Connect with us

National

ഡല്‍ഹിയില്‍ വായുഗുണനിലവാരം ഗുരുതരാവസ്ഥയില്‍ തുടരുന്നു

വരും ദിവസങ്ങളില്‍ സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയില്ലെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ വായുഗുണനിലവാരം ഗുരുതരാവസ്ഥയില്‍ തുടരുന്നു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 360 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയില്ലെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിലെ (ഐഎംഡി) ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹിയിലെ ശാന്തമായ കാറ്റും താഴ്ന്ന താപനിലയും മലിനീകരണ തോത് വര്‍ധിപ്പിക്കുന്നതിന് അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ഡല്‍ഹിയിലെ ശരാശരി എക്യുഐ 419 ആയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഡല്‍ഹിയിലുണ്ടായ വായു മലിനീകരണത്തിന് കാരണം വാഹനത്തില്‍ നിന്നുള്ള പുറന്തള്ളല്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഇത് മൊത്തം മലിനീകരണത്തിന്റെ 25 ശതമാനം വരുമെന്നും ഡല്‍ഹി സര്‍ക്കാരും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാണ്‍പൂരും നല്‍കിയ കണക്കുകള്‍ പറയുന്നു.

പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയുടെ നിര്‍ദേശപ്രകാരം ഡല്‍ഹി സര്‍ക്കാര്‍ വ്യാഴാഴ്ച പ്രത്യേക ആറംഗ ദൗത്യസേന രൂപീകരിച്ചു. നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക, നിരീക്ഷണ ശ്രമങ്ങള്‍ സുഗമമാക്കുക, മോശമായിരിക്കുന്ന എക്യുഐയുടെ റിപ്പോര്‍ട്ടുകള്‍ സമാഹരിക്കുക എന്നിവയാണ് ഈ ആറംഗ സംഘത്തിന്റെ ചുമതല.