Connect with us

Editorial

ഉഷ്ണതരംഗ അതിജീവനത്തില്‍ അതീവ ജാഗ്രത

ഞായറാഴ്ച 41.6 ഡിഗ്രി സെല്‍ഷ്യസും ശനിയാഴ്ച 41.8 ഡിഗ്രി സെല്‍ഷ്യസുമാണ് പാലക്കാട്ട് താപനില. ശരാശരിയേക്കാള്‍ അഞ്ച് ഡിഗ്രി കൂടുതലാണിത്. 2016 ഏപ്രില്‍ 27ന് രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെല്‍ഷ്യസ് ചൂട് കഴിഞ്ഞാല്‍ 1951ന് ശേഷമുള്ള 73 വര്‍ഷത്തിനിടയില്‍ പാലക്കാട് ജില്ല നേരിടുന്ന ഏറ്റവും കഠിനമായ വേനല്‍ ചൂടാണിത്.

Published

|

Last Updated

കൊടിയ വേനലില്‍ വെന്തുരുകുകയാണ് കേരളം. ഉഷ്ണ തരംഗത്തെ തുടര്‍ന്ന് ഞായറാഴ്ച പാലക്കാട് എലപ്പുള്ളിയിലും മാഹിയിലുമായി രണ്ട് പേര്‍ മരണപ്പെട്ടു. തിരഞ്ഞെടുപ്പ് ദിനമായിരുന്ന വെള്ളിയാഴ്ച ഏഴ് പേരാണ് മരിച്ചത്. അസഹനീയമായ ചൂടാണ് കേരളീയര്‍ പൊതുവെയും, പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലക്കാര്‍ പ്രത്യേകിച്ചും അനുഭവിച്ചു വരുന്നത്. ഉഷ്ണതരംഗം കണക്കിലെടുത്ത് സംസ്ഥാനത്ത് അങ്കണ്‍വാടികള്‍ക്ക് ഒരാഴ്ച അവധി നല്‍കിയിരിക്കുകയാണ് വനിതാ ശിശു വികസന വകുപ്പ്. ഞായറാഴ്ച 41.6 ഡിഗ്രി സെല്‍ഷ്യസും ശനിയാഴ്ച 41.8 ഡിഗ്രി സെല്‍ഷ്യസുമാണ് പാലക്കാട്ട് താപനില. ശരാശരിയേക്കാള്‍ അഞ്ച് ഡിഗ്രി കൂടുതലാണിത്. 2016 ഏപ്രില്‍ 27ന് രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെല്‍ഷ്യസ് ചൂട് കഴിഞ്ഞാല്‍ 1951ന് ശേഷമുള്ള 73 വര്‍ഷത്തിനിടയില്‍ പാലക്കാട് ജില്ല നേരിടുന്ന ഏറ്റവും കഠിനമായ വേനല്‍ ചൂടാണിത്.

വേനലിന്റെ കാഠിന്യത്തില്‍ സംസ്ഥാനത്തെ ജലസ്രോതസ്സുകള്‍ വറ്റിക്കൊണ്ടിരിക്കുന്നു. കിണറുകളും കുളങ്ങളും നദികളും കുടിവെള്ള ലഭ്യതക്കായി നിര്‍മിച്ച തടയണകളും വറ്റിവരണ്ടു. മിക്ക ജലസേചന പദ്ധതികളും പ്രവര്‍ത്തിക്കുന്നത് നദികളെയും തടാകങ്ങളെയും കിണറുകളെയും ആശ്രയിച്ചാണ്. ഇത്തരം ജലസ്രോതസ്സുകളില്‍ വെള്ളമില്ലാതാകുന്നത് ജലസേചന പദ്ധതികളെയും ബാധിക്കും.

മനുഷ്യര്‍ മാത്രമല്ല, ഇതര ജീവജാലങ്ങളും കാര്‍ഷിക മേഖലയും അനുഭവിക്കുന്നുണ്ട് അസഹ്യമായ ചൂടിന്റെ ആഘാതങ്ങള്‍. വനപ്രദേശങ്ങളില്‍ ജലസ്രോതസ്സുകള്‍ വറ്റിയും ചൂട് സഹിക്കാനാകാതെയും ജീവികള്‍ ചാവുകയും കാട്ടുതീ പടര്‍ന്നു പിടിക്കുകയും ചെയ്യുന്നു. ജലം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി വരുന്ന വന്യജീവികളുടെ എണ്ണവും വര്‍ധിച്ചു. കഴിഞ്ഞ ദിവസം ഇടുക്കി മൂന്നാറിലെ കന്നിമല ലോവര്‍ ഡിവിഷനില്‍ മൂന്ന് കടുവകള്‍ ഇറങ്ങി വരികയും വയനാട് പനമരം പഞ്ചായത്തിലെ നീര്‍വാരം മേഖലയില്‍ കാട്ടാന ഷോക്കേറ്റ് ചരിയുകയും ചെയ്തിരുന്നു. നീര്‍ചോല തേടിയുള്ള അലച്ചിലിനിടെയാണ് ആനക്ക് ഷോക്കേറ്റതെന്നാണ് കരുതപ്പെടുന്നത്. കാട്ടുജീവികളുടെ കൂടിയ തോതിലുള്ള ഇറക്കം മലയോര മേഖലാ നിവാസികള്‍ക്ക് കടുത്ത ഭീഷണിയായിട്ടുണ്ട്.

