Cover Story
ഹര്‍ഷാരവത്തോടെ ഡല്‍ഹി റമസാന്‍
പെരുന്നാളിനെ വരവേല്‍ക്കുന്നത് പോലെ ഡല്‍ഹി വിശുദ്ധ മാസത്തെ വരവേൽക്കുന്നു. ചുറ്റും മനുഷ്യര്‍, റിക്ഷകള്‍, കടകള്‍, നൂറുകൂട്ടം ഭക്ഷണ വിഭവങ്ങള്‍. മീനാ ബസാറും ചൗരി ബസാറും മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ഒരുപാട് നല്ല മനുഷ്യരുണ്ട് നമുക്ക് ചുറ്റും. റമസാനിലെ ആത്മീയ ധന്യമായ മനസ്സോടെ ചുറ്റുമുള്ള മനുഷ്യരെ നോക്കുമ്പോള്‍ ഇങ്ങനെ നമ്മെ അത്ഭുതപ്പെടുത്തുന്ന ചിലരെ നമുക്ക് കാണാന്‍ കഴിയും. തിരിച്ചുനടക്കുമ്പോഴും ഡല്‍ഹി ജുമാ മസ്ജിദിലേക്കുള്ള റോഡില്‍ ആളുകളുടെ ഒഴുക്കാണ്. ഈ നഗരത്തിലെത്തുന്ന മനുഷ്യര്‍ക്ക് മനോഹരമായ റമസാന്‍ കാലം സമ്മാനിക്കാന്‍ ഈ ഹര്‍ഷാരവം ധാരാളം.
ദരിയാഗഞ്ചില്‍ നിന്ന് ഡല്‍ഹി ജുമാ മസ്ജിദിലേക്കുള്ള വഴിയില്‍ എന്നും തിരക്കാണ്. വിശുദ്ധ റമസാന്‍ വന്നപ്പോള്‍ ഈ തെരുവിലുടനീളം ആളുകളുടെ ഒഴുക്ക് കൂടി. വ്യത്യസ്ത നിറങ്ങള്‍ കൊണ്ട് തെരുവ് അലങ്കരിച്ചിരിക്കുന്നു. ഉറുദു ബസാറിന് – അങ്ങനെയാണ് ജമാ മസ്ജിദിലേക്കുള്ള റോഡിന്റെ പേര് – റമസാനില്‍ ചന്തം കൂടുതലാണ്. ജനങ്ങളുടെ ആരവമാണ് ചുറ്റും. നോമ്പിന്റെ വശ്യമായ ആത്മനിര്‍വൃതിയില്‍ മുന്നോട്ടൊഴുകുന്ന ജനങ്ങള്‍. എങ്ങും സന്തോഷം. രാത്രിയിലാണ് ഈ തെരുവിന്റെ സൗന്ദര്യം കൂടുതല്‍ ദൃശ്യമാവുക.
നോന്പിന് തുടക്കമാകുന്നു. മാസം കണ്ടപ്പോള്‍ ഞാന്‍ ദരിയാഗഞ്ചില്‍ നിന്ന് ജുമാ മസ്ജിദിലേക്ക് നടന്നു. തുറന്ന മനസ്സോടെ, റമസാന്‍ ആഗതമായ നിര്‍വൃതിയോടെയാണ് നടത്തം. തണുപ്പാണ്. അന്തരീക്ഷത്തില്‍ പൊടിപടലങ്ങളുണ്ട്. പെരുന്നാളിനെ വരവേല്‍ക്കുന്നത് പോലെ ഡല്‍ഹി വിശുദ്ധ മാസത്തെ വരവേൽക്കുന്നു. ചുറ്റും മനുഷ്യര്‍. റിക്ഷകള്‍. കടകള്‍. നൂറുകൂട്ടം ഭക്ഷണ വിഭവങ്ങള്‍. തണുപ്പിന്റെ നേര്‍ത്ത തെന്നല്‍ എന്നെ തലോടി കടന്നുപോകുന്നുണ്ട്. എല്ലാ വിഭാഗം മനുഷ്യരെയും ചേര്‍ത്തുപിടിച്ച്, റമസാനിനെ വരവേല്‍ക്കാന്‍ ഈ നഗരം ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. മീനാ ബസാറും ചൗരി ബസാറും മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.
