Connect with us

National

മധ്യപ്രദേശില്‍ കൊലക്കേസ് പ്രതികളുടെ വീട് സര്‍ക്കാര്‍ പൊളിച്ചു

വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട് രണ്ട് വയോധികരെ വെടിവെച്ചു കൊന്നവരുടെ വീടാണ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.

Published

|

Last Updated

ഭോപ്പാല്‍| മധ്യപ്രദേശില്‍ കൊലക്കേസില്‍ കുറ്റാരോപിതരായവരുടെ വീട് പൊളിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട് രണ്ട് വയോധികരെ വെടിവെച്ചു കൊന്ന ജഹര്‍ സിംഗ്, ഉമൈദ് സിംഗ്, മഖന്‍ സിംഗ്, അര്‍ജുന്‍ സിംഗ് എന്നിവരുടെ വീടാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.

രണ്ടാഴ്ച മുന്‍പാണ് കൊലപാതകം നടന്നത്. കേസിലെ പ്രതികള്‍ ഒളിവിലാണ്. ബദ്രി ശുക്ല (68), സഹോദരന്‍ രാംസേവക് ശുക്ല (65) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവര്‍ 2021ല്‍ വാങ്ങിയ മൂന്ന് ഏക്കര്‍ സ്ഥലവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരുടെ കുടുംബവുമായി തര്‍ക്കങ്ങള്‍ നടന്നിരുന്നു. ഫെബ്രുവരി 28ന് കുറ്റാരോപിതര്‍ കൊല്ലപ്പെട്ടവരുടെ വസ്തുവിലുണ്ടായിരുന്ന തങ്ങളുടെ ട്രാക്ടര്‍ എടുക്കാനെത്തി. എന്നാല്‍ സഹോദരങ്ങള്‍ ഇത് തടഞ്ഞു. തുടര്‍ന്നാണ് ഇവരെ വെടിവച്ച് കൊലപ്പെടുത്തിയത്.

സര്‍ക്കാര്‍ ഭൂമി കയ്യേറി ഉണ്ടാക്കിയ വീടാണ് പ്രതികളുടേതെന്ന് അധികൃതര്‍ പറഞ്ഞു . ഗ്രാമത്തിലെ കുഴല്‍ക്കിണറിന്റെയും സ്‌കൂളിന്റെയും ഭാഗമായ സ്ഥലവും ഇവര്‍ കയ്യേറി എന്നും പൊലീസ് പറഞ്ഞു. 25 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലം സര്‍ക്കാര്‍ തിരിച്ചെടുത്തു.

 

 

 

Latest