരാൾക്ക് മാത്രമാണ് ഹൈക്കോടതി ജാമ്യം നൽകിയത്. പോലീസ് കസ്റ്റഡിയിലിരിക്കെ ഒരാൾ മരിച്ചാൽ നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണ റിപോർട്ട് എങ്ങനെ വിചാരണ വേളയിൽ പ്രസക്തമാകുമെന്നതിനും മധു കേസ് സാക്ഷിയായി.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 16 പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ 122 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇവരിൽ 103 പേരെ വിസ്തരിച്ചു. പത്ത് മുതൽ 17 വരെയുള്ള സാക്ഷികൾ രഹസ്യമൊഴി നൽകി. മധുവിന്റെ ബന്ധുക്കൾ ഉൾപ്പെടെ 24 പേർ കൂറുമാറി. 77 പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കൂറുമാറിയ വനം വകുപ്പിലെ താത്കാലിക ജീവനക്കാരായ നാല് പേരെ പിരിച്ചുവിട്ടു. അതിനിടെ, കൂറുമാറിയ സാക്ഷികൾ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിനും മണ്ണാർക്കാട്ടെ പ്രത്യേക കോടതി സാക്ഷിയായി. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെ കൂറുമാറ്റം ഒരു പരിധി വരെ തടയാനും പ്രോസിക്യൂഷന് കഴിഞ്ഞു.

കോടതിയിലെത്താതെ മൂന്ന് പ്രോസിക്യൂട്ടർമാരാണ് കേസിൽ നിന്ന് പിന്മാറിയത്. 2022 ഫെബ്രുവരി 18നാണ് പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ സി രാജേന്ദ്രനും അഡീഷനൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോനും ഹാജരായത്. സാക്ഷി വിസ്താരം തുടരുന്നതിനിടെ സാക്ഷികൾ നിരന്തരം കൂറുമാറിയതോടെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ മാതാവ് മല്ലി ആവശ്യപ്പെടുകയായിരുന്നു.

---- facebook comment plugin here -----

Latest