Connect with us

editorial

കേരളീയ വിദ്യാര്‍ഥികളുടെ വിദേശ കുടിയേറ്റം

ഉന്നത പഠനത്തിന് കേരളീയ വിദ്യാര്‍ഥികള്‍ വിദേശ യൂനിവേഴ്‌സിറ്റികളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ നിലവാരം മോശമായതാണ് ഇതിന് കാരണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവാദിയെന്നുമാണ് നിയമസഭയില്‍ പ്രതിപക്ഷം കുറ്റപ്പെടുത്തിയത്.

Published

|

Last Updated

സംസ്ഥാനം നേരിടുന്ന മുഖ്യ പ്രശ്‌നമാണ് വിദ്യാര്‍ഥികളുടെ വിദേശ കുടിയേറ്റം. കഴിഞ്ഞ ബുധനാഴ്ച നിയമസഭയിലും ശനിയാഴ്ച എറണാകുളം അങ്കമാലിയില്‍ നടന്ന പ്രൊഫഷനല്‍ സ്റ്റുഡന്റ്‌സ് ഉച്ചകോടിയിലും ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഉന്നത പഠനത്തിന് കേരളീയ വിദ്യാര്‍ഥികള്‍ വിദേശ യൂനിവേഴ്‌സിറ്റികളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ നിലവാരം മോശമായതാണ് ഇതിന് കാരണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവാദിയെന്നുമാണ് നിയമസഭയില്‍ പ്രതിപക്ഷം കുറ്റപ്പെടുത്തിയത്. ഇതേക്കുറിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ അധികാരപ്പെടുത്തിയെന്നും റിപോര്‍ട്ട് ലഭിക്കുന്ന മുറക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു മറുപടിയും നല്‍കി.

“പഠനത്തോടൊപ്പം ജോലിയും തൊഴില്‍ നൈപുണ്യ വികസനവും സാധ്യമാകുന്ന വിദേശ രാജ്യങ്ങളിലെ രീതി കേരളത്തിലും നടപ്പാക്കും. യുവാക്കളെ തൊഴില്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമായി മാറ്റുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം’- അങ്കമാലിയില്‍ നടന്ന പ്രൊഫഷനല്‍ സ്റ്റുഡന്റ്‌സ് ഉച്ചകോടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പഠനവേളയില്‍ തന്നെ ജോലിക്ക് അവസരം കൈവരുന്നതും തൊഴില്‍ നൈപുണ്യ വികസനവുമാണ് നമ്മുടെ വിദ്യാര്‍ഥികളെ വിദേശങ്ങളിലേക്ക് ആകര്‍ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളീയ വിദ്യാര്‍ഥികളുടെ വിദേശ കുടിയേറ്റം ചര്‍ച്ചയാകുന്നത് ഇതാദ്യമല്ല. നേരത്തേ പലതവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പണമുള്ളവരുടെ മക്കളില്‍ നല്ലൊരു ഭാഗവും പഠനത്തിന് വിദേശത്തേക്ക് പറക്കുകയാണ്. നേരത്തേ ബിരുദാനന്തര ബിരുദത്തിനാണ് അവര്‍ ഇതര സംസ്ഥാനങ്ങളെയും വിദേശ സ്ഥാപനങ്ങളെയും ആശ്രയിച്ചിരുന്നതെങ്കില്‍ ഇന്ന് പ്ലസ്ടു കഴിയുന്നതോടെ തന്നെ സംസ്ഥാനം വിടുകയാണ്. പഠന നിലവാരം, സ്‌കോളര്‍ഷിപ്പ്, പഠനത്തോടൊപ്പം ജോലി തുടങ്ങിയ ഘടകങ്ങളാണ് ഇതിനു പിന്നിലെന്നാണ് ചില അക്കാദമിക് ഏജന്‍സികള്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്. യൂറോപ്പിലെ ചില ക്ഷേമരാഷ്ട്രങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിന് മികച്ച സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും. പഠനത്തോടൊപ്പം ഒഴിവു വേളയില്‍ പണിയുമെടുക്കാം. വിദേശത്തക്ക് കുട്ടികള്‍ക്ക് പഠനത്തിന് അവസരമൊരുക്കുന്ന ഏജന്‍സികള്‍ തന്നെ സ്‌കോളര്‍ഷിപ്പ് സംഘടിപ്പിച്ചു കൊടുക്കുന്നുമുണ്ട്. പഠനാനന്തരം നിപുണരായ വിദ്യാര്‍ഥികള്‍ക്ക് അവിടെ തന്നെ ജോലി ലഭിക്കുകയും ചെയ്യുന്നു. പാവപ്പെട്ട ഒരു കുട്ടിക്ക് നാട്ടില്‍ പഠിക്കാന്‍ വായ്പ നല്‍കുന്നതിനേക്കാള്‍ ബേങ്കുകള്‍ക്കും താത്പര്യം വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നവര്‍ക്ക് നല്‍കാനാണ്.

