Connect with us

Ongoing News

അല്‍ ബദര്‍ അവാര്‍ഡ് മൂന്നാം പതിപ്പ്; ഒക്ടോബര്‍ 15 വരെ എന്‍ട്രി സമര്‍പ്പിക്കാം

പ്രവാചകന്‍ മുഹമ്മദ് നബി (സ)യോടുള്ള സ്‌നേഹം വളര്‍ത്തിയെടുക്കാനും അവിടുത്തെ മാതൃകാപരമായ ജീവിതത്തെ പ്രകാശിപ്പിക്കാനും ലക്ഷ്യമിട്ടുള്ള അല്‍ ബദര്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമാണ് സംരംഭം.

Published

|

Last Updated

ഫുജൈറ | ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ രക്ഷാകര്‍തൃത്വത്തിലുള്ള അല്‍ ബദര്‍ അവാര്‍ഡിന്റെ മൂന്നാം പതിപ്പ് ആരംഭിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബി (സ)യോടുള്ള സ്‌നേഹം വളര്‍ത്തിയെടുക്കാനും അവിടുത്തെ മാതൃകാപരമായ ജീവിതത്തെ പ്രകാശിപ്പിക്കാനും ലക്ഷ്യമിട്ടുള്ള അല്‍ ബദര്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമാണ് ഈ സംരംഭം. പ്രവാചകന്റെ ശ്രേഷ്ഠമായ സുന്നത്ത് പങ്കുവെക്കാനും അതിന്റെ സഹിഷ്ണുതയുള്ള അധ്യാപനങ്ങള്‍ സമൂഹത്തില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ പ്രചരിപ്പിക്കാനും സംരംഭം ശ്രമിക്കുന്നു.

പ്രാദേശികവും അന്തര്‍ദേശീയവുമായ വിവിധ വിഭാഗങ്ങളുണ്ട് അവാര്‍ഡിന്. എ (6-10 വയസ്സ്), ബി (11-17 വയസ്സ്), യൂത്ത് (18-30 വയസ്സ്) എന്നിങ്ങനെ വിദ്യാര്‍ഥി ഗ്രൂപ്പുകള്‍ക്കാണ് പ്രാദേശിക അവാര്‍ഡ്. യുവജന വിഭാഗത്തിന് കവിത, മള്‍ട്ടിമീഡിയ വിഭാഗങ്ങള്‍ക്കും അന്താരാഷ്ട്ര അവാര്‍ഡിന് എല്ലാ പ്രായക്കാര്‍ക്കും ദേശീയതകള്‍ക്കും അപേക്ഷിക്കാം.

അല്‍ ബദര്‍ അവാര്‍ഡ് അതിന്റെ ആദ്യ പതിപ്പ് മുതല്‍ മഹത്തായ പ്രവാചക മൂല്യങ്ങള്‍ ആഘോഷിക്കുന്നതിനും ഇസ്‌ലാമിക തത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള കഴിവുള്ള വ്യക്തികളെ പ്രചോദിപ്പിക്കുന്നതിനുമായി സമര്‍പ്പിക്കപ്പെട്ട വേദിയാണ്. അഞ്ച് സര്‍ഗാത്മക വിഭാഗങ്ങളിലൂടെ ഇതില്‍ പങ്കെടുക്കാം.

മുഹമ്മദ് നബി (സ)യോടുള്ള ആദരവും ഭക്തിയും പ്രകടിപ്പിക്കുന്നതിനുള്ള കവിത, അറബിക് കാലിഗ്രഫി, റസൂലിന്റെ ജീവചരിത്രവും നേട്ടങ്ങളും ചിത്രീകരിക്കുന്ന പെയിന്റിംഗ്, പ്രവാചക ജീവിതം ഉയര്‍ത്തിക്കാട്ടുന്ന ഹ്രസ്വചിത്രങ്ങളും ആനിമേഷനുകളും പോലെയുള്ള മള്‍ട്ടിമീഡിയ എന്നിവക്കൊപ്പം ഈ വര്‍ഷം മിനിയേച്ചര്‍ ആര്‍ട്ട് വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 15 വരെയാണ് എന്‍ട്രി സമര്‍പ്പിക്കാനുള്ള സമയപരിധി. ഡിസംബറില്‍ നടക്കുന്ന അല്‍ ബദര്‍ ഫെസ്റ്റിവല്‍ എക്സിബിഷനില്‍ വിജയിച്ചതും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടതുമായ എന്‍ട്രികളും പ്രദര്‍ശിപ്പിക്കും. അവാര്‍ഡിന് രജിസ്റ്റര്‍ ചെയ്യുന്നതിന് https://albdr.ae സന്ദര്‍ശിക്കുക.

 

---- facebook comment plugin here -----

Latest