Connect with us

Kerala

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരും; ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6565 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇന്നലെയും ഇന്നുമായി 484 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 46 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 186 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 33 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 19 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 12 ദിവസങ്ങളിലായി സംസ്ഥാനവ്യാപകമായി 2857 പരിശോധനകളാണ് നടത്തിയത്. 962 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 367 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിക്കുകയും 212 സാമ്പിളുകള്‍ പരിശോധനക്കയക്കുകയും ചെയ്തു.

ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആകെ 419 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 6 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചു. 55 കടകള്‍ക്ക് നോട്ടീസ് നല്‍കി. ഉപയോഗ ശൂന്യമായ 378 പാല്‍ പാക്കറ്റുകള്‍, 43 കിലോഗ്രാം പഴങ്ങള്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6565 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4372 പരിശോധനകളില്‍ 2354 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്. 93 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 595 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 147 സര്‍വയലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു. 5 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി

 

Latest