Connect with us

From the print

റാലിയിലേക്ക് ലീഗിനെ ഇനിയും ക്ഷണിക്കുമെന്ന് സി പി എം

തടസ്സം മാറ്റേണ്ടത് ലീഗെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍

Published

|

Last Updated

കോഴിക്കോട് | സി പി എമ്മിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ഇനിയും ക്ഷണിക്കുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. സി പി എം വേദിയില്‍ പങ്കെടുക്കാനുള്ള സാങ്കേതിക തടസ്സം മാറ്റേണ്ടത് ലീഗ് നേതൃത്വമാണ്. സി പി എം റാലിയോട് ലീഗിന്റെ നിലപാട് പോസിറ്റീവാണ്. പി കെ കുഞ്ഞാലിക്കുട്ടി റാലിക്ക് ആശംസ നേര്‍ന്നിട്ടുണ്ട്. എല്ലാ വിഭാഗം ആളുകളും പങ്കെടുക്കേണ്ടതാണെന്ന് അദ്ദേഹം പറയുകയും ചെയ്തു.

തങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാങ്കേതിക രാഷ്ട്രീയ സാഹചര്യമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മോഹനന്‍ വ്യക്തമാക്കി. സാങ്കേതിക തടസ്സങ്ങള്‍ നീക്കി പങ്കെടുക്കാന്‍ സാധിക്കട്ടെയെന്നും മോഹനന്‍ പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തും റാലിയില്‍ പങ്കെടുക്കണമെന്നാണ് സി പി എം ആഗ്രഹിക്കുന്നത്. പക്ഷേ, ഷൗക്കത്തിന്റെ പ്രതികരണങ്ങള്‍ നോക്കിയാകും സംഘാടക സമിതി ഔദ്യോഗികമായി അദ്ദേഹത്തെ ക്ഷണിക്കുക.

ഫലസ്തീന്‍ റാലിയിലൂടെ സി പി എമ്മിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. റാലി പ്രതിപക്ഷത്തിന് നഷ്ടമാകുമെന്നും വി ഡി സതീശന് മറുപടിയായി അദ്ദേഹം പറഞ്ഞു. 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ക്രൈസ്തവ സഭകളെ ക്ഷണിച്ചിട്ടില്ല.

 

Latest