Connect with us

Articles

കുരുന്നുകള്‍ ഇനിയും ഇരകളാകരുത്

കേരളത്തില്‍ അഞ്ച് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 146 കുട്ടികളാണെന്നാണ് ഔദ്യോഗിക കണക്ക്. ചില കുട്ടികള്‍ കൊല്ലപ്പെട്ടത് ലൈംഗിക പീഡനത്തിനിടയിലാണെങ്കില്‍ മറ്റുചില കുട്ടികള്‍ കൊലചെയ്യപ്പെട്ടത് ലഹരിക്കടിപ്പെട്ടവരുടെ അക്രമങ്ങള്‍ മൂലമാണ്. 2022ല്‍ കുട്ടികള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത് 5,315 കേസുകളാണ്. കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗികാതിക്രമ കേസുകളും പെരുകുകയാണ്.

Published

|

Last Updated

കുഞ്ഞുങ്ങള്‍ക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും തടയാന്‍ ശക്തമായ നിയമമുള്ള നാടാണ് നമ്മുടേത്. എന്നിട്ടും കുട്ടികള്‍ക്കെതിരായ ക്രൂരകൃത്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അരുംകൊലകള്‍ക്കും ലൈംഗിക പീഡനങ്ങള്‍ക്കും മറ്റുവിധത്തിലുള്ള അക്രമങ്ങള്‍ക്കും കുരുന്നുകള്‍ ഇരകളായിക്കൊണ്ടേയിരിക്കുന്നു. നിയമ നടപടികള്‍ക്കു പുറമെ ബാലാവകാശ കമ്മീഷന്റെയും ശിശുക്ഷേമ സമിതിയുടെയും പ്രവര്‍ത്തനങ്ങള്‍ കൂടി ഉണ്ടായിട്ട് പോലും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ഷം തോറും കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ല. കേരളത്തില്‍ ഇതുവരെ കുട്ടികള്‍ക്കെതിരെ സംഭവിച്ചതില്‍ വെച്ച് ഏറ്റവും വലിയ പാതകമാണ് കഴിഞ്ഞയാഴ്ച ആലുവയില്‍ നടന്നത്. അതിക്രൂരവും പൈശാചികവുമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഈ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്ന് നമ്മുടെ നാട് ഇനിയും മുക്തമായിട്ടില്ല. മനുഷ്യമനസ്സാക്ഷിയെ ഈ സംഭവം നിരന്തരം വേട്ടയാടുകയും നൊമ്പരപ്പെടുത്തുകയും അതോടൊപ്പം ഭീതിപ്പെടുത്തുകയും ചെയ്യുന്നു. ആലുവയില്‍ അതിഥി തൊഴിലാളി കുടുംബത്തില്‍പ്പെട്ട അഞ്ച് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം കേരളത്തിനുണ്ടാക്കിയിരിക്കുന്നത് വലിയ അപഖ്യാതി തന്നെയാണ്. നാളിതുവരെ യു പിയിലും ഗുജറാത്തിലും ബിഹാറിലുമൊക്കെ ഇത്തരം ക്രൂരകൃത്യങ്ങളുണ്ടാകുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ചവരാണ് നമ്മള്‍ മലയാളികള്‍. കേരളത്തില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന സ്വകാര്യ അഹങ്കാരം നമുക്കുണ്ടായിരുന്നു. ആ അഭിമാനം ഇപ്പോഴിതാ വലിയ അപമാനത്തിലേക്കും അപരാധത്തിലേക്കും വഴിമാറിയിരിക്കുകയാണ്.

