Connect with us

Kerala

മഴക്കെടുതി ധനസഹായം ഉടന്‍ വിതരണം ചെയ്യും: റവന്യു മന്ത്രി എ പി അനില്‍കുമാര്‍

നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായവര്‍ക്കാണ് ആദ്യഘട്ടത്തില്‍ തുക അനുവദിക്കുക.

Published

|

Last Updated

പത്തനംതിട്ട| ജില്ലയില്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിച്ച കുടുംബങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കുമുള്ള ധനസഹായം സെപ്റ്റംബര്‍ അഞ്ച് മുതല്‍ വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍. വെള്ളം കയറിയ കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും 10,000 രൂപ വീതമാണ് സര്‍ക്കാര്‍ ധനസഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്.

നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായവര്‍ക്കാണ് ആദ്യഘട്ടത്തില്‍ തുക അനുവദിക്കുക. ധനസഹായ വിതരണം വേഗത്തിലും സുതാര്യമായും പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന റവന്യൂ വകുപ്പ് അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു.

കാലവര്‍ഷക്കെടുതിയുടെ ആഘാതം കുറയ്ക്കുന്നതിനായി ജില്ലയില്‍ സ്ഥിരം സംവിധാനം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സാങ്കേതിക വശങ്ങള്‍ വിശദമായി പരിശോധിക്കും.

ജില്ലയിലെ ഡിജിറ്റല്‍ സര്‍വേ നടപടികളും യോഗത്തില്‍ വിലയിരുത്തി. സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തിലധികം പരാതികളുണ്ടായിരുന്നെങ്കിലും ഇതില്‍ പകുതിയോളം കുറഞ്ഞ സമയത്തിനുള്ളില്‍ പരിഹരിക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ശേഷിക്കുന്ന പരാതികളും വേഗത്തില്‍ തീര്‍പ്പാക്കും.

പട്ടയ വിതരണത്തിലെ തടസ്സങ്ങള്‍ നീക്കുന്നതിനും നടപടി സ്വീകരിക്കും. സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കി വിതരണം വൈകിയ പട്ടയങ്ങള്‍ പട്ടയമേളകളിലൂടെ കൈമാറാനാണ് തീരുമാനം. ജില്ലയിലെ വില്ലേജ് ഓഫീസുകളുടെ നവീകരണവും പുരോഗമിക്കുകയാണെന്നും എല്ലാ ഓഫീസുകളെയും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം, ഭൂമി പതിച്ചുനല്‍കല്‍, കയ്യേറ്റം ഒഴിപ്പിക്കല്‍, ഭൂമി തരംമാറ്റം, നികുതി പിരിവ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പരാതിപരിഹാര പോര്‍ട്ടല്‍ തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച്. ദിനേശന്‍, ജില്ലാ കലക്ടര്‍ എ. നിസാമുദ്ദീന്‍, സര്‍വേ ഭൂരേഖ വകുപ്പ് ഡയറക്ടര്‍ ജെ.ഒ. അരുണ്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Content Highlights:
Financial aid of 10000 rupees for families and businesses affected by flood damage will be distributed from September 5, announced Minister AP Anilkumar. The decision was taken at a revenue review meeting held at the Collectorate. Remaining digital survey issues will also be resolved quickly.

Latest