Connect with us

Editorial

രോഹിത് വെമുലയെ ഇങ്ങനെ അപമാനിക്കരുത്

ഇരകൾ കുറ്റവാളികളും വേട്ടക്കാർ വിശുദ്ധരുമാകുന്ന റിപോർട്ടായിരിക്കില്ല പുതിയ അന്വേഷണത്തിലൂടെ പുറത്തു വരുന്നതെന്ന് പ്രതീക്ഷിക്കാം.

Published

|

Last Updated

2016 ജനുവരി 17നാണ് ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷണ വിദ്യാർഥി രോഹിത് വെമുല ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തത്. അംബേദ്കർ സ്റ്റുഡന്റ്‌സ് അസ്സോസിയേഷന്റെ ഭാഗമായി നടത്തിയ രാഷ്ട്രീയ- സാമൂഹിക പ്രവർത്തനങ്ങളിൽ വിറളി പൂണ്ട് സർവകലാശാലയിലെ എ ബി വി പി വിദ്യാർഥികൾ നൽകിയ കള്ളപ്പരാതിയുടെ അടിസ്ഥാനത്തിൽ രോഹിത് ഉൾപ്പെടെ നാല് പേരെ സർവകാശാല ഹോസ്റ്റൽ മുറിയിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെയായിരുന്നു സംഭവം. രോഹിതിന്റെ 25,000 രൂപ വരുന്ന ഫെല്ലോഷിപ്പും സർവകലാശാല നിർത്തലാക്കിയിരുന്നു. ഇതേതുടർന്ന് നേരിട്ട സാമ്പത്തിക ഞെരുക്കവും സർവകലാശാലയിൽ അനുഭവിച്ച കടുത്ത ജാതിവിവേചനവുമായിരുന്നു ആത്മഹത്യക്ക് കാരണം. സർവകലാശാല മേധാവികളുടെ സംഘ്പരിവാർ വിധേയത്വത്തിന്റെ ഫലം കൂടിയായിരുന്നു സംഭവം.

എ ബി വി പി നേതാവ് സുശീൽ കുമാറിനെ മർദിച്ചുവെന്നാരോപിച്ച് 2015 ആഗസ്റ്റ് അഞ്ചിനാണ് രോഹിത് അടക്കം അഞ്ച് വിദ്യാർഥികൾക്കെതിരെ സർവകലാശാല അധികൃതർ അന്വേഷണം പ്രഖ്യാപിച്ചത്. “രാജ്യദ്രോഹക്കുറ്റ’ത്തിന് തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ രോഹിതിന്റെ നേതൃത്വത്തിൽ അംബേദ്കർ സ്റ്റുഡന്റ്‌സ് അസ്സോസിയേഷൻ പ്രതിഷേധിച്ചെന്നും അവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സ്ഥലത്തെ ബി ജെ പി. എം പി ബന്ദാരു ദത്താത്രേയ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അഞ്ച് പേരെയും സസ്‌പെൻഡ് ചെയ്യുന്നതും ഹോസ്റ്റലിൽ നിന്ന് പുറത്താക്കുന്നതും. സ്മൃതി ഇറാനിയുടെ സമ്മർദത്തെ തുടർന്നാണ് രോഹിതിനെ സസ്‌പെൻഡ് ചെയ്തതെന്നാണ് പറയപ്പെടുന്നത്. സർവകലാശാലയുടെ അന്യായമായ നടപടികൾക്കെതിരെ വിദ്യാർഥികൾ നടത്തിയ നിരാഹാര സമരത്തിന്റെ പന്ത്രണ്ടാം ദിനത്തിലായിരുന്നു രോഹിതിന്റെ ആത്മഹത്യ. പട്ടിക ജാതി പീഡന നിയമവും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തിയാണ് അന്ന് സംഭവത്തിൽ പോലീസ് കേസെടുത്തത്. ബന്ദാരു ദത്താത്രേയ എം പി, എം എൽ സി ആയിരുന്ന എൻ രാമചന്ദ്രറാവു, സർവകലാശാല വൈസ് ചാൻസലർ അപ്പാറാവു, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവരും എ ബി വി പി നേതാക്കളുമായിരുന്നു പ്രതികൾ.

