National
അഹമ്മദാബാദ് വിമാനദുരന്തത്തിന് നാളെ ഒരാണ്ട്: നഷ്ടപരിഹാരം കൈപ്പറ്റാൻ ഇരകളുടെ കുടുംബങ്ങൾക്ക് മേൽ സമ്മർദമില്ലെന്ന് എയർ ഇന്ത്യ
അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതുവരെ കുടുംബങ്ങൾക്ക് കാത്തിരിക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ചില കുടുംബങ്ങൾ ഈ രീതിയാണ് തിരഞ്ഞെടുത്തതെന്നും എയർ ഇന്ത്യ
ന്യൂഡൽഹി | അഹമ്മദാബാദിൽ നിന്നും ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിലേക്ക് പുറപ്പെടവേ എയർ ഇന്ത്യയുടെ എ ഐ 171 ബോയിംഗ് 787 ഡ്രീംലൈനർ വിമാനം തകർന്നുണ്ടായ ദരുണ ദുരന്തത്തിന് നാളെ ഒരു വർഷം പൂർത്തിയാകാനിരിക്കെ, നിർണായക വിവരങ്ങൾ പുറത്ത്. അപകടത്തിൽ മരണപ്പെട്ട മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മകൾ രാധികാ രൂപാണിക്ക് എയർ ഇന്ത്യ അയച്ച കത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ മാധ്യമങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. അന്തിമ നഷ്ടപരിഹാരം നിശ്ചിത സമയപരിധിക്കുള്ളിൽ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കുടുംബത്തിന് മേലും സമ്മർദം ചെലുത്തുന്നില്ലെന്ന് എയർ ഇന്ത്യ കത്തിലൂടെ വ്യക്തമാക്കി.
അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതുവരെ കുടുംബങ്ങൾക്ക് കാത്തിരിക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ചില കുടുംബങ്ങൾ ഈ രീതിയാണ് തിരഞ്ഞെടുത്തതെന്നും എയർ ഇന്ത്യ അറിയിച്ചു. നേരത്തെ, ടാറ്റാ സൺസ് മേധാവി എൻ ചന്ദ്രശേഖരന് രാധികാ രൂപാണി കത്തയച്ചിരുന്നു. അപകടത്തെക്കുറിച്ചുള്ള പൂർണ്ണമായ വസ്തുതകൾ അറിയുന്നതിന് മുൻപ് തന്നെ, ഭാവിയിലെ എല്ലാത്തരം നിയമപരമായ അവകാശവാദങ്ങളും സ്ഥിരമായി റദ്ദാക്കുന്ന രേഖകളിൽ ഒപ്പുവെക്കാൻ ആവശ്യപ്പെടുന്നത് ശരിയല്ലെന്നും തങ്ങൾക്ക് നഷ്ടപരിഹാരത്തേക്കാൾ കൂടുതൽ സുതാര്യതയും മറുപടികളുമാണ് ആവശ്യമെന്നും രാധിക കത്തിൽ ഉന്നയിച്ചിരുന്നു.
എന്നാൽ തങ്ങൾ നൽകുന്ന അന്തിമ നഷ്ടപരിഹാര പാക്കേജ് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ സമയപരിധിയും നിശ്ചയിച്ചിട്ടില്ലെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി അപകടത്തിന് തൊട്ടുപിന്നാലെ ഇടക്കാല ആശ്വാസധനം വിതരണം ചെയ്തിരുന്നു. ഇതിന് പുറമെ ടാറ്റാ ഗ്രൂപ്പ് എ ഐ 171 മെമ്മോറിയൽ ആൻഡ് വെൽഫെയർ ട്രസ്റ്റ് രൂപീകരിക്കുകയും അപകടത്തിൽപ്പെട്ട ഭൂരിഭാഗം കുടുംബങ്ങൾക്കും ഒരു കോടി രൂപ സാമ്പത്തിക സഹായം നൽകുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ മറ്റ് കുടുംബാംഗങ്ങളിൽ നിന്നോ വിമാന ഉപകരണ നിർമ്മാതാക്കളിൽ നിന്നോ വിതരണക്കാരിൽ നിന്നോ ഉണ്ടാകാനിടയുള്ള പരോക്ഷമായ അവകാശവാദങ്ങളിൽ നിന്നും എയർ ഇന്ത്യക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കാനാണ് നഷ്ടപരിഹാര രേഖകളിൽ കർശനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും കമ്പനി വ്യക്തമാക്കി.