ജുമാ മസ്ജിദില്‍ നിന്ന് മഠിയാമഹലിലേക്കുള്ള വഴിയിലുടനീളം ഈത്തപ്പഴ വില്‍പ്പനക്കാര്‍ ഇടംപിടിച്ചിരിക്കുന്നു.
സഊദിയില്‍ നിന്നെത്തിയ നല്ല മധുരമുള്ള ഈത്തപ്പഴങ്ങള്‍. വ്യത്യസ്ത നിറത്തിലും വിലയിലുമുള്ള ഈത്തപ്പഴങ്ങള്‍ മനോഹരമായി പാക്ക് ചെയ്തിരിക്കുന്നു. ചില കച്ചവടക്കാര്‍ കുന്നുപോലെ ഈത്തപ്പഴം കൂട്ടിയിട്ടിട്ടുണ്ട്. ഈ തെരുവിന് വല്ലാത്തൊരു മണമാണ്. ഡല്‍ഹിയുടെ ചൂരും തണുപ്പും ആത്മീയതയും ശബ്ദമുഖരിതമായ അന്തരീക്ഷവും ഇവിടുത്തെ മനുഷ്യരും പകരുന്ന മണം. കബാബിന്റെ കടകളാണ് ഈ തെരുവിനെ ഏറെ ആകര്‍ഷകമാക്കുന്നത്. ചിക്കനും ബീഫും തീയില്‍ വേവിച്ചെടുത്ത് നല്ല പാകമാകുമ്പോള്‍ പൊതീന ചട്ണിയുടെ കൂടെ വിളമ്പും. അത് നല്ല ചൂടോടെയാണ് കഴിക്കേണ്ടത്.
ഞാന്‍ നേരെ പോയത് ജുമാ മസ്ജിദിലേക്കാണ്. പ്രധാന കവാടത്തിലെ നീണ്ട പടികള്‍ കടന്ന് മസ്ജിദിനുള്ളിലേക്ക് കടക്കുമ്പോള്‍ ഇശാ വാങ്ക് കൊടുക്കുന്നുണ്ട്. മുസ്‌ലിം ഭരണത്തിന് കീഴിലെ പ്രൗഢി വിളിച്ചോതുന്ന പരിസരമാണ് മസ്ജിദിനുള്ളില്‍ കാണാന്‍ കഴിയുന്നത്. വാങ്കിന്റെ ഈണവും മധുരവും ഒരു പ്രതാപകാലത്തിന്റെ മനോഹരമായ കഥകള്‍ നമ്മോട് വിളിച്ചുപറയും. ഡല്‍ഹി ജുമാ മസ്ജിദ് നിര്‍മിച്ച ചുവപ്പ് നിറത്തിലുള്ള അതേ കല്ലുകളാണ് മുറ്റത്തും വിരിച്ചിരിക്കുന്നത്. കാലിനടിയിലൂടെ തണുപ്പ് അരിച്ചുകയറാന്‍ തുടങ്ങി. വിശാലമായ മുറ്റത്തിന് നടുവില്‍ മനോഹരമായി പണികഴിപ്പിച്ച ഹൗള്. പച്ച നിറത്തിലുള്ള തണുത്ത വെള്ളമാണ് അതില്‍. അംഗശുദ്ധിവരുത്തി. വെള്ളത്തിനും നല്ല തണുപ്പുണ്ട്. എനിക്ക് ചുറ്റുമിരുന്ന് വുളു എടുക്കുന്നവരില്‍ കൂടുതലും വൃദ്ധരാണ്. ചുക്കിച്ചുളിഞ്ഞ തൊലിയുള്ളവര്‍. അവരുടെ ആവേശം എന്നെ അതിശയിപ്പിച്ചു. വുളു എടുത്ത് എഴുന്നേറ്റപ്പോള്‍ തെന്നി വീഴാന്‍ പോയ ഒരു വൃദ്ധന്റെ കൈ ഞാന്‍ പിടിച്ചു. അയാള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.
ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദിന്റെ നിര്‍മാണം 1644 നും 1656നുമിടയിലാണ് നടക്കുന്നത്. അയ്യായിരത്തിലധികം തൊഴിലാളികള്‍ പന്ത്രണ്ട് വര്‍ഷക്കാലം സമയമെടുത്താണ് നിര്‍മാണം പൂർത്തിയാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദുകളിലൊന്നായ ഇവിടെ ഇരുപത്തി അയ്യായിരം പേര്‍ക്ക് നിസ്‌കരിക്കാം.
നാൽപ്പത് മീറ്റര്‍ ഉയരമുള്ള രണ്ട് മിനാരങ്ങളുണ്ട്. മൂന്ന് പ്രധാന കവാടങ്ങളും. നയന മനോഹരമായ ദൃശ്യചാരുതയാണ് മസ്ജിദിന്റെ നിര്‍മാണത്തില്‍ നിഴലിച്ചുകാണുന്നത്. പള്ളിയുടെ ചുമരുകളില്‍ പ്രധാനമായും ചുവന്ന മണല്‍ക്കല്ലും വെളുത്ത മാര്‍ബിളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു കാലത്ത് മസ്ജിദിനോട് ചേര്‍ന്ന് ഒരു ഇംപീരിയല്‍ കോളജും ഡിസ്‌പെന്‍സറിയും മദ്റസയുമുണ്ടായിരുന്നു. എന്നാല്‍ 1857 ലെ കലാപങ്ങളില്‍ അവ നശിപ്പിക്കപ്പെട്ടു.
മസ്ജിദിനുള്ളിലെത്തിയപ്പോള്‍ വല്ലാത്തൊരു ആത്മനിര്‍വൃതിയാണ്. സുന്നത്ത് നിസ്‌കരിച്ച് കാത്തിരുന്നു. നമ്മളറിയാതെ തന്നെ ചരിത്രത്തിലേക്കും രാജ്യത്തിന്റെ മുസ്‌ലിം പ്രതാപകാലത്തേക്കും സഞ്ചരിച്ചുപോകും. അക്കാലത്ത് പോയി, ഇക്കണ്ട ഭീമാകാരമായ, മനോഹരമായ നിര്‍മിതികളൊക്കെ ഉണ്ടാക്കിയ ഷാജഹാന്‍ ചക്രവര്‍ത്തിയെ നന്ദിയോടെ ഓര്‍ത്തുപോകും.
ജുമാ മസ്ജിദിന് പുറമേ, തൊട്ടപ്പുറത്തുള്ള ചെങ്കോട്ടയും ആഗ്രയിലെ താജ്മഹലും മോട്ടി മസ്ജിദുമെല്ലാം ഷാജഹാന്‍ നിര്‍മിച്ചതാണ്. ചിന്തകള്‍ കൂടുതല്‍ ആഴത്തിലേക്ക് പോകുമ്പോഴാണ് നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങൾ കെട്ടിപ്പൊക്കിയത് മുഗള്‍ രാജാക്കന്മാരാണ്. അവരിവിടെ നിര്‍മിച്ച വശ്യമനോഹരമായ നിര്‍മിതികളാണ് ഇന്നും ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്നത്. ആ ചരിത്രത്തിലേക്ക് ആണ്ടിറങ്ങി തിരിച്ചെത്തിയപ്പോഴേക്കും തറാവീഹ് നിസ്‌കരിക്കാന്‍ ഇമാം കടന്നുവന്നു. അതൊരു വരവാണ്. തലയെടുപ്പോടെ ജുമാ മസ്ജിദ് ശാഹി ഇമാം കടന്നു വന്നു. അദ്ദേഹത്തിന്റെ ഇരുവശത്തും അംഗരക്ഷകരുണ്ട്.