എന്നാൽ കേന്ദ്ര സർക്കാറും പോലീസിലെ ജാതിമേലാളന്മാരും ചേർന്ന് ഈ കേസ് അട്ടിമറിച്ചിരിക്കുകയാണ്. രോഹിത് വെമുല ദളിത് വിവേചനം നേരിട്ടുവെന്ന ആരോപണത്തെ നിരാകരിക്കുന്ന അന്തിമ റിപോർട്ടാണ് കഴിഞ്ഞ ദിവസം കേസന്വേഷിച്ച സൈബരാബാദ് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. “രോഹിത് വെമുല ദളിതനായിരുന്നില്ല. തന്റെ ജാതി സംബന്ധിച്ച യഥാർഥ വിവരം പുറത്തു വരുമെന്ന ഭീതിയിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. രോഹിതിന്റെ കുടുംബത്തിന്റെ ജാതി സർട്ടിഫിക്കറ്റ് അമ്മ രാധിക സത്യങ്ങൾ മറച്ചു വെച്ചു സമ്പാദിച്ചതാണെന്നും വ്യാജ സർട്ടിഫിക്കറ്റ് മുഖേനയാണ് രോഹിത് സർവകലാശാലയിൽ പ്രവേശനം നേടിയതെ’ന്നും റിപോർട്ട് അവകാശപ്പെടുന്നു. ഇതടിസ്ഥാനത്തിൽ രോഹിതിന്റെ ആത്മഹത്യ സംബന്ധിച്ച കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു പോലീസ് റിപോർട്ട്.
കേസ് നടപടികൾ സത്യസന്ധമായി മുന്നോട്ടു നീങ്ങിയാൽ ബി ജെ പിയിലെ പല ഉന്നതരും നിയമനടപടികൾക്ക് വിധേയമാകുമെന്ന് ഭയപ്പെട്ട സംഘ്പരിവാർ ആസൂത്രണം ചെയ്ത പദ്ധതിയാണ് രോഹിത് വെമുല ദളിതനല്ലെന്ന് സ്ഥാപിക്കൽ. രോഹിതിന്റെ അമ്മ രാധിക ദളിത് കുടുംബാംഗമായിരുന്നെങ്കിലും പിതാവ് മണികുമാർ ഒ ബി സിക്കാരനായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് രോഹിത് ദളിതനല്ലെന്ന് സംഘ്പരിവാറും അവരുടെ നിയന്ത്രണത്തിലുള്ള അന്വേഷണ സംഘവും വാദിക്കുന്നത്. ദളിതനല്ലെന്ന് സ്ഥാപിക്കാനായാൽ പട്ടിക ജാതി പീഡന നിയമ പ്രകാരമുള്ള കേസിൽ നിന്ന് സ്മൃതി ഇറാനി അടക്കമുള്ള പ്രതികൾ രക്ഷപ്പെടും. പിതാവ് ദളിതനല്ലെങ്കിലും വളർന്നത് ദളിതയായ അമ്മയുടെ കീഴിലാണെങ്കിൽ കുട്ടി ദളിത് വിഭാഗത്തിൽ പെടുമെന്ന് സുപ്രീം കോടതി 2012ൽ ഒരു വിധിപ്രസ്താവത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, രോഹിത് ദളിതൻ തന്നെയെന്ന് ഗുണ്ടൂർ ജില്ലാ കലക്ടറായിരുന്ന കാന്തിലാൽ ദണ്ഡെ 2016ൽ റിപോർട്ട് നൽകിയതുമാണ്. ഗുണ്ടൂർ തഹസിൽദാറുടെ കൈവശമുള്ള രേഖകൾ പരിശോധിച്ചതിൽ മാലയെന്ന ഹിന്ദു പിന്നാക്ക വിഭാഗത്തിൽപെട്ടതാണ് രോഹിതെന്ന് വ്യക്തമായതായി റിപോർട്ടിൽ പറയുന്നു. ഇതടിസ്ഥാനത്തിൽ അന്നത്തെ പട്ടികജാതി പട്ടികവർഗ കമ്മീഷൻ ചെയർമാൻ പി എൽ പുനിയ രോഹിതിന്റെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹരം വിധിക്കുകയും ചെയ്തിരുന്നു. പിന്നീട് കേന്ദ്രത്തിന്റെ സമ്മർദത്തിന് വഴങ്ങി കലക്ടർ കാന്തിലാൽ ദണ്ഡെ തന്റെ നിലപാടിൽ നിന്ന് മലക്കം മറിയുകയും രോഹിതും അമ്മയും ദളിത് വിഭാഗത്തിൽ പെടുകയില്ലെന്ന് തിരുത്തൽ റിപോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നുവെന്നത് വേറെ കാര്യം.

അതേസമയം, കേസ് അവസാനിപ്പിച്ചു കൊണ്ടുള്ള സൈബരാബാദ് പോലീസിന്റെ റിപോർട്ട് തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് തെലങ്കാനയിലെ രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിലുള്ള പുതിയ കോൺഗ്രസ്സ് സർക്കാർ. കേസ് വീണ്ടും അന്വേഷിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട് സംസ്ഥാന ഡി ജി പി രവിഗുപ്ത. കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള പോലീസ് റിപോർട്ടിനെ ചൊല്ലി രേവന്ത് റെഡ്ഢി സർക്കാറിനെതിരെ സർവകലാശാലയിലടക്കം ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തങ്ങൾ അധികാരത്തിലേറിയാൽ എസ് സി/ എസ് ടി വിദ്യാർഥികളുടെ അവകാശ സംരക്ഷണത്തിനും അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനും രോഹിത് വെമുല നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കോൺഗ്രസ്സ്, തങ്ങളുടെ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അന്വേഷണ റിപോർട്ടിൽ രോഹിതിന്റെ അമ്മ രാധികയും അതൃപ്തി അറിയിച്ചിരുന്നു. ഇതാണ് പുതിയ അന്വേഷണ പ്രഖ്യാപനത്തിന്റെ പശ്ചാത്തലം. ഇരകൾ കുറ്റവാളികളും വേട്ടക്കാർ വിശുദ്ധരുമാകുന്ന റിപോർട്ടായിരിക്കില്ല പുതിയ അന്വേഷണത്തിലൂടെ പുറത്തു വരുന്നതെന്ന് പ്രതീക്ഷിക്കാം.

---- facebook comment plugin here -----

Latest