2025 ജൂൺ 12 ന് ഉണ്ടായ ഈ വൻ വിമാനാപകടത്തിൽ 260 പേർക്കാണ് ജീവൻ നഷ്ടമായത്. നിലവിൽ ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ എ ഐ ബി) ആണ് ഈ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ സി എ ഒ) മാനദണ്ഡങ്ങൾ പ്രകാരം വിമാനം നിർമ്മിച്ച യു എസിലെ ഫെഡറൽ ഏവിയേഷൻ അതോറിറ്റിക്കും (എഫ് എ എ), അന്വേഷണത്തിൽ പങ്കാളികളായ യുകെയുടെ സിവിൽ ഏവിയേഷൻ അതോറിറ്റിക്കും (സി എ ഒ) അന്തിമ റിപ്പോർട്ടിന്റെ കരട് ഇതുവരെ എ എ ഐ ബി കൈമാറിയിട്ടില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിൽ വാർഷിക ദിനമായ ജൂൺ 12 നകം അന്വേഷണസംഘം രണ്ടാമത്തെ പ്രാഥമിക റിപ്പോർട്ട് പുറത്തുവിട്ടേക്കും. അന്തിമ റിപ്പോർട്ട് വരാൻ വൈകുമെന്നതിനാലാണ് നഷ്ടപരിഹാര നടപടികളുമായി കമ്പനി മുന്നോട്ട് പോകുന്നത്.
ഇതുവരെ അപകടത്തിൽപ്പെട്ട 96 ശതമാനം കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വീതം ഇടക്കാല ആശ്വാസധനം എയർ ഇന്ത്യ വിതരണം ചെയ്തിട്ടുണ്ട്. രേഖകൾ അപൂർണ്ണമായത് കൊണ്ടും കുടുംബ തർക്കങ്ങൾ നിലനിൽക്കുന്നത് കൊണ്ടുമാണ് ബാക്കി 4 ശതമാനം പേർക്ക് തുക ലഭിക്കാത്തത്. കൂടാതെ തറയിൽ വെച്ച് പരിക്കേറ്റ 94 ശതമാനം ആളുകൾക്കും പൂർണ്ണമായ നഷ്ടപരിഹാര തുകയോ അല്ലെങ്കിൽ ഇടക്കാല നഷ്ടപരിഹാരമോ നൽകി കഴിഞ്ഞു. ഇരകളുടെ തിരിച്ചറിയാൻ കഴിഞ്ഞ 22,000 ത്തിലധികം വ്യക്തിഗത വസ്‌തുക്കൾ സൂക്ഷ്മതയോടെ പട്ടികപ്പെടുത്തുകയും 139 പേരുടെ കുടുംബങ്ങൾക്ക് അവ കൈമാറുകയും ചെയ്തു. തകർന്ന അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത 25 ഡിജിറ്റൽ ഉപകരണങ്ങളിൽ 16 സ്മാർട്ട് ഫോണുകളും ലാപ്ടോപ്പുകളും പരിശോധനകൾക്ക് ശേഷം കുടുംബങ്ങൾക്ക് തിരികെ നൽകിയിട്ടുണ്ട്. ദുരന്തത്തിന് ശേഷം ടാറ്റാ കമ്പനികളുടെ സി ഇ ഒ മാർ ഇന്ത്യയിലെയും യുകെയിലെയും 152 കുടുംബങ്ങളെ നേരിട്ട് കണ്ട് ആശ്വാസമറിയിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
Content Highlights:
Ahead of the first anniversary of the tragic Air India AI-171 crash, the airline has written to Radhika Rupani, daughter of former Gujarat Chief Minister Vijay Rupani, denying any pressure on families to accept final compensation. The airline clarified that families are completely free to wait until the final Aircraft Accident Investigation Board (AAIB) report is released. Air India has already disbursed an interim compensation of Rs 25 lakh to 96% of the families alongside additional assistance from a dedicated Tata trust.







