National
എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന ഏർപ്പെടുത്തി എയര്‍ ഇന്ത്യ
പരിശോധന വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് വിവരം.
ഫയൽ ചിത്രം
ന്യൂഡല്‍ഹി| എയര്‍ ഇന്ത്യയിലെ എല്ലാ പൈലറ്റുമാരെയും നിര്‍ബന്ധിത ലഹരി പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനം. ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായ ഗുരുതര വീഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. പരിശോധന വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് വിവരം.
ഡിജിസിഎ നിര്‍ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നിലവില്‍ പാലിക്കുന്നുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. പൈലറ്റുമാര്‍ ലഹരി വസ്തുക്കളോ നിലവിലെ വ്യോമയാന ചട്ടങ്ങള്‍ അനുവദിക്കാത്തതോ ആയ മരുന്നുകളോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധന.
ഈ മാസം അഞ്ചിനാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തിക്കൊണ്ട് എയര്‍ ഇന്ത്യ വിമാനം പറക്കലിനിടെ ആകാശച്ചുഴിയിലേക്ക് പതിച്ചത്. തായ്‌ലന്റിലെ ഫൂക്കറ്റില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനം ഒഡീഷക്ക് മുകളിലൂടെ പറക്കുന്നതിനിടയില്‍ അഞ്ച് മിനിറ്റോളം ശക്തമായ ചുഴിയില്‍ അകപ്പെടുകയും പെട്ടെന്ന് 300 അടി താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു. സംഭവത്തില്‍ യാത്രക്കാരും ജീവനക്കാരുമടക്കം 24 പേര്‍ക്ക് പരുക്കേറ്റിരുന്നു.
അപകടത്തെ തുടര്‍ന്ന് വിമാനത്തിന്റെ ക്യാപ്റ്റനും സഹപൈലറ്റും പരിശോധനക്ക് വിധേയരായി. ക്യാപ്റ്റന്റെ ലഹരി പരിശോധനയില്‍ നിരോധിത ലഹരി വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Content Highlights:
Air India ordered mandatory drug tests for all pilots starting Thursday following a severe turbulence incident on a Phuket-Delhi flight. The flight dropped 300 feet over Odisha, injuring 24 people. Subsequent reports indicated the captain tested positive for a prohibited substance.



