Connect with us

Editorial

മദ്യപിച്ചുള്ള ഡ്രൈവിംഗ്: നടപടി കർശനമാക്കണം

യാത്രക്കാരുടെ ജീവൻ കൊണ്ടാണ് മദ്യപിച്ചു വാഹനമോടിക്കുമ്പോൾ ഡ്രൈവർ പന്താടുന്നത്. അത്തരം ജീവനക്കാർക്കെതിരായ നടപടി ഗതാഗത വകുപ്പ് തുടരുകയും കൂടുതൽ കർശനമാക്കുകയും ചെയ്യേണ്ടതുണ്ട്.

Published

|

Last Updated

കെ എസ് ആർ ടി സിയിലെ മദ്യപാന പരിശോധനയും അതുമായി ബന്ധപ്പെട്ട അച്ചടക്ക നടപടികളും തുടർന്നു കൊണ്ടിരിക്കയാണ്. മദ്യപാന പരിശോധനയെ ചൊല്ലി കെ എസ് ആർ ടി സി പത്തനാപുരം ഡിപ്പോയിൽ കൂട്ട അവധിയെടുത്ത 14 ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയുണ്ടായി കഴിഞ്ഞ ദിവസം കോർപറേഷൻ അധികൃതർ. ഏപ്രിൽ 29നും 30നും ജോലിക്ക് വരാത്ത 10 സ്ഥിരം ജീവനക്കാരെ സ്ഥലം മാറ്റുകയും നാല് താത്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. യാതൊരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാർ ജോലിക്ക് വരാത്തതിനെ തുടർന്ന് അന്നേദിവസങ്ങളിൽ ഡിപ്പോയിൽ നിന്നുള്ള പല സർവീസുകളും റദ്ദാക്കേണ്ടി വരികയും ഈ ബസുകളെ ആശ്രയിച്ചിരുന്ന നിരവധി യാത്രക്കാർ പ്രയാസത്തിലാവുകയും ചെയ്തു. ഇതുമൂലം കോർപറേഷന് 1,88,665 രൂപയുടെ നഷ്ടം സംഭവിച്ചതായി ചെയർമാൻ പ്രമോജ് ശങ്കർ അറിയിച്ചു.

അപ്രതീക്ഷിതമായി സർവീസുകൾ റദ്ദാക്കുന്നത് കെ എസ് ആർ ടി സി യിലെ സ്ഥിരം യാത്രക്കാരെ മറ്റ് യാത്രാ മാർഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാക്കും. നഷ്ടത്തിൽ നിന്ന് കരകയറാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനത്തെ അത് കൂടുതൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കുകയും ചെയ്യും. ഇത്തരം പ്രവണതകൾ ഒരുവിധേനയും വെച്ചു പൊറുപ്പിക്കില്ലെന്നും തുടർന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു. ഗതാഗത മന്ത്രി ഗണേഷ്‌കുമാറിന്റെ മണ്ഡലത്തിലാണ് പത്തനാപുരം ഡിപ്പോ.

മദ്യപിച്ചുള്ള ഡ്രൈവിംഗ് അപകടങ്ങൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് കെ എസ് ആർ ടി സിയിൽ മദ്യപാന പരിശോധന ആരംഭിച്ചത്. ഡ്യൂട്ടിക്കെത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ചു പരിശോധിച്ചു മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയേ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ എന്നാണ് ഗതാഗത മന്ത്രിയുടെ ഉത്തരവ്. ഡ്രൈവർ മദ്യപിച്ചുവെന്നു കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കും.

ഡ്യൂട്ടിക്ക് മുമ്പുള്ള പരിശോധനയിലാണ് മദ്യപിച്ചതായി തെളിയുന്നതെങ്കിൽ ഒരു മാസവും ഡ്യൂട്ടിക്കിടയിലെ പരിശോധനയിലാണ് കണ്ടെത്തുന്നതെങ്കിൽ മൂന്ന് മാസവും സസ്‌പെൻഡ് ചെയ്യും. രണ്ടാഴ്ച മുമ്പ് പരിശോധനയിൽ നൂറിലേറെ ജീവനക്കാർ അച്ചടക്ക നടപടിക്ക് വിധേയമായി. കെ എസ് ആർ ടി സിക്ക് പിന്നാലെ സ്വകാര്യ ബസുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട് ഗതാഗത വകുപ്പ് മദ്യപാന പരിശോധന.

