From the print
ഝാര്‍ഖണ്ഡ് പരീക്ഷാ ക്രമക്കേട്: വിദ്യാര്‍ഥി മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്, ജലപീരങ്കി
ജെ പി എസ് സി, ജെ എസ് എസ് സി നിയമന പരീക്ഷാ ക്രമക്കേടുകളില്‍ സി ബി ഐ അന്വേഷണം വേണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
ജെ പി എസ് സി, ജെ എസ് എസ് സി നിയമന പരീക്ഷാ ക്രമക്കേടുകളിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഝാർഖണ്ഡ് നിയമസഭയിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
റാഞ്ചി | നിയമന പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ഥികള്‍ നടത്തിയ നിയമസഭാ മാര്‍ച്ചിന് നേരെ പോലീസിന്റെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും ജലപീരങ്കിയും. ബാരിക്കേഡുകള്‍ മറികടന്ന് നിയമസഭയിലേക്ക് നീങ്ങാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനിടെയാണ് നടപടി.
വിവിധ ജില്ലകളില്‍ നിന്ന് ട്രെയിനുകളിലും ബസുകളിലും മറ്റ് വാഹനങ്ങളിലുമായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് റാഞ്ചിയിലെത്തിയത്. ജെ പി എസ് സി, ജെ എസ് എസ് സി നിയമന പരീക്ഷാ ക്രമക്കേടുകളില്‍ സി ബി ഐ അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യം. കഴിഞ്ഞ 16 ദിവസമായി തുടരുന്ന സമരം സര്‍ക്കാര്‍ നിയോഗിച്ച സമിതിയുമായുള്ള ആറാംഘട്ട ചര്‍ച്ചക്കുശേഷവും സമവായത്തിലെത്തിയിരുന്നില്ല. ദേശീയ പതാകയേന്തി എത്തിയ പ്രതിഷേധക്കാരെ തടയാന്‍ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.
ഇതിനിടെ, പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ജെ പി എസ് സി) മുന്‍ ചെയര്‍മാന്‍ എല്‍ ഖിയാംഗ്‌തെയെ സി ഐ ഡി അറസ്റ്റ് ചെയ്തു. ജൂലൈ 22ന് അദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.
വിദ്യാര്‍ഥികളുടെ ആവശ്യങ്ങളില്‍ 98 ശതമാനവും അംഗീകരിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും 13 പരീക്ഷകളില്‍ മൂന്നെണ്ണം മാത്രം റദ്ദാക്കാനുള്ള നിര്‍ദേശമാണ് ലഭിച്ചതെന്ന് സമരക്കാര്‍ പറയുന്നു.
Content Highlights:
Police used lathicharge and water cannons on protesting students in Jharkhand over competitive exam irregularities. The demonstration turned violent as police blocked students marching toward the state office. Several protesters sustained injuries, demanding a transparent investigation into the paper leak.




