Kerala
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് മഴക്ക് സാധ്യത
കടലാക്രമണ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
തിരുവനന്തപുരം | ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നേരിയതോ, മിതമായ തോതിലോ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് രാത്രി 11.30 വരെ കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും 0.5 മുതല്‍ 1.2 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
കടലാക്രമണ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.കഴിഞ്ഞ ദിവസം കാലാവസ്ഥാ പ്രവചനം ശരിവെച്ച് തിരുവനന്തപുരം നഗരഭാഗങ്ങളില്‍ രാത്രി 9 മണിയോടെ ശക്തമായ മഴ ലഭിച്ചിരുന്നു. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഉച്ചക്ക് ശേഷം ശക്തമായ മഴയാണ് ലഭിച്ചത്. പാലാ, ഭരണങ്ങാനം, പൂഞ്ഞാര്‍ , മേലുകാവ് , ഈരാറ്റുപേട്ട മേഖലകളിലും മഴ ലഭിച്ചു