ആലുവയില്‍ ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള പെണ്‍കുഞ്ഞിനെ മറ്റൊരു ഇതര സംസ്ഥാനക്കാരന്‍ മധുരം നല്‍കി പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ബലാത്സംഗവും കൊലപാതകവും എത്രത്തോളം ക്രൂരമാകാമോ അത്രക്കും പൈശാചികമായിട്ടായിരുന്നു രണ്ട് കൃത്യങ്ങളുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന അന്വേഷണ റിപോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. കുഞ്ഞിന്റെ സ്വകാര്യ ഭാഗത്തും ആന്തരികാവയവങ്ങള്‍ക്കും മാരകമായ മുറിവേറ്റിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. കൊലക്ക് ശേഷം മൃതദേഹത്തില്‍ കല്ലെടുത്തിട്ട് വികൃതമാക്കുക കൂടി ചെയ്തു. ആലുവ മാര്‍ക്കറ്റിനടുത്തുള്ള മാലിന്യക്കൂമ്പാരത്തില്‍ ആ കുഞ്ഞുശരീരം തള്ളിയ ശേഷമാണ് പ്രതി ഒന്നും സംഭവിക്കാത്തതുപോലെ തിരിച്ചുപോയത്.

സംഭവത്തില്‍ പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുകയെന്ന പരമപ്രധാനമായ ലക്ഷ്യം നിറവേറ്റാന്‍ കഴിയാതിരുന്നത് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച തന്നെയായി വിമര്‍ശിക്കപ്പെടുന്നുണ്ട്. അസ്വാഭാവികമായ സാഹചര്യത്തില്‍ കുഞ്ഞിനെയും കൊണ്ട് പ്രതി പോകുന്നത് കണ്ടവര്‍ ഇത് തടയാന്‍ ശ്രമിക്കാതിരുന്നതും ചര്‍ച്ചാവിഷയമാണ്. കേസില്‍ അറസ്റ്റിലായ പ്രതി ലഹരിക്ക് അടിമ കൂടിയാണെന്നത് ഈ ക്രൂരതയുടെ ഗൗരവം ഒന്നുകൂടി വര്‍ധിപ്പിക്കുന്നു.

കേരളത്തില്‍ അഞ്ച് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 146 കുട്ടികളാണെന്നാണ് ഔദ്യോഗിക കണക്ക്. ചില കുട്ടികള്‍ കൊല്ലപ്പെട്ടത് ലൈംഗിക പീഡനത്തിനിടയിലാണെങ്കില്‍ മറ്റുചില കുട്ടികള്‍ കൊലചെയ്യപ്പെട്ടത് ലഹരിക്കടിപ്പെട്ടവരുടെ അക്രമങ്ങള്‍ മൂലമാണ്. 2022ല്‍ കുട്ടികള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത് 5,315 കേസുകളാണ്. കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗികാതിക്രമ കേസുകളും പെരുകുകയാണ്. കുടുംബങ്ങളില്‍ ദമ്പതികള്‍ തമ്മിലുള്ള കലഹങ്ങള്‍ക്കിടയില്‍ ജീവന്‍ നഷ്ടമാകുന്ന കുട്ടികളുമുണ്ട്. ഭര്‍തൃവീടുകളില്‍ പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യയില്‍ അഭയം തേടുന്ന നിരവധി സംഭവങ്ങളും ഈ കാലയളവുകളില്‍ ഉണ്ടായിട്ടുണ്ട്. കടബാധ്യതയും മറ്റ് പ്രശ്‌നങ്ങളും നേരിടുന്ന രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ കൊലപ്പെടുത്തിയാണ് സ്വയം ഹത്യയുടെ മാര്‍ഗം തിരഞ്ഞെടുക്കുന്നത്. അങ്ങനെ സമൂഹത്തിലും കുടുംബത്തിലും സംഭവിക്കുന്ന അപചയങ്ങളുടെ ബലിയാടുകളായി നിരവധി കുരുന്നുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.