അതീവ ശ്രദ്ധയോടെയും കാര്യക്ഷമതയോടെയും തൊഴിൽ ചെയ്യേണ്ട മേഖലയാണ് ഗതാഗതം. വിശിഷ്യാ ഡ്രൈവിംഗ്. മദ്യപാനമുൾപ്പെടെ ഈ മേഖലയിൽ തൊഴിലാളികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന മോശം പ്രവൃത്തികളും പെരുമാറ്റങ്ങളും പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കും. റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് മദ്യപാനമാണ്. 20 മുതൽ 30 ശതമാനം വരെയാണ് അപകടങ്ങളിൽ ലഹരിബാധയോടെയുള്ള ഡ്രൈവിംഗിന്റെ പങ്കെന്നാണ് പഠനങ്ങൾ പറയുന്നത്. മദ്യപിച്ചാൽ ശരീരത്തിന്റെ ഓട്ടോക്ഷമതക്ക് (കൈകാലുകൾ ചലിപ്പിക്കാനും കണ്ണുകൾക്ക് കാണാനുമുള്ള കഴിവ് ) കുറവ് സംഭവിക്കും. ഒപ്പം മനസ്സിന് ജാഗ്രതക്കുറവും വരും. സുരക്ഷിതമായ ഡ്രൈവിംഗിന് അത്യാപേക്ഷിതമാണ് ഓട്ടോക്ഷമത (motor abiltiy).
മദ്യമോ മറ്റ് ലഹരി പദാർഥമോ ഉപയോഗിച്ചു വാഹനം ഓടിക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് അടിക്കടി മുന്നറിയിപ്പ് നൽകുന്നുണ്ട്.

എങ്കിലും നിയമങ്ങളും ഉത്തരവുകളും കാറ്റിൽ പറത്തി ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ് വ്യാപകമാണ്. മദ്യപിച്ചുള്ള ഡ്രൈവിംഗ് കണ്ടെത്താൻ ട്രാഫിക് വിഭാഗം ഐ ജിയുടെ നിർദേശ പ്രകാരം 2023 ഫെബ്രുവരി ആറ് മുതൽ 12 വരെ നടത്തിയ പരിശോധനയിൽ 3,764 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ നല്ലൊരു പങ്കും ബസ് ഡ്രൈവർമാരാണ്. കൊച്ചിയിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 13ന് നടന്ന ഏകദിന പരിശോധനയിൽ 26 ബസ് ഡ്രൈവർമാർ പിടിയിലായി. നാല് പേർ സ്‌കൂൾ ബസ് ഡ്രൈവർമരും രണ്ട്‌ പേർ കെ എസ് ആർ ടി സി ബസ് ഡ്രൈവർമാരുമായിരുന്നു. 2021 സെപ്തംബറിൽ ഗതാഗത വകുപ്പ് പുറത്തു വിട്ട കണക്ക് പ്രകാരം 2016 മെയ് മുതൽ 2021 ഏപ്രിൽ വരെയുള്ള അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ 259 കെ എസ് ആർ ടി സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. മദ്യപിച്ചുള്ള ഡ്രൈവിംഗ്, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് എന്നിവയായിരുന്നു ഇവരിൽ കൂടുതൽ പേർക്കുമെതിരെ ചുമത്തപ്പെട്ട കുറ്റം.

ബസ് പോലുള്ള കൂടുതൽ പേർ യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കൂടുതൽ കാര്യക്ഷമതയും ഉത്തരവാദിത്വ ബോധവും അനിവാര്യമാണ്. തിരക്കുള്ള സമയങ്ങളിൽ നൂറ് വരെ യാത്രക്കാരുമായാണ് ബസുകൾ സർവീസ് നടത്തുന്നത്.
ഈ യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കേണ്ടത് ഡ്രൈറുടെ ഔദ്യോഗികവും ധാർമികവുമായ ബാധ്യതയാണ്. യാത്രക്കിടെ അപകടങ്ങൾ സംഭവിച്ചാൽ ഡ്രൈവർ മാത്രമല്ല, മാനേജ്‌മെന്റും സർക്കാറുമെല്ലാം ഏൽക്കേണ്ടി വരും അതിന്റെ ഭവിഷ്യത്ത്. യാത്രക്കാരുടെ ജീവൻ കൊണ്ടാണ് മദ്യപിച്ചു വാഹനമോടിക്കുമ്പോൾ വാഹനത്തിലെ ഡ്രൈവർ പന്താടുന്നത്. അത്തരം ജീവനക്കാർക്കെതിരായ നടപടി ഗതാഗത വകുപ്പ് തുടരുകയും കൂടുതൽ കർശനമാക്കുകയും ചെയ്യേണ്ടതുണ്ട്.

അതേസമയം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും യഥേഷ്ട ലഭ്യതയാണ് ഡ്രൈവർമാരെ ലഹരി നുണയാൻ ഇടയാക്കുന്നതെന്ന കാര്യവും ബന്ധപ്പെട്ടവർ ഓർത്തിരിക്കേണ്ടതുണ്ട്. മുഴത്തിനുമുഴം ബിവറേജ് കോർപറേഷൻ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്‌ സംസ്ഥാനത്ത്. പൊതുഖജനാവിലേക്കുള്ള വരുമാന വർധന ലക്ഷ്യമാക്കി മദ്യഷാപ്പുകൾ ഇനിയും വർധിപ്പിക്കാനുള്ള ആലോചനയിലുമാണ് സർക്കാർ. മദ്യലഭ്യത നിയന്ത്രിക്കാത്ത കാലത്തോളം ഡ്രൈവർമാരുടെ മദ്യപാനത്തിന് തടയിടാൻ പ്രയാസമാണ്.

---- facebook comment plugin here -----

Latest