ഇശാ നിസ്‌കാരത്തിന് ശേഷം, ഇരുപത് റകഅത്ത് തറാവീഹ് നിസ്‌കാരം. ഒരു ജുസ്അ് ഓതുന്ന രീതിയാണ്. ഡല്‍ഹിയിലെ ഒട്ടുമിക്ക പള്ളിയിലും ഇതേ രീതിയാണ് ഇമാമുമാര്‍ പിന്തുടരുന്നത്. ഈ വിശുദ്ധ മാസം തീരുമ്പോഴേക്കും തറാവീഹ് നിസ്‌കാരത്തില്‍ തന്നെ ഖുര്‍ആന്‍ പൂര്‍ണമായും ഒതിയിട്ടുണ്ടാകും. ശാഹി ഇമാമിന്റെ വശ്യമനോഹരമായ ഖുര്‍ആന്‍ പാരായണം മൈക്കിലൂടെ തെരുവോരങ്ങളെ ഹര്‍ഷപുകളിതമാക്കി. നിസ്‌കാര ശേഷം റമസാന്‍ വിരുന്നെത്തിയ വിശേഷങ്ങള്‍ പങ്കുവെച്ച് ശാഹി ഇമാം ഉറുദുവില്‍ സംസാരിച്ചു. എല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിക്കേണ്ട മാസമാണ് ഇതെന്നും പാപങ്ങളില്‍ നിന്ന് മാറിനിന്ന് കൂടുതല്‍ നന്മകള്‍ ചെയ്യണമെന്നും അദ്ദേഹം ഉപദേശിച്ചു.
നിസ്‌കാരം കഴിഞ്ഞ് വീണ്ടും തെരുവിലേക്ക്. നല്ല വിശപ്പുണ്ട്. യുവാക്കളെല്ലാം തൊപ്പി ധരിച്ചിട്ടുണ്ട്. ആഘോഷത്തിന്റെ ആരവങ്ങളാണ് ചുറ്റും. ഞാന്‍ നേരെ ഖുറേഷി കബാബിലേക്ക് പോയി. ഓള്‍ഡ് ഡല്‍ഹിയിലെ ഏറ്റവും രുചികരമായ കബാബ് ഇവിടെയാണുള്ളത്. അത്യാവശ്യം തിരക്കുണ്ട്. റുമാലി റൊട്ടിയുടെ കൂടെ കബാബ് കഴിക്കുമ്പോള്‍ നാട്ടില്‍ വെച്ച് ബീഫും പൊറോട്ടയും കഴിക്കുന്നത് പോലെയാണ്. അത്രമേല്‍ ഹൃദ്യം. മുഗള്‍ രാജാക്കന്മാര്‍ക്ക് ഭക്ഷണം തയ്യാറാക്കി വിളമ്പിക്കൊടുത്ത പാരമ്പര്യമുള്ള കരിംസില്‍ പക്ഷേ കൊട്ടിഘോഷിക്കുന്ന പോലെ സംഭവമായി തോന്നിയില്ല. അവിടുത്തെ മട്ടന്‍ നിഹാരിക്ക് അത്ര രുചിയുമില്ല. ഒരു മുഹബ്ബത്ത് കാ സര്‍ബത്തും കുടിച്ച് ഞാന്‍ തിരിച്ചുനടന്നു.