സംസ്ഥാനത്ത് കുട്ടികളെ ലക്ഷ്യമിട്ടുള്ള ബലാത്സംഗങ്ങളും കൊലപാതകങ്ങളും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണം ലഹരിവ്യാപനം തന്നെയാണ്. മദ്യത്തിന് പുറമെ കഞ്ചാവും എം ഡി എം എ പോലുള്ള മാരകമായ മയക്കുമരുന്നുകളും ഇപ്പോള്‍ സുലഭമാണ്. മദ്യവും കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നവരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ചതോടെ കുറ്റകൃത്യങ്ങള്‍ക്കും ആക്കം കൂടുന്നു. ഇത്തരക്കാരുടെ ക്രൂരതകള്‍ക്ക് കൂടുതലും ഇരകളാകുന്നത് കുഞ്ഞുങ്ങളാണ്. ഈയിടെയാണ് കേരളത്തില്‍ തന്നെ ഒരു പിതാവ് തന്റെ പിഞ്ചുകുഞ്ഞിനെ മദ്യലഹരിയില്‍ വെട്ടിക്കൊന്ന ദാരുണ സംഭവമുണ്ടായത്. കുഞ്ഞുങ്ങളെ കൂടാതെ സ്ത്രീകളെയും വയോജനങ്ങളെയും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്നവര്‍ കൊലപ്പെടുത്തുന്ന സംഭവങ്ങളും കേരളത്തില്‍ കൂടിവരുന്നു.

കേരളത്തില്‍ നടക്കുന്ന പല കുറ്റകൃത്യങ്ങളിലും ഇതര സംസ്ഥാനക്കാര്‍ക്കിടയിലെ ക്രിമിനലുകള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. സംസ്ഥാനത്ത് താമസിക്കുന്ന ഇതര സംസ്ഥാനക്കാരെ കുറിച്ചുള്ള കൃത്യമായ കണക്ക് പോലും സര്‍ക്കാറിന്റെ പക്കലില്ല. ദാരുണ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. പെരുമ്പാവൂരിലെ ജിഷ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട സംഭവമുണ്ടായപ്പോള്‍ കേരളത്തില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമായിരുന്നു. സംസ്ഥാനത്തെ പല ഭാഗങ്ങളിലും ക്വാര്‍ട്ടേഴ്‌സുകളിലും വാടക വീടുകളിലും കൃത്യമായ പേരും വിലാസവും നല്‍കാതെ നിരവധി ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്നതായി അന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സും വീടും വിട്ടുനല്‍കുന്നവര്‍ രേഖകള്‍ വാങ്ങണമെന്നും ഇവരുടെ വിവരങ്ങള്‍ പോലീസിനെ അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. പിന്നീട് നടപടികളെല്ലാം നിലച്ചു. കേരളത്തില്‍ എത്ര ഇതര സംസ്ഥാനക്കാരുണ്ടെന്നത് സംബന്ധിച്ച് സര്‍ക്കാറിന്റെ പക്കല്‍ കൃത്യമായ കണക്കില്ല.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവും മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുന്നവരില്‍ വലിയൊരു ശതമാനം ഇതര സംസ്ഥാനക്കാര്‍ തന്നെയാണ്. അതിഥി തൊഴിലാളികളുടെ മറവില്‍ ഇതര സംസ്ഥാനത്ത് നിന്നുള്ള കൊടും കുറ്റവാളികള്‍ വരെ താമസിക്കുന്നുണ്ട്. ഇവരെ തിരിച്ചറിയാന്‍ കഴിയാത്തതിനാലാണ് ഇവരുടെ ഭാഗത്ത് നിന്നുള്ള കുറ്റകൃത്യങ്ങളും തടയാന്‍ സാധിക്കാത്തത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭിക്ഷാടന മാഫിയകളുടെ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ സജീവമാണ്. ഭിക്ഷാടനത്തിന്റെ മറവില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. ഇങ്ങനെ തട്ടിക്കൊണ്ടുപോകലിന് ഇരകളാകുന്ന കുട്ടികളെ അംഗഭംഗം വരുത്തിയാണ് ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത്. ആലുവ സംഭവത്തിന് തലേദിവസം ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ ഒരു കുട്ടിയെ ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാലാണ് കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. അല്ലായിരുന്നെങ്കില്‍ വലിയ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു.
കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങളുമായി ബന്ധപ്പെട്ട് 2018 മുതല്‍ 2022 വരെയുള്ള കാലയളവുകളിലായി 111 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്താന്‍ അധികാരികള്‍ക്കും നിയമ വ്യവസ്ഥക്കും പൊതുസമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. അത് ശരിയായ രീതിയില്‍ നിര്‍വഹിക്കപ്പെട്ടാല്‍ കുരുന്നുകള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ സാധിക്കും.

 

---- facebook comment plugin here -----

Latest