Connect with us

khadi board

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

രാഷ്ട്രീയ ചരിത്രരചനയിലാണ്; ഖാദി വിപ്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താന്‍ പ്രയാസം

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. അടിയൊഴുക്കുകള്‍ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയില്‍ വ്യാപൃതനായതിനാലാണ് സ്ഥാനം ഏറ്റെടുക്കാത്തതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 40 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച കാല്‍ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പിന്തുടര്‍ച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയില്‍ രചിക്കാനാവില്ല. വസ്തുതകള്‍ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങള്‍ അറിയുന്നതിന് പഴയ പത്രതാളുകള്‍ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങള്‍ കണ്ടെത്തണമെങ്കില്‍ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍, മാധ്യമ പ്രമുഖര്‍, സമുദായ നേതാക്കള്‍ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും. രണ്ടു വര്‍ഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വിപ്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താന്‍ പ്രയാസമാണ്.

കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാള്‍ മാര്‍ക്‌സ് തന്റെ സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിച്ചത്. തടവില്‍ കിടന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയെ കണ്ടെത്തല്‍ എന്ന മഹത് ഗ്രന്ഥം രചിച്ചത്. ഇതെല്ലാം എനിക്ക് ആത്മവിശ്വാസത്തിനുള്ള പ്രചോദനമാണ്. ഇപ്പോഴും വിപണന മൂല്യമുള്ള രാഷ്ട്രീയ, ചരിത്ര, മാധ്യമ വിദ്യാര്‍ഥികളുടെ റഫറന്‍സ് സഹായിയായ കാല്‍ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് ഡി സി ബുക്‌സ് ഈ മാസം തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ രാജ്യസഭാ സീറ്റിലേക്ക് ചെറിയാന്‍ ഫിലിപ്പിനെ എല്‍ ഡി എഫ് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ജോണ്‍ ബ്രിട്ടാസിനാണ് അവസരം ലഭിച്ചത്. രാജ്യസഭാ സീറ്റ് ചെറിയാന്‍ ആഗ്രഹിച്ചിരുന്നെന്നും ഇത് ലഭിക്കാത്തതില്‍ അതൃപ്തനായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

---- facebook comment plugin here -----

Latest