അതീവ ശ്രദ്ധയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ടതാണ് ഉഷ്ണതരംഗം. പകലില്‍ വെയിലിന്റെ ചൂട് ശക്തിപ്പെടുന്ന സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. വിശിഷ്യാ പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും. നേരിട്ട് ചൂട് ഏല്‍ക്കുന്ന എല്ലാ ജോലികളും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. പുറംജോലികളും കായിക വിനോദങ്ങളും പരമാവധി വെയില്‍ ഇല്ലാത്ത സമയത്ത് നിര്‍വഹിക്കാനും നിര്‍ദേശമുണ്ട്. ഇടവേളകള്‍ എടുത്തും ഇടക്കിടെ വിശ്രമിച്ചുമായിരിക്കണം കായികാധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടേണ്ടത്. ദീര്‍ഘനേരം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനും ഉഷ്ണരോഗങ്ങള്‍ പിടിപെടാനുമുള്ള സാധ്യത കൂടുതലാണ്. വേനല്‍ച്ചൂടില്‍ വിയര്‍പ്പ് കാരണവും മറ്റും ശരീരത്തിന് നിര്‍ജലീകരണം സംഭവിക്കുന്നതിനാല്‍ ഇടക്കിടെ വെള്ളം കുടിക്കേണ്ടത് അനിവാര്യം.

നിര്‍ജലീകരണത്തിന് ഇടയാക്കുന്ന മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റ് പാനീയങ്ങള്‍ ഉപയോഗിക്കുന്നത് ഗുണകരമല്ല. കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടാതിരിക്കുകയും ജനലുകള്‍ തുറന്നിട്ട് വീടിനുള്ളില്‍ വായുസഞ്ചാരം ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ട്. ജലപാനം വര്‍ധിപ്പിക്കുന്നതിനൊപ്പം വസ്ത്രധാരണ രീതിയിലും മാറ്റങ്ങള്‍ ആവശ്യമാണ്. പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ക്കു പകരം അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങളായിരിക്കണം ചൂടുകാലത്ത് ഉപയോഗിക്കേണ്ടത്. ഇറുകിയ വസ്ത്രങ്ങള്‍ ശരീരത്തിന്റെ വിയര്‍പ്പിന് തടസ്സം സൃഷ്ടിക്കും. ശരീരത്തിന്റെ സ്വാഭാവിക ശീതീകരണ പ്രക്രിയയാണ് വിയര്‍പ്പ്. കറുപ്പ് ചൂടിനെ ആഗിരണം ചെയ്യുന്ന നിറമായതിനാല്‍ കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

വെയിലില്‍ നിന്നും മഴയില്‍ നിന്നുമുള്ള സംരക്ഷണത്തിനാണ് വീടുകള്‍ നിര്‍മിക്കുന്നത്. എന്നാല്‍ ചൂടില്‍ നിന്ന് സംരക്ഷണം നല്‍കുന്നില്ല ഇന്നത്തെ കോണ്‍ക്രീറ്റ് വീടുകള്‍. മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റ് കനത്ത വെയിലില്‍ ചൂടാകുന്നത് മൂലം അതിനു താഴെ താമസിക്കുന്നവര്‍ വിയര്‍ത്തൊലിക്കുകയാണ്. ഫാനില്‍ നിന്ന് വരുന്നത് പോലും ചുടുകാറ്റ്. ചുറ്റുഭാഗവും, ചുരുങ്ങിയ പക്ഷം മുന്‍ഭാഗത്തെ മുറ്റമെങ്കിലും സിമന്റ് കട്ടകള്‍ പതിപ്പിച്ചവയാണ് വീടുകളില്‍ നല്ലൊരു ഭാഗവും. സൂര്യരശ്മികളില്‍ നിന്ന് ചൂട് ആഗിരണം ചെയ്യുന്ന സിമന്റ് കട്ടകളില്‍ നിന്നുയരുന്ന ചൂട് കൂടി സഹിക്കേണ്ടി വരികയാണ് ഇതുമൂലം വീട്ടുകാര്‍. നേരത്തേ ഉഷ്ണതരംഗം കേട്ടുകേള്‍വിയായിരുന്ന കേരളത്തെയും അത് ബാധിച്ച സാഹചര്യത്തില്‍ വീടുകളുടെ നിര്‍മാണ രീതിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാണ് വിദഗ്ധോപദേശം.

കോളറ, മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത കൂടുതലാണ് വേനല്‍കാലത്ത്. ജലോപയോഗത്തിലെ ശ്രദ്ധക്കുറവാണ് രോഗബാധക്കൊരു കാരണം. അത്യുഷ്ണത്തില്‍ കുടിവെള്ള സ്രോതസ്സുകള്‍ വറ്റുമ്പോള്‍ ടാങ്കര്‍ ലോറികള്‍ തുടങ്ങി കിട്ടുന്നയിടങ്ങളില്‍ നിന്നെല്ലാം വെള്ളം ശേഖരിക്കുന്നു വീട്ടുകാരും തട്ടുകടക്കാരും ഹോട്ടലുകളും. ലാഭം മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന വെള്ളക്കുപ്പി വില്‍പ്പനക്കാര്‍ മാലിന്യം കലര്‍ന്ന ജലസ്രോതസ്സുകളില്‍ നിന്ന് വെള്ളമെടുക്കാറുണ്ട്. ബെംഗളൂരുവില്‍ അടുത്തിടെ കോളറ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ പല ഹോട്ടലുകളിലും തട്ടുകടകളിലും ഉപയോഗിക്കുന്ന വെള്ളം മലിനമാണെന്ന് കണ്ടെത്തിയിരുന്നു. പൊതുസമൂഹത്തോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭരണേതര സംവിധാനങ്ങളും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട് ഉഷ്ണതരംഗ അതിജീവന പ്രവര്‍ത്തനങ്ങളില്‍. ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ആവശ്യത്തിന് ജലം എത്തിച്ചു കൊടുക്കുന്നതോടൊപ്പം ജനം ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യതയുമുണ്ട് ഭരണ സംവിധാനങ്ങള്‍ക്ക്.