Connect with us

Editorial

ഓര്‍ഡിനറി യാത്രക്കാരെ റെയില്‍വേ കാണുന്നില്ലേ?

ഒരു പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ സാധാരണ യാത്രക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനും റെയില്‍വേ ബാധ്യസ്ഥമാണ്. അമിതലാഭം ലക്ഷ്യമാക്കി അവരുടെ ആനുകൂല്യങ്ങള്‍ എടുത്തുകളയുകയും യാത്രാ സൗകര്യങ്ങള്‍ വെട്ടിച്ചുരുക്കുകയും ചെയ്യുന്നത് കടുത്ത അനീതിയാണ്.

Published

|

Last Updated

‘ഒരു ശിക്ഷയായി മാറിയിരിക്കുകയാണ് ട്രെയിന്‍ യാത്ര. സാധാരണക്കാര്‍ കൂടുതലായി ഉപയോഗപ്പെടുത്തുന്ന ട്രെയിനുകളില്‍ നിന്ന് ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ചുകൊണ്ടിരിക്കുകയാണ് ബി ജെ പി സര്‍ക്കാര്‍. നേരത്തേ ബുക്ക് ചെയ്തിട്ടും യാത്രക്കാര്‍ക്ക് സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യാനാകുന്നില്ല. നിന്ന് യാത്ര ചെയ്യാനും ടോയ്ലറ്റുകളില്‍ ഒളിക്കാനും നിര്‍ബന്ധിതരാകുന്നു യാത്രക്കാര്‍’- കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയാണ് തിരക്കേറിയ ട്രെയിനില്‍ ഇരിക്കാന്‍ ഇടമില്ലാതെ ഒരു യാത്രികന്‍ ടോയ്ലറ്റിനുള്ളില്‍ ഉറങ്ങുന്ന ഫോട്ടോ സഹിതം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ ‘എക്സി’ല്‍ ഈ കുറിപ്പിട്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പിക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായാണ് ഈ പോസ്റ്റെങ്കിലും സാധാരണക്കാര്‍ക്ക് ട്രെയിന്‍ യാത്ര ഒരു ദുരിതമായി മാറുന്നുവെന്നത് വസ്തുതയാണ്. നേരത്തേ കൊവിഡിന്റെ മറവില്‍ ജനറല്‍ കോച്ചുകള്‍ വെട്ടിച്ചുരുക്കി പകരം റിസര്‍വ് കോച്ചുകള്‍ ഏര്‍പ്പെടുത്തിയ റെയില്‍വേ ഇപ്പോള്‍ പല സോണുകളിലും ജനറല്‍, സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറച്ച് എ സി കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്. ഓരോ ട്രെയിനിലും പരമാവധിയുള്ള 22 കോച്ചുകളില്‍ 18 എ സി കോച്ചുകളെങ്കിലും ഉണ്ടായിരിക്കണമെന്ന് റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചതായാണ് റിപോര്‍ട്ട്. അധിക വരുമാനമുണ്ടാക്കുകയാണ് റെയില്‍വേയുടെ ലക്ഷ്യം. സാധാരണക്കാരായ യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന നടപടിയാണിത്. ജനറല്‍ കമ്പാര്‍ട്ട്മെന്റുകളുടെ എണ്ണം കുറച്ചതോടെ കാല് കുത്താന്‍ ഇടമില്ലാതെ തിങ്ങിഞെരുങ്ങിയാണ് യാത്ര.

ചെലവ് കുറഞ്ഞ യാത്രാ സംവിധാനമാണ് സാധാരണക്കാര്‍ക്കും വരുമാനം കുറഞ്ഞ കുടിയേറ്റ തൊഴിലാളികള്‍ക്കും റെയില്‍വേ. ജനറല്‍ കോച്ചുകളുടെ എണ്ണം കുറയുന്നതോടെ യാത്രികര്‍ ഉയര്‍ന്ന നിരക്ക് നല്‍കി എ സി കോച്ചുകളില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. ജനറല്‍/ സ്ലീപ്പര്‍ കോച്ചുകളിലെയും എ സി കോച്ചുകളിലെയും ടിക്കറ്റ് നിരക്കില്‍ കാര്യമായ അന്തരമുണ്ട്. ദൂരം കൂടുന്നതിനനുസരിച്ച് ആനുപാതികമായി ഈ വ്യത്യാസം വര്‍ധിക്കുകയും യാത്രാ ചെലവ് ഗണ്യമായി വര്‍ധിക്കുകയും ചെയ്യും.

