Kerala
ജി എസ് ടി അടച്ചില്ല: പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം തുടങ്ങി
ഭക്തരില്‍ നിന്ന് ജി എസ് ടി ഈടാക്കിയെങ്കിലും ട്രഷറിയില്‍ അടച്ചില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം.
തിരുവനന്തപുരം | പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ ജി എസ് ടി അടച്ചില്ലെന്ന കേസില്‍ ചരക്ക് സേവന നികുതി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി.
ഭക്തരില്‍ നിന്ന് ജി എസ് ടി ഈടാക്കിയെങ്കിലും ട്രഷറിയില്‍ അടച്ചില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം. കേന്ദ്ര ടൂറിസം വകുപ്പില്‍ നിന്നു ലഭിച്ച 63 കോടിയിലും പരിശോധന നടത്തും. ജി എസ് ടി നിലവില്‍ വന്നിട്ടും ഇതുവരെയും പത്മനാഭ സ്വാമി ക്ഷേത്രം ഭരണ സമിതി ജി എസ് ടി അടച്ചിട്ടില്ലെന്നാണു ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍.
ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഭരണ സമിതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വിശദീകരണം തൃപ്തികരമായിരുന്നില്ല. തുടര്‍ന്നാണ് അന്വേഷണം. 2017 മുതല്‍ 2023 വരെ ജി എസ് ടി അടച്ചിട്ടില്ലെന്നു നോട്ടീസില്‍ പറയുന്നു. പൂജയും അനുബന്ധ കാര്യങ്ങളും ജി എസ് ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റ് വരുമാന മാര്‍ഗങ്ങള്‍ ക്ഷേത്ര ഭരണ സമിതിക്കുണ്ടെന്നാണു ഡയറക്ടറേറ്റ് വിലയിരുത്തല്‍.