Connect with us

Uae

മാലിന്യം വലിച്ചെറിയരുത്, എല്ലാ നിരത്തുകളിലും ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കരുത്; ഓര്‍മപ്പെടുത്തലുമായി അബൂദബി പോലീസ്

രാജ്യത്ത് ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിന്റെ അപകടങ്ങളെക്കുറിച്ച് അബൂദബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് വിശദീകരിച്ചു.

Published

|

Last Updated

അബൂദബി | വാഹനങ്ങളില്‍ നിന്നും മാലിന്യം പുറത്തേക്ക് വലിച്ചെറിയരുതെന്ന് ഓര്‍മപ്പെടുത്തി അബൂദബി പോലീസ്. അബൂദബി സിറ്റി മുന്‍സിപ്പാലിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ അബൂദബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് രാജ്യത്ത് ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിന്റെ അപകടങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ഷാഖ്ബൗട്ട് സിറ്റി സ്‌കൂളുകള്‍, അബൂദബി വേസ്റ്റ് മാനേജ്മെന്റ് കമ്പനി, അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ സായിദ് സിറ്റിയിലെ റബ്ദാന്‍ പാര്‍ക്കിലാണ് ‘നമ്മുടെ നഗരം മനോഹരം’ എന്ന് പേരിട്ട പരിപാടി നടന്നത്.

സമൂഹത്തില്‍ ട്രാഫിക് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതില്‍ അബൂദബി പോലീസിന്റെ താത്പര്യം ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടര്‍ ഡീന്‍ മഹ്മൂദ് യൂസഫ് അല്‍ ബലൂഷി ഊന്നിപ്പറഞ്ഞു. റോഡുകളില്‍ ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അദ്ദേഹം കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും മുന്നറിയിപ്പ് നല്‍കി. ശരിയായ സംരക്ഷണ ഉപകരണങ്ങളുള്ള നിയുക്ത സ്ഥലങ്ങളില്‍ മാത്രമേ ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കാവൂ എന്ന് അദ്ദേഹം നിര്‍ദേശിച്ചു.

കഴിഞ്ഞ എട്ട് മാസത്തിനിടെ എമിറേറ്റിലുണ്ടായ നിരവധി ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍ അഞ്ചുപേര്‍ മരിക്കുകയും 29 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ദുബൈ പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ എട്ട് മാസത്തിനിടെ 10,000-ലധികം പിഴകളാണ് ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കിയത്. ഇ-സ്‌കൂട്ടറുകളുടെ അനുചിതമായ ഉപയോഗം കാരണം 32 അപകടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പരുക്കുകളില്‍ രണ്ടെണ്ണം ഗുരുതരവും 14 മിതമായതും 13 എണ്ണം നിസ്സാരവുമാണെന്ന് ദുബൈ ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു.

അബൂദബിയില്‍ നടന്ന പരിപാടിയില്‍ ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിലെ അസിസ്റ്റന്റ് താരിഖ് മുഹമ്മദ് ഹമിദാന്‍ ശൈത്യകാല അവധിക്കാലത്ത് കുട്ടികളെ നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഡ്രൈവിംഗിനിടെ വാഹനങ്ങളില്‍ നിന്നുള്ള മാലിന്യം റോഡിലേക്ക് വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും താരിഖ് മുഹമ്മദ് ഹമിദാന്‍ പറഞ്ഞു. ഇത്തരമൊരു ലംഘനമുണ്ടായാല്‍, ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 71 ബാധകമാവുകയും 1,000 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകള്‍ ഈടാക്കുകയും ചെയ്യും.

 

Latest