കൊവിഡിന്റെ പേരില്‍ നിര്‍ത്തലാക്കിയ മുതിര്‍ന്ന യാത്രക്കാര്‍ക്കുള്ള യാത്രാ നിരക്കിലെ ഇളവുകള്‍ റെയില്‍വേ ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. നേരത്തേ 60 വയസ്സായ പുരുഷന്മാര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും ടിക്കറ്റ് നിരക്കില്‍ 40 ശതമാനവും 58 വയസ്സായ സ്ത്രീകള്‍ക്ക് 50 ശതമാനവും ഇളവ് അനുവദിച്ചിരുന്നു. കൊവിഡിനെ തുടര്‍ന്ന് 2020ല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയത്. രോഗവ്യാപനം തടയുന്നതിന് യാത്ര കുറക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ നടപടിയെന്നായിരുന്നു അന്ന് റെയില്‍വേ നല്‍കിയ വിശദീകരണം. ലോക്ക്ഡൗണ്‍ പിന്‍വലിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇളവുകള്‍ പുനഃസ്ഥാപിക്കാന്‍ റെയില്‍വേ തയ്യാറായിട്ടില്ല. പാര്‍ലിമെന്റിന്റെ ഇരുസഭകളിലും ഈ പ്രശ്നം ഉന്നയിക്കപ്പെട്ടപ്പോള്‍ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു റെയില്‍വേ മന്ത്രി. ഇളവ് പിന്‍വലിച്ചത് മൂലം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 5,875 കോടി ലാഭമുണ്ടാക്കിയതായി വിവരാവകാശ നിയമപ്രകാരം മധ്യപ്രദേശ് സ്വദേശി ചന്ദ്രശേഖര്‍ ഗൗറിന് നല്‍കിയ ചോദ്യത്തിനുള്ള മറുപടിയില്‍ റെയില്‍വേ വ്യക്തമാക്കിയിരുന്നു. ഈ അധികലാഭം നിലനിര്‍ത്തുകയാണ് ഇളവ് പുനഃസ്ഥാപിക്കാത്തതിനു പിന്നില്‍.

സുരക്ഷിതത്വമില്ലായ്മയാണ് റെയില്‍വേ യാത്രക്കാരുടെ മറ്റൊരു പ്രശ്നം. ട്രെയിനുകളില്‍ മോഷണവും അക്രമവും വര്‍ധിച്ചിരിക്കുന്നു. മൂന്നാഴ്ച മുമ്പാണ് യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ്സിന്റെ എ സി കോച്ചില്‍ സേലത്തിനു സമീപം വന്‍കവര്‍ച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ പണവും മൊബൈല്‍ ഫോണുകളും ആഭരണങ്ങളും നഷ്ടപ്പെട്ടു. രാത്രി യാത്രക്കാര്‍ ഉറങ്ങുന്ന സമയത്തായിരുന്നു സംഭവം. സ്ത്രീകള്‍ക്ക് ട്രെയിന്‍ യാത്ര സുരക്ഷിതമല്ലാതായി മാറിയിരിക്കുന്നുവെന്നാണ് മുംബൈ സബര്‍ബന്‍ സെക്്ഷനില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെ പങ്കെടുപ്പിച്ച് റെയില്‍വേ ഡി ജി പി നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്തവരില്‍ 40 ശതമാനവും രേഖപ്പെടുത്തിയത്. യാത്രക്കാര്‍ മാത്രമല്ല, ടി ടി ഇമാരടക്കമുള്ള റെയില്‍വേ ജീവനക്കാര്‍ വരെ അക്രമിക്കപ്പെടുന്നു. ഏപ്രില്‍ മൂന്നിനാണ് എറണാകുളം -പാറ്റ്‌ന എക്സ്പ്രസ്സില്‍ ഉത്തരേന്ത്യക്കാരനായ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ച ടി ടി ഇ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ മറ്റൊരു ടി ടി ഇ അക്രമിക്കപ്പെട്ടു. ഇതേക്കുറിച്ച് പരാതിപ്പെട്ടാല്‍ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലെന്നാണ് അധികൃതരുടെ മറുപടി. ട്രെയിന്‍ യാത്രക്കാരുടെ സംരക്ഷണത്തിന് പ്രത്യേക സേന (ആര്‍ പി എഫ്)യുണ്ട് റെയില്‍വേക്ക്. എന്നാല്‍ ഒരു ട്രെയിനില്‍ ചുരുങ്ങിയത് മൂന്ന് സേനാംഗങ്ങളെങ്കിലും വേണ്ടിടത്ത് ഒരാള്‍ പോലുമുണ്ടാകാറില്ല പല ട്രെയിനുകളിലും.

വന്‍ ലാഭത്തിലാണിപ്പോള്‍ റെയില്‍വേ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2.40 ലക്ഷം കോടി രൂപയുടെ വരുമാനം നേടിയെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ചു 25 ശതമാനമാണ് വരുമാനത്തിലെ വളര്‍ച്ച. ഈ വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിക്കുന്നത് ഇടത്തരക്കാര്‍, കുടിയേറ്റ തൊഴിലാളികള്‍ തുടങ്ങി സാധാരണ യാത്രക്കാരാണ്. അവര്‍ക്കുള്ള യാത്രാ സൗകര്യങ്ങള്‍ ഒന്നൊന്നായി എടുത്തു കളഞ്ഞ് പകരം ഉയര്‍ന്ന ക്ലാസ്സുകാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന വിവേചനപരമായ നിലപാടാണ് റെയില്‍വേ സ്വീകരിക്കുന്നത്. ഒരു പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ സാധാരണ യാത്രക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനും റെയില്‍വേ ബാധ്യസ്ഥമാണ്. അമിതലാഭം ലക്ഷ്യമാക്കി അവരുടെ ആനുകൂല്യങ്ങള്‍ എടുത്തുകളയുകയും യാത്രാ സൗകര്യങ്ങള്‍ വെട്ടിച്ചുരുക്കുകയും ചെയ്യുന്നത് കടുത്ത അനീതിയാണ്.

 

---- facebook comment plugin here -----

Latest