അത്താഴത്തിന് – സഹ്‌രിക്ക് – എന്താണ് കഴിക്കുക എന്നതായിരുന്നു ചിന്ത. പുലര്‍ച്ചെ അത്താഴത്തിന് ഡല്‍ഹിക്കാര്‍ കഴിക്കുന്നത് പാല്‍ കൊണ്ടുള്ള ഒരു വിഭവമാണ് – കച്‌ല. നന്നായി വറുത്തെടുത്ത സേമ്യം (ഫേനി) തിളപ്പിച്ച പാലിലൊഴിച്ചാണ് കച്‌ല ഉണ്ടാക്കുന്നത്. ഇതിലേക്ക് പഞ്ചസാരയും ഈത്തപ്പഴവും നട്‌സും ഇട്ടാണ് ചിലര്‍ അത്താഴം കഴിക്കുന്നത്. ഇത് ഏറെ സവിശേഷമായ വിഭവമാണ്. നിരവധി കടകളില്‍ കച്‌ല ഉണ്ടാക്കുന്ന ഫേനി വില്‍ക്കുന്നുണ്ട്. കച്‌ലയോടൊപ്പം ബ്രഡും റൊട്ടിയും കഴിക്കുന്നവരുമുണ്ട്. ഇന്ത്യാ-പാക് വിഭജനത്തിന് മുമ്പേ ഏറെ ജനകീയമായിരുന്നു ഈ വിഭവം. ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെ സവിശേഷമായി കണ്ടിരുന്ന കച്‌ല സൗഹാര്‍ദത്തിന്റെയും പരസ്പരം പങ്കുവെക്കലിന്റെയും കൂടി ഭക്ഷണമാണ്.
നേരെ ഹാഫിസിന്റെ കടയിലേക്ക് പോയി. അദ്ദേഹത്തിന് ചെറിയൊരു കടയാണുള്ളത്. പക്ഷേ, നല്ല വൃത്തിയും നല്ല ഭക്ഷണവും അവിടെ കിട്ടും. ചിക്കനാണ് പ്രധാന വിഭവം. ബിരിയാണിയും കബാബും തന്തൂരിയും അഫ്ഗാനിയുമെല്ലാം നന്നായി പാചകം ചെയ്യുന്ന, നല്ല പെരുമാറ്റമുള്ള യുവാവാണ് ഹാഫിസ് റഹ്‌മാന്‍. ഉത്തര്‍പ്രദേശ് സ്വദേശിയാണ്. ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിയ മൗലാനയാണ്. ഇപ്പോള്‍ ഈ കട നടത്തുന്നു. എന്നെങ്കിലുമൊരിക്കല്‍ കേരളത്തില്‍ വരണമെന്നാണ് ഹാഫിസിന്റെ ഒരു സ്വപ്നം.
അത്താഴത്തിന് കഴിക്കാന്‍ ബിരിയാണി ആവശ്യപ്പെട്ടു. അത് വേണ്ടെന്ന് അദ്ദേഹം. രാവിലെ ഉണ്ടാക്കിയതാണ്. പുലര്‍ച്ചെ അത്താഴത്തിന് അത് കേടുവരും. നാളെ മുതല്‍ ബിരിയാണി വൈകിട്ടാണ് ഉണ്ടാക്കുക. അപ്പോള്‍ അത്താഴത്തിന് വേണ്ടി കൊണ്ടുപോകാം. അപ്പോള്‍ ലൈവായി ഉണ്ടാക്കിയ അഫ്ഗാനി ചിക്കന്‍ എന്റെ കൈയില്‍ വെച്ച് ഹാഫിസ് പുഞ്ചിരിച്ചു. ഒരുപാട് നല്ല മനുഷ്യരുണ്ട് നമുക്ക് ചുറ്റും. റമസാനിലെ ആത്മീയധന്യമായ മനസ്സോടെ ചുറ്റുമുള്ള മനുഷ്യരെ നോക്കുമ്പോള്‍ ഇങ്ങനെ നമ്മെ അത്ഭുതപ്പെടുത്തുന്ന ചിലരെ നമുക്ക് കാണാന്‍ കഴിയും. തിരിച്ചുനടക്കുമ്പോഴും ഡല്‍ഹി ജുമാ മസ്ജിദിലേക്കുള്ള റോഡില്‍ ആളുകളുടെ ഒഴുക്കാണ്. ഈ നഗരത്തിലെത്തുന്ന മനുഷ്യര്‍ക്ക് മനോഹരമായ റമസാന്‍ കാലം സമ്മാനിക്കാന്‍ ഈ ഹര്‍ഷാരവം ധാരാളം.
.



