Connect with us

National

യാത്രാ നിരക്കിളവുകള്‍ പുനഃസ്ഥാപിക്കില്ല: കടുത്ത നിലപാടുമായി റെയില്‍വേ

Published

|

Last Updated

ന്യൂഡല്‍ഹി | യാത്രാ നിരക്കിലെ ഇളവുകള്‍ പുനഃസ്ഥാപിക്കില്ലെന്ന് പ്രഖ്യാപിച്ച് റെയില്‍വേ. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉള്‍പ്പെടെയുള്ള യാത്രാ നിരക്കിളവുകള്‍ തിരികെ കൊണ്ടുവരില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച സര്‍വീസുകള്‍ സാധാരണ നിലയില്‍ പുനരാരംഭിച്ചെങ്കിലും നിരക്കിലെ ഇളവുകള്‍ തിരികെ കൊണ്ടുവരേണ്ടതില്ലെന്നാണ് തീരുമാനം. ഇതോടെ വിവിധ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കുള്ള റെയില്‍വേ യാത്രാ നിരക്ക് ഇളവുകള്‍ ഇല്ലാതാവും.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഭിന്നശേഷിക്കാര്‍, രോഗികള്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുത്ത നാല് വിഭാഗങ്ങള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കുമുള്ള ഇളവുകളും റെയില്‍വേ നിര്‍ത്തിവച്ചിരുന്നു. കൊവിഡിന് മുമ്പ് 53 വിഭാഗങ്ങളിലാണ് ഇളവുണ്ടായിരുന്നത്. മുതിര്‍ന്ന പൗരന്മാര്‍, പോലീസ് മെഡല്‍ ജേതാക്കള്‍, ദേശീയ പുരസ്‌കാരം നേടിയ അധ്യാപകര്‍, യുദ്ധത്തില്‍ മരിച്ചവരുടെ വിധവകള്‍, പ്രദര്‍ശന മേളകള്‍ക്ക് പോകുന്ന കര്‍ഷകര്‍/കലാപ്രവര്‍ത്തകര്‍, കായിക മേളകളില്‍ പങ്കെടുക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് യാത്രാനിരക്കില്‍ 50 മുതല്‍ 75 ശതമാനം വരെ ഇളവ് നല്‍കിയിരുന്നു.

അതേസമയം, നാല് വിഭാഗത്തില്‍പ്പെട്ട വികലാംഗര്‍, പതിനൊന്ന് വിഭാഗം വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് തുടര്‍ന്നും യാത്രാ ഇളവുകളുണ്ടാവും. എന്നാല്‍, മുതിര്‍ന്ന പൗരന്‍മാര്‍ അടക്കമുള്ളവര്‍ക്ക് ലഭിച്ചു പോന്നിരുന്ന യാത്രാ ഇളവുകള്‍ ഇനി ലഭിക്കില്ല. 2020 മാര്‍ച്ചിന് മുമ്പ് എല്ലാ ക്ലാസുകളിലും യാത്ര ചെയ്യുന്നതിനായി മുതിര്‍ന്ന സ്ത്രീ യാത്രക്കാര്‍ക്ക് 50 ശതമാനവും മുതിര്‍ന്ന പുരുഷ ന്മാര്‍ക്ക് 40 ശതമാനവും കിഴിവ് നല്‍കിയിരുന്നു. ഈ ഇളവ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി സ്ത്രീകള്‍ക്ക് 58 ഉം പുരുഷന്മാര്‍ക്ക് 60 ഉം ആയിരുന്നു. യാത്രാ ഇളവുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ റെയില്‍വേക്ക് മുന്നിലെത്തിയിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.