പുറത്ത് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ തിരിച്ചു വരാതിരിക്കുന്നത് സംസ്ഥാനത്തിന് ഭീമമായ നഷ്ടമാണ്. ഒരു രാജ്യത്തിന്റെ മുഖ്യ സമ്പത്ത് ധനമല്ല. ഉയര്‍ന്ന മാനവ വിഭവ ശേഷിയാണ്. അതുകൊണ്ടാണ് വികസിത രാജ്യങ്ങള്‍ ഇതര രാഷ്ട്രങ്ങളില്‍ നിന്നുള്ള മികച്ച വിദ്യാര്‍ഥികള്‍ക്കായി തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കവാടം മലര്‍ക്കേ തുറന്നുവെക്കുന്നതും പഠനാനന്തരം അവിടെ തന്നെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതും. നിപുണരായ വ്യക്തിത്വങ്ങള്‍ നമുക്ക് നഷ്ടപ്പെടാതിരിക്കണമെങ്കില്‍ ഉന്നത വിദ്യാഭ്യാസ മേഖല കൂടുതല്‍ മികവുറ്റതാക്കേണ്ടതുണ്ട്. എങ്കിലേ വിദ്യാര്‍ഥികള്‍ പഠനത്തിന് കേരളത്തിലെ സ്ഥാപനങ്ങളെ തന്നെ തിരഞ്ഞെടുക്കുകയും അവരെ സംസ്ഥാനത്ത് തന്നെ പിടിച്ചുനിര്‍ത്താവുന്ന സ്ഥിതിവിശേഷം കൈവരികയുമുളളൂ. പ്രതിഭാ സമ്പന്നമായ നാടാണ് കേരളം. ഈ പ്രതിഭകള്‍ പക്ഷേ, നാടിന് ഉപയോഗപ്പെടുന്നില്ല. വിദേശ രാജ്യങ്ങളാണ് ഇവരെക്കൊണ്ട് നേട്ടം കൊയ്യുന്നത്. പല വിദേശ രാജ്യങ്ങളിലും വിവിധ രംഗങ്ങളില്‍ ഉന്നതങ്ങളിലുള്ളത് മലയാളികളാണ്. ഇവരെ കേരളത്തിന് ഉപയോഗപ്പെടുത്താന്‍ സാധിക്കണം.

കേരള മോഡല്‍ വികസനത്തിന്റെ ആധാരശിലയായി വിശേഷിപ്പിക്കപ്പെടുന്ന പൊതുവിദ്യാഭ്യാസ രംഗത്തെ മികവ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ആര്‍ജിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. “ഇന്ത്യാ ടുഡേ’ ആര്‍ട്‌സ്, സയന്‍സ്, എന്‍ജിനീയറിംഗ്, കൊമേഴ്സ്, മെഡിക്കല്‍, ഡെന്റല്‍ സയന്‍സ്, ആര്‍ക്കിടെക്ചര്‍, ലോ, മാസ് കമ്മ്യൂണിക്കേഷന്‍, ഹോട്ടല്‍ മാനേജ്മെന്റ്, ബി ബി എ, ബി സി എ, ഫാഷന്‍ ഡിസൈന്‍, സോഷ്യല്‍ വര്‍ക്ക് എന്നിങ്ങനെ പതിനാല് വിഷയങ്ങളില്‍ ഇന്ത്യയിലെമ്പാടുമുള്ള കോളജുകളുടെ അക്കാദമിക് നിലവാരത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഉത്തരാഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളിലെ കോളജുകളാണ് റാങ്കില്‍ മികച്ചു നിന്നത്. ആയിരത്തിനു മുകളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കേരളത്തിന് ഇതില്‍ ഒരു സ്ഥാനം നേടാന്‍ പോലും കഴിഞ്ഞില്ല. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും എണ്ണപ്പെടുന്ന കോളജുകളും സര്‍വകലാശാലകളും നമുക്കില്ല. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ അക്കാദമിക് ജീര്‍ണതയുടെയും അരാജകത്വത്തിന്റെയും പ്രതീകമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഡല്‍ഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്ക് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഒഴുകിയെത്തുന്നു. എന്തുകൊണ്ടാണ് കേരളത്തിലേക്ക് ഇത്തരമൊഴുക്ക് ഇല്ലാത്തത്? അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒറ്റ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആയിരത്തിലധികം വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. കേരളത്തിലെ ആയിരത്തിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം കൂടി ആയിരം വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടോയെന്ന് സംശയം. ഇതിനൊരു മാറ്റം ആവശ്യമാണ്. തൊഴിലിനൊപ്പം ജോലി ലഭിക്കാന്‍ അവസരമൊരുക്കിയത് കൊണ്ടോ ഉപരിപ്ലവ പദ്ധതികള്‍ കൊണ്ടോ പരിഹരിക്കപ്പെടാവുന്നതല്ല ഇത്. കാലത്തിന്റെ പ്രയാണത്തിനും സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കും അനുസൃതമായി നമ്മുടെ കരിക്കുലവും അധ്യാപനവും ക്ലാസ്സ്‌റൂമും മാറണം. ഇതുസംബന്ധിച്ച് വിദഗ്ധ പഠനവും നിര്‍ദേശങ്ങളും ഉയര്‍ന്നു വരേണ്ടതുണ്ട്.

Latest