Connect with us

high court news

സര്‍ക്കാര്‍ ധനസഹായത്തിന്റെ പേരില്‍ വ്യക്തികളുടെ സ്വകാര്യത പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി

സ്വകാര്യത സംരക്ഷിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശത്തിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണം

Published

|

Last Updated

കൊച്ചി | സര്‍ക്കാര്‍ ധനസഹായത്തിന്റെ പേരില്‍ വ്യക്തികളുടെ സ്വകാര്യത പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി. സ്വകാര്യത ഭരണഘടനാപരമായ അവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കി.

എച്ച് ഐ വി ബാധിതര്‍ ആനുകൂല്യത്തിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വിവരങ്ങള്‍ പരസ്യപ്പെടുന്നുവെന്ന പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. സര്‍ക്കാര്‍ സഹായത്തിനുള്ള നിലവിലെ ഉത്തരവില്‍ സ്വകാര്യതയുമായി ബന്ധപ്പെട്ടു ക്യത്യമായ നിര്‍ദേശമില്ലാത്തതിനാല്‍ പുതിയ മാര്‍ഗനിര്‍ദേശത്തിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു കോടതി നിര്‍ദേശം നല്‍കി.

എച്ച് ഐ വി ബാധിതനായ മലപ്പുറം സ്വദേശിയാണ് കോടതിയെ സമീപിച്ചത്. സ്വകാര്യതയെന്നത് ഭരണഘടനാപരമായ അവകാശമായതിനാല്‍ സര്‍ക്കാര്‍ സഹായങ്ങളുടെ പേരില്‍ ഇത്തരം വിവരങ്ങള്‍ പരസ്യപെടുത്തരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഹര്‍ജിക്കാരന് ധനസഹായം നല്‍കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി അടുത്തമാസം മൂന്നിന് പരിഗണിക്കാന്‍ മാറ്റി. എച്ച് ഐ വി ബാധിതര്‍ക്കുള്ള സഹായം ലഭിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വകാര്യ വിവരങ്ങള്‍ കൈ മാറേണ്ടിവരുന്നതിനെതിരെയാണ് മലപ്പുറം സ്വദേശി കോടതിയെ സമീപിച്ചത്.

 

Latest