Connect with us

Kerala

കൈവിട്ട് പൊന്ന്; കനവുകളിൽ കരിനിഴൽ

മണിക്കൂറുകളുടെ വ്യത്യാസത്തിൽ വില കുതിച്ചുയരുന്പോൾ സ്വർണം മലയാളികളിൽ നിന്ന് അകലുകയാണോ? മഞ്ഞലോഹം സാധാരണക്കാരന് സ്വപ്‌നമാകുന്ന സാഹചര്യങ്ങൾ വിലയിരുത്തുന്ന ഉമർ മായനാടിന്റെ പരന്പര ഇന്ന് മുതൽ

Published

|

Last Updated

വിനിമയങ്ങളുടെയും മൂല്യത്തിന്റെയും സമ്പാദ്യത്തിന്റെയും നിദാനമാണ് സ്വർണം; പലപ്പോഴും ബന്ധങ്ങളുടെയും. വിവാഹത്തിലും ജനനത്തിലും ആഘോഷങ്ങളിലുമെല്ലാം പൊന്ന് കടന്നുവരുന്നു. നിക്ഷേപത്തിനല്ലാതെ സ്വർണം വാങ്ങിക്കുന്നതിന് ലോകത്ത് ഏറെ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. കേരളത്തിലെ സ്ഥിതിയും മറ്റൊന്നല്ല. എന്നാൽ, കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടക്ക് സ്വർണം നമ്മുടെ നിത്യജീവിതത്തിൽ നിന്ന് മെല്ലെ അകലുകയാണോ? സ്വർണഭ്രമം കുറഞ്ഞതാണോ കാരണം? സമ്പാദ്യമെന്ന നിലയിൽ സ്വർണത്തിന്റെ സ്വീകാര്യത കുറഞ്ഞോ? അതോ വിപണിയിലെ ചാഞ്ചാട്ടമോ? മഞ്ഞ ആഭരണങ്ങൾ സാധാരണക്കാരന് സ്വപ്‌നമാകുന്ന പുതിയ സാഹചര്യത്തിൽ മലയാളിയുടെ സ്വർണ വിശേഷങ്ങളും മാറുകയാണ്. വിവാഹവേദിയിൽ ഒന്നിന് മീതെ ഒന്നായി സ്വർണ നെക്‌ലേസുകൾ അണിഞ്ഞുനിൽക്കുന്ന കല്യാണപ്പെണ്ണ് അപൂർവ കാഴ്ചയാകുന്നു. 1970ൽ ഒരു പവൻ സ്വർണത്തിന് 184 രൂപ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞാൽ ഇപ്പോൾ വിശ്വസിക്കാനാകുമോ?

വീടുകളിൽ ഏറ്റവും കൂടുതൽ സ്വർണാഭരണങ്ങൾ സൂക്ഷിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അമ്പത് പവൻ സ്വർണമെങ്കിലും സമ്മാനമായി നൽകാത്ത വിവാഹങ്ങൾ ഇടത്തരം കുടുംബത്തിൽ പോലും കഴിഞ്ഞ പത്ത് വർഷം മുമ്പ് വരെ അപൂർവമായിരുന്നു. ഇപ്പോൾ അഞ്ചും ആറും പവനിലേക്ക് ഈ പ്രവണത ചുരുങ്ങുമ്പോൾ സാമൂഹിക- സാമ്പത്തികരംഗത്ത് വലിയൊരു മാറ്റത്തിന് കളമൊരുങ്ങുകയാണ്. 2025ൽ കേരളത്തിൽ ആഭരണ ഡിമാന്റ്24 ശതമാനം കുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ സ്റ്റാറ്റിക്സ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

വില കുതിച്ചുയരുന്നതിനനുസരിച്ച് ശതമാനക്കണക്കിലാണ് ജി എസ് ടിയുടെയും പണിക്കൂലിയുടെയും വർധന. ഒരു പവൻ സ്വർണം വാങ്ങുമ്പോൾ മൂന്ന് ശതമാനം ജി എസ് ടി എന്നത് ഇന്ന് 3,600 രൂപയോളം എത്തിനിൽക്കുന്നു. ആഭരണത്തിന്റെ ഡിസൈനനുസരിച്ച് പണിക്കൂലി 10-15 ശതമാനം വരെയുണ്ട്. സ്വർണം പൊള്ളുന്നു എന്നതിലുപരി ഒരു പവൻ സ്വർണാഭരണം വാങ്ങി അത് പെട്ടിയിലാക്കി വീട്ടിലെത്തുമ്പോഴേക്കും സ്വർണമൂല്യത്തിന് പുറമെ ശരാശരി 15,000 രൂപയോളം അധികം ചെലവ് വരും.

സ്വർണത്തിന് വില വർധിക്കുന്നതിനനുസരിച്ച് ജി എസ് ടി ഇനത്തിൽ സർക്കാറിനും മെച്ചമാണ്. സ്വർണനിരക്ക് കുത്തനെ കൂടുമ്പോൾ ജി എസ് ടി കുറയ്ക്കാൻ സർക്കാർ തയ്യാറായാൽ ഉപഭോക്താക്കൾക്കും ബിസിനസ്സുകാർക്കും അത് വലിയ ആശ്വാസമാകും.

പണ്ട് ആഴ്ചയിൽ ഒരു തവണയോ മറ്റോ സ്വർണവിലയിൽ വ്യത്യാസം വന്നാലായി. ഇന്ന് മണിക്കൂറുകൾക്കുള്ളിലാണ് മാറ്റം. അഡ്വാൻസ് തുക തന്നാൽ ഇന്നത്തെ വിലക്ക് സ്വർണം തരാമെന്ന ഓഫർ മിക്ക ജ്വല്ലറിക്കാരും മടക്കിവെക്കുകയാണ്. ഒരു മണിക്കൂർ കൊണ്ട് ആറായിരവും ഏഴായിരവും രൂപ വ്യത്യാസം വരുമ്പോൾ ചെറുകിട കച്ചവടക്കാരന് എങ്ങനെ താങ്ങാനാകുമെന്നാണ് കോഴിക്കോട് പാളയം കമ്മത്ത് ലൈനിലെ ജ്വല്ലറി ബിസിനസ്സുകാരനായ ഫൈസലിന്റെ ചോദ്യം.

(നാളെ: മാറുന്നു, സ്വർണ സങ്കൽപ്പങ്ങൾ